രാഹുൽ ദ്രാവിഡ് – തകർക്കപ്പെടാൻ ആവാത്ത വിശ്വാസം
രാഹുൽ ദ്രാവിഡ് തന്റെ ഇടതുകാൽ മുട്ട് മടക്കി കവറിലൂടെ കളിക്കുന്ന ഒരു ഡ്രൈവ് കാണുമ്പോൾ നമ്മൾ ആരാധകർ ഒരു നിമിഷത്തേക്കെങ്കിലും നമ്മുടെ മറ്റെല്ലാ ദുഃഖങ്ങളും മറക്കുമായിരുന്നു, ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു കളിക്കാരൻ ആയിരിക്കാം രാഹുൽ ദ്രാവിഡ്, പക്ഷേ തന്റെ കരിയറിൽ വിലമതിക്കാനാവാത്ത ഒരുപാട് നേട്ടങ്ങൾ നേടിയെങ്കിലും എന്നും സച്ചിനെന്ന മഹാമേരുവിന്റെ നിഴലിൽ ഒതുങ്ങാൻ ആയിരുന്നു ദ്രാവിഡിന്റെ വിധി.
അവസാനം വരെ അത് അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു 2013 ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കഴിഞ്ഞ നിമിഷം സച്ചിനൊരു ഹീറോയുടെ ഫെയർവെൽ കിട്ടിയപ്പോൾ രാഹുൽ ദ്രാവിഡ് നിശബ്ദനായി നടന്നുനീങ്ങി. ഒരുപക്ഷേ രാഹുൽ ദ്രാവിഡ് അണിയാത്ത ഒരു റോൾ പോലും ഉണ്ടായിരുന്നില്ല ക്രിക്കറ്റിൽ, ടീം ആവശ്യപ്പെട്ടത് എല്ലാം അദ്ദേഹം ഉത്തരവാദിത്വത്തോടെ ചെയ്തു. ഒരു വെല്ലുവിളി നേരിടുമ്പോൾ കാപ്റ്റൻ ആദ്യം നോക്കുന്നത് ദ്രാവിഡിന്റെ നേരെയായിരുന്നു കഴിഞ്ഞ ഡെക്കേഡിൽ ഇന്ത്യ നേടിയ പല ചരിത്ര വിജയങ്ങൾക്കു പിന്നിലും ദ്രാവിഡിന്റെ സാന്നിധ്യമുണ്ടായിരുന്നു,
ഏതൊരു ക്യാപ്റ്റന്റെ യും ‘ഗോ റ്റു മാൻ’ ദ്രാവിഡ് ആയിരുന്നു. ഒരിക്കൽപോലും രാഹുൽ ദ്രാവിഡ് ഗ്യാലറിക്കു വേണ്ടി കളിച്ചിട്ടില്ല പക്ഷേ അദ്ദേഹം ബാറ്റ് ചെയ്യുമ്പോൾ ശ്വാസമടക്കിപ്പിടിചേ ഗാലറിയിൽ ആളുകൾ ഓരോ നിമിഷവും ഇരുന്നിട്ടുള്ളൂ അവർ ഓരോരുത്തർക്കും അറിയാമായിരുന്നു ദ്രാവിഡിന്റെ വിക്കറ്റിന്റെ വില. അദ്ദേഹത്തിന്റ ഡെലികേറ്റ് കട്ട് ഷോട്ട്സ്,ഫിറോഷിയസ് പുൾ ഷോട്ട്സ്,ഗോർജിയസ്സ് ഡ്രൈവുകൾ, പിന്നെ ലോകം വരെ അവിശ്വസനീയതയോടെ നോക്കിക്കണ്ട അദ്ദേഹത്തിന്റെ ഡിഫൻസ് ഇതെല്ലാം ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നമ്മൾക്ക് അഭിമാനം തന്ന കാര്യങ്ങളായിരുന്നു.
സച്ചിന്റെ മനോഹരമായ ഒരു സ്ട്രെറ്റ് ഡ്രൈവിന് ആയിരം കയ്യടികൾ ലഭിക്കുമ്പോൾ, ദ്രാവിഡിന്റെ ഒരു ഫോർവേഡ് ഡിഫൻസ് ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ഒരു വിശ്വാസം നൽകിയിരുന്നു. അതെ അത്ര പെട്ടെന്നൊന്നും ആ മതിൽ തകർത്തു ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ലൈനപ്പിലേക്ക് ഇടിച്ചുകയറാൻ ആർക്കും പെട്ടെന്ന് കഴിയില്ല എന്നൊരു വിശ്വാസം.