ഒടുവിൽ അർഹിച്ച അംഗീകാരം തേടി എത്തി ;റോയ്സ് മികച്ച ജർമൻ ഫുട്ബോളർ
ലോക ഫുട്ബോളിൽ ഏറ്റവും മനോഹരമായ കളി കാഴ്ച വെക്കുന്ന ഒരു താരമാണ് ബൊറൂസിയ ഡോർട്മുണ്ടിന്റ്റെ മാർക്കോ റോയ്സ്. സപ്പോർട്ടിങ് സ്ട്രൈക്കർ എന്ന പൊസിഷൻ ആണ് അദ്ദേഹത്തിന്റെ ഇഷ്ട റോൾ എങ്കിലും, സ്ട്രൈക്കറായും വിങ്ങർ ആയും ടീമിന്റെ ആവശ്യത്തിന് അനുസരിച്ചു ഉപയോഗിക്കാൻ പറ്റിയ താരം. എന്റെ അഭിപ്രായത്തിൽ ഹസാർഡിന്റെയും ഗ്രീസ്മാന്റെയും നിലവാരം ഉള്ള താരം. പല വമ്പൻ ഓഫറുകൾ വന്നിട്ടും ഡോർട്മുണ്ടിനോടുള്ള പ്രതിബധത മൂലം ക്ലബ് വിട്ട് പോകാൻ കൂട്ടാക്കിയിട്ടില്ല. അല്ലെങ്കിൽ എന്നേ റോയ്സ് സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ hot favourite ആയി മാറിയേനെ.
ഒടുവിൽ ആ കഴിവ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2019ൽ ജർമനിയിലെ ഏറ്റവും മികച്ച കളിക്കാരനായി ഈ 30 കാരൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ സീസണിൽ ഡോർട്മുണ്ടിന് വേണ്ടി 36 കളികളിൽ 26 ഗോളുകളാണ് താരം സ്വന്തമാക്കിയത്. 21 തവണ അസിസ്റ്റന്റ് നടത്തുകയും ചെയ്തു. 2018 മുതൽ ടീമിന്റെ ക്യാപ്റ്റനും ആണ്. ജേഡൻ സാഞ്ചോയുമായി ഉണ്ടാക്കിയ അസാധ്യ കൂട്ടുകെട്ട് കാരണം ചുണ്ടിനും കപ്പിനുമിടയിലാണ് അവർക്ക് ബുണ്ടസ്ലീഗ കിരീടം കഴിഞ്ഞ തവണ നഷ്ടമായത്.
ഈ വർഷവും റോയ്സ് തന്റെ മികവ് തുടർന്നാൽ ഡോർട്മുണ്ട് ലീഗ് കൊണ്ടുപോകുന്നതിൽ അത്ഭുതപ്പെടാനില്ല. താരത്തിനെ സഹായിക്കാൻ ക്ലബ് ഈ കൊല്ലം ജൂലിയൻ ബ്രാൻഡെറ്റ്, തോർഗൻ ഹസാഡ്, മാറ്റ് ഹമ്മെൽസ് എന്നിവരെ ടീമിൽ എത്തിച്ചിട്ടുമുണ്ട്.







































