തന്റെ ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനവുമായി ഡിയാഗോ ഫോർലാൻ
ഉരുഗ്‌വയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ഡിയാഗോ ഫോർലാൻ തെന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു. യൂറോപ്പിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, അത്ലറ്റികോ മാഡ്രിഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും ഫോർലാൻ ബൂട്ട് കെട്ടിയിട്ടുണ്ട്. ഉറുഗ്വേയ്ക്ക് വേണ്ടി 100 അന്തരാഷ്ട്ര മത്സരങ്ങൾ കളിച്ച ഏക താരമാണ് ഫോർലാൻ. 2011 മുതൽ 2017 ഉറുഗ്വേയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡും അദ്ദേഹത്തിന് സ്വന്തമായിരുന്നു. ഇപ്പോൾ ആ റെക്കോർഡ് സ്വന്തമാക്കി വെച്ചിരിക്കുന്നത് ലൂയിസ് സുവാരസ് ആണ്.
അര്ജന്റീന ക്ലബ് ആയ ഇൻഡിപെൻഡിയെന്റെക്ക് വേണ്ടിയുള്ള പ്രകടനം ആണ് ഫോർലാന് ലോകശ്രദ്ധ നേടിക്കൊടുത്തത്. 2002 ൽ സർ അലക്സ് ഫെർഗുസൺ ഫോർലാനെ മാഞ്ചസ്റ്ററിൽ എത്തിച്ചു. യൂണൈറ്റഡുമായി ഒരു ലീഗ് കിരീടവും ഒരു ഫ്.എ.കപ്പും നേടിയെങ്കിലും പ്രതീക്ഷക്ക് ഒത്തു ഉയരാൻ അദ്ദേഹത്തിന് സാധിച്ചില്ല. അങ്ങനെ 2004 ൽ സ്പാനിഷ് ക്ലബ് ആയ വില്ലാറിയലിൽ എത്തി. ആദ്യ സീസണിൽ തന്നെ ല ലീഗ് ടോപ് സ്കോറെർ ആയി ഫോർലാൻ മാറി. മികച്ച പ്രകടനം അദ്ദേഹത്തെ അത്ലറ്റികോ മാഡ്രിഡിൽ എത്തിച്ചു. അർജന്റീന താരങ്ങൾ ആയ സെർജിയോ അഗ്വേറോയും റിക്യുൽമിയും ഒത്തു, മനോഹരമായാ കൂട്ടുകെട്ടാണ് ഫോർലാൻ പടുത്തുയർത്തിയത്. 2008 -09 സീസണിൽ 32 ഗോളുമായി ല ലീഗയിലെ ഗോൾഡൻ ബൂട്ടും കൊണ്ടാണ് ഫോർലാൻ പോയത്. 2010 യൂറോപ്പ കപ്പിൽ ഫൈനലിൽ ഫുൾഹാമിനെ എതിരെ വലചലിപ്പിച്ചു കപ്പ് മാഡ്രിഡിൽ കൊണ്ടുവന്നു. 2011 ൽ ഇറ്റാലിയൻ ക്ലബ് ആയ ഇന്റർ മിലാനിൽ പോയെങ്കിലും ശോഭിച്ചില്ല. 2012 മുതൽ ലാറ്റിൻ അമേരിക്കയിലെ വിവിധ ക്ലബ്ബുകളിൽ കളിച്ചു വരുന്നു.
2010 ലോക കപ്പ് കണ്ട ആരും ഫോർലാനെ മറക്കാൻ ഇടവരില്ല. 5 ഗോളുമായി ഉറുഗ്വേയിനെ സെമി വരെ അദ്ദേഹം എത്തിച്ചു. ഗോൾഡൻ ബൂട്ട് ഷെയർ ചെയുകയും ഗോൾഡൻ ബോൾ കരസ്ഥമാക്കുകയും ചെയ്തു. ലൂസേഴ്‌സ് ഫൈനലിൽ ജർമനിക്ക് എതിരെ നേടിയ ഗോൾ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോളുകളിൽ ഒന്നാണ്.
നമ്മുടെ ഐ.സ്.ൽ. കളിച്ച ലോകോത്തര താരങ്ങളിലെ ഒരാളും കൂടി ആണ് കക്ഷി. മുംബൈയുടെ ക്യാപ്റ്റനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐ.സ്.ൽ.ൽ അദ്ദേഹം നേടിയ ഏക ഹാറ്റ് ട്രിക്ക് ആകട്ടെ നമ്മുടെ കൊച്ചിക്കെതിരെയും.ഐ.സ്.ൽ മത്സരങ്ങളിൽ മൊത്തം അഞ്ചു ഗോളുകളും മൂന്നു അസിസ്റ്റും സ്വന്തം പേരിൽ ആക്കാൻ അദ്ദേഹത്തിന് സാധിച്ചു.