സ്റ്റെർലിങ്ങിന് ഹാറ്റ് ട്രിക്ക് ; അഞ്ചടിച്ചു മാഞ്ചസ്റ്റർ സിറ്റി.
95 ഗോളുകൾ വാരിക്കൂട്ടിയതിന് ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ സീസൺ പട്ടം ചൂടി അവസാനിപ്പിച്ചത്. ഈ വർഷവും കാര്യങ്ങൾക്ക് വലിയ മാറ്റം ഒന്നും വരാൻ പോകുന്നില്ല എന്ന സന്ദേശം നൽകി ആദ്യ മത്സരത്തിൽ അവർ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി.
ബ്രസീലിയൻ താരം ഗബ്രിയേൽ ജെസുസ് ആണ് സ്കോറിങ്ങിന് തുടക്കം കുറിച്ചത്. വോക്കർ നൽകിയ ക്രോസ് ചെറിയ ടച്ചിലുടെ അദ്ദേഹം ഗോൾ ആക്കി മാറ്റുകയായിരുന്നു [25′]. 51 ആം മിനുട്ടിൽ സ്റ്റെർലിങ് സിറ്റിയുടെ ലീഡ് ഉയർത്തി. ഡി ബ്രോയന നൽകിയ ത്രൂ പാസ് ഗോളിയുടെ കാലിന്റെ അടിയിലൂടെ അടിച്ചു ഇംഗ്ലീഷ് താരം വലചലിപ്പിക്കുകയായിരുന്നു. ഇരുപത് മിനുട്ട് കഴിഞ്ഞു സ്റ്റെർലിങ് തന്നെ വീണ്ടും ലീഡ് നില ഉയർത്തി. ഇത്തവണ അസ്സിസ്റ് നല്കിയതാവട്ടെ റിയാദ് മഹെറേസും. മെഹർസിനെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽറ്റി ഉപയോഗപ്പെടുത്തി അഗ്വേറൊ അവരുടെ നാലാം ഗോളും നേടി [86′]. ഇഞ്ചുറി ടൈമിൽ മെഹ്‌റസ് നൽകിയ ത്രൂ പാസ് സ്വീകരിച്ചു സ്റ്റെർലിങ് ഫാബിൻസ്‌കിയെ മറികടന്ന് ഈ സീസണിലെ തന്റെ ആദ്യ ഹാറ്റ് ട്രിക്കും പൂർത്തിയാക്കി.
എല്ലാ സൂപ്പർ താരങ്ങളും കളത്തിൽ ഇറങ്ങുകയും നന്നായി കളിക്കുകയും ചെയ്തത് ഗാർഡിയോളക്ക് ആൽമവിശ്വാസം നൽകി. ഏക സൈനിങ് ആയ റോഡ്രി ഹെർനാഡ്സ് മധ്യനിരയിൽ പാറ പോലെ നിന്നത് വരും ദിനങ്ങളുടെ ശുഭ സൂചനയാണ്. പ്രായമായി വരുന്ന ഫെർണാഡിഞ്ഞോയ്ക്ക് പറ്റിയ പകരക്കാരൻ തന്നെയാണ് താൻ എന്ന് റോഡ്രി ഈ മത്സരത്തിൽ തെളിയിച്ചിരിക്കുന്നു.






































