ആരാകും ബെസ്റ്റ് : മുന്നിൽ റൊണാൾഡോയും മെസ്സിയും.
പതിവ് തെറ്റിയില്ല,, ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ള ‘ഫിഫ ദി ബെസ്റ്റ്’ പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടികയിൽ ഇത്തവണയും ഫേവറിറ്റുകൾ ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസ്സിയും തന്നെ. ലിവർപൂൾ പ്രതിരോധ താരം വിർജിൽ വാൻ ദൈയ്ക്, റയൽ മാഡ്രിഡിന്റെ ബെൽജിയം സൂപ്പർ താരം ഏദൻ ഹസാർഡ് എന്നിവരുടെ സാന്നിദ്ധ്യവും പട്ടികളുടെ മാറ്റ് കൂട്ടുന്നു . കഴിഞ്ഞ വർഷത്തെ ജേതാവ് ലുക്ക മോഡ്രിച്ച് ഈ തവണ പട്ടികയിൽ ഇല്ല.
ആരാധകർ, മാധ്യമ പ്രവർത്തകർ, ഫിഫയിൽ അംഗമായിട്ടുള്ള എല്ലാ ദേശീയ ടീമുകളുടെ ക്യാപ്റ്റന്മാർ, പരിശീലകർ എന്നിവർ നൽകുന്ന വോട്ടുകളിൽ നിന്ന് ആണ് വിജയിയെ നിർണയിക്കുക. എല്ലാവരുടെയും വോട്ടിന് തുല്യ പ്രാധാന്യമാണ്. ആരാധകർക്ക് ഫിഫ വെബ്‌സൈറ്റിൽ ഇപ്പോൾ മുതൽ മുൻഗണനക്രമത്തിൽ മൂന്ന് വോട്ട് ചെയ്യാം. മുന്നിലെത്തുന്ന മൂന്നംഗ താരങ്ങളുടെ പട്ടിക ഫിഫ പിന്നീട് പുറത്ത് വിടും. ഇവരിൽ നിന്ന് ജേതാവിനെ സെപ്റ്റംബർ 23ന് നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.