പ്രീ സീസൺ ഫ്രണ്ട്‌ലി ; ചെൽസിയ്‌ക്കു ജയം
യൂറോപ്പിലെ പ്രമുഖ ലീഗ് മത്സരങ്ങൾ തുടങ്ങാൻ രണ്ടാഴ്ചയിൽ താഴെ മാത്രം ബാക്കിനിൽക്കെ തങ്ങളുടെ സ്‌ക്വാഡ് ഉറപ്പിക്കാനായുള്ള പരിശീലന മത്സരങ്ങളിലാണ് പ്രമുഖ ടീമുകൾ. ഇന്നലെ നടന്ന ഒരു പ്രദർശന മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി ഓസ്ട്രിയൻ ക്ലബ്ബായ റെഡ് ബുൾ സാൽസ്ബർഗിനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി. ക്രിസ്ത്യൻ പുലിസിച്ചിന്റെ ഇരട്ടഗോളുകളിലൂടെയും ബെർക്ലിയുടെ ഗോളിലൂടെയും ആദ്യ പകുതിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മുന്നിലെത്തിയ ചെൽസിക്കെതിരെ അൻപതാം മിനുട്ടിൽ ജെറോം ഓൻഗ്വേനെയിലൂടെ റെഡ് ബുൾ ഒരു ഗോൾ മടക്കി. അൻപത്തിയേഴാം മിനു്ട്ടിൽ പകരക്കാരനായിറങ്ങിയ പെഡ്രോയിലൂടെ മത്സരത്തിൽ തങ്ങളുടെ നാലാം ഗോൾ നേടിയ ചെൽസിയെ പക്ഷേ അവസാന നിമിഷങ്ങളിൽ രണ്ടു ഗോളുകൾ നേടിയ ജാപ്പനീസ് താരം ടാക്കുമി മിന്നാമിനോയുടെ കരുത്തിൽ റെഡ് ബുൾ വിറപ്പിച്ചു. ഇതിനിടെ എൺപത്തിയെട്ടാം മിനുട്ടിൽ ബാറ്റഷുയി നേടിയ ഗോളോടുകൂടി മത്സരം ചെൽസി വരുതിയിലാക്കുകയായിരുന്നു. കഴിഞ്ഞ സീസണുശേഷം ക്ലബ്ബ് വിട്ട സൂപ്പർ താരം ഈഡൻ ഹസാദിന് പകരക്കാരനാകുമെന്നു കരുതപ്പെടുന്ന ക്രിസ്ത്യൻ പുലിസിച്ചിന്റെ മികച്ച പ്രകടനം ചെൽസി പരിശീലകൻ ഫ്രാങ്ക് ലാംപാർടിനെ ഏറെ സന്തോഷിപ്പിക്കുമെന്നു തീർച്ച.






































