ധോണിയെ പറ്റി 200 ലേഖനങ്ങൾ ഉള്ള ഒരു പരമ്പര – ഒരു ക്രിക്കറ്റ് പ്രാന്തന്റെ പരിശ്രമം ശ്രദ്ധയാകർഷിക്കുന്നു.
സമൂഹ മാധ്യമങ്ങളിലെ ആരാധകരുടെ അതിപ്രസരം പലപ്പോഴും അരോചകമായി തോന്നാറുണ്ട്. അത് മെസ്സിയെയും റൊണാൾഡോയെയും കൂട്ട് പിടിച്ചു തമ്മിൽ അടിക്കുന്ന ഫുട്ബോൾ ആരാധകരായാലും സച്ചിനെയും കൊഹ്‍ലിയെയും താരതമ്യം ചെയുന്ന ക്രിക്കറ്റ് ആരാധകരായാലും. പലപ്പോഴും അവർ ഫുട്ബോൾ അല്ലെങ്കിൽ ക്രിക്കറ്റ് എന്ന് പറയുന്ന മഹത്തായ വിനോദങ്ങളെ തങ്ങൾ ആരാധിക്കുന്ന താരത്തിന് താഴെ മാത്രമേ പ്രതിഷ്ഠിക്കാറുള്ളു. ഒരു വ്യക്തി എന്ന നിലയിൽ ഈ പ്രവണത കാണുമ്പോൾ പലപ്പോഴും നീരസവും പുച്ഛവും അടങ്ങുന്ന ഒരു വികാരമാണ് ഈ ആരാധക വൃന്ദങ്ങളോട് തോന്നാറുള്ളത്.
എന്നാൽ ഇതിനെല്ലാം വ്യത്യസ്ഥമായി കളിയെ ആരാധിക്കുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് “ക്രിക്കറ്റ് പ്രാന്തന്മാർ”. 20000 ൽ അധികം ആൾകാർ ഈ ഗ്രൂപ്പ് പിന്തുടരുന്നു.ആരാധകരുടെ തമ്മിലടിയേക്കാൾ ക്രിക്കറ്റിനോടുള്ള പ്രണയം ഓരോ അംഗത്തിന്റെയും പോസ്റ്റുകളിൽ കാണാൻ സാധിക്കും. ആഴത്തിലുള്ള അവലോകനങ്ങളും ഓര്മ പുതുക്കലുമെല്ലാം പ്രാന്തന്മാരെ മറ്റു ആരാധക വൃന്ദങ്ങളിൽ നിന്നും വ്യത്യസ്‍തരാക്കുന്നു. എന്നാൽ ആ ഗ്രൂപ്പിലെ ഒരു ‘പ്രാന്തന്റെ’ ധോണിയോടുള്ള ആരാധന ശ്രദ്ധയാകർഷിക്കുന്നു. കക്ഷിയുടെ പേര് അരുൺ പോൾ എന്നാണ്. കടുത്ത ധോണി ആരാധകനാണ് അദ്ദേഹം. തന്റെ പ്രിയ താരത്തിന്റെ ബഹുമാനസൂചകം 200 ലേഖനങ്ങൾ ഉള്ള ഒരു പരമ്പര തന്നെ അദ്ദേഹം എഴുതി പോസ്റ്റ് ചെയ്തിരിക്കുന്നു. “7 bells” എന്നാണ് അതിനു നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ഏഴാം നമ്പർ ജേഴ്‌സി ധോണി അണിയുന്നതാവാം കാരണം.
ധോണിയുടെ ഹേറ്റേഴ്സിനു അല്പം പ്രയാസം തോന്നുവെങ്കിലും ഒരു നിക്ഷ്പക്ഷന് വായിച്ചു രസിക്കാൻ പറ്റിയ ഒരു പരമ്പര തന്നെയാണ് 7 ബെല്സ്. അമിതമായ വീര പരിവേഷം ധോണിക്ക് കൊടുക്കുന്നില്ല എന്നുള്ളതാണ് അതിന്റെ കാരണം. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഇരുന്നൂറാം ലേഖനത്തിന്റെ പ്രകാശനം. 199 എണ്ണവും അരുൺ പോൾ ചെയ്തപ്പോൾ അദ്ദേഹത്തിനെ ഗ്രൂപ്പിൽ ആദരിക്കാൻ വേണ്ടി ഇരുനൂറാമത്തെ ലേഖനം എഴുതി അത് ഒരു ആഘോഷമാക്കി മാറ്റിയത് റിയാസ് ബദറുദ്ദിൻ എന്ന മറ്റൊരു അംഗം ആയിരുന്നു.
Sports literature എന്ന സാഹിത്യ ശാഖ മലയാള ഭാഷയിൽ ഉണ്ടോ എന്നുള്ളത് സംശയമാണ്. ഇനി അങ്ങനൊന്നു വളർന്നു വരികയാണെങ്കിൽ ‘7 ബെൽസും ‘ പ്രാന്തന്മാർ ഗ്രൂപ്പും അതിൽ കൊടുക്കുന്ന സംഭാവന ചെറുതാകില്ല എന്ന് നമ്മുക്ക് ഉറപ്പിക്കാം






































