Cricket Editorial legends Top News

“സർ കർട് ലി ആംബ്രോസ്” – ഒരു തലമുറയിലെ അവസാന കണ്ണി !!

July 23, 2019

author:

“സർ കർട് ലി ആംബ്രോസ്” – ഒരു തലമുറയിലെ അവസാന കണ്ണി !!

വെസ്റ്റ് ഇൻഡീസിലെ കോളനികളിൽ ഫാസ്റ്റ് ബൗളേഴ്‌സിനും, കാലിപ്സോ സംഗീതത്തിനും പഞ്ഞം ഉണ്ടായിട്ടില്ല..മാൽക്കം മർഷലും,മൈക്കൽ ഹോൾഡിങ്ങും,ജോയൽ ഗാർനറും,ആൻഡി റോബെർട്സും ഒക്കെ ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റ് അല്ല,തലയെടുക്കാൻ പോന്നവരായായിരുന്നു. ആ നിരയിലേക്ക് 80 കളുടെ അവസാനത്തോടെ ഒരു അതികായൻ കടന്നു വരുന്നു. 6 അടി 7 ഇഞ്ച് ഉയരമുള്ള ,ഏതാണ്ട് പത്തടി മുകളിൽ നിന്ന് പന്ത് റിലീസ് ചെയ്യുന്ന ആജാനുബാഹു . പിന്നീട് 10 കൊല്ലത്തോളം വെസ്റ്റ് ഇന്ത്യൻ ബൗളിംഗ് നിരയുടെ നായകത്വം ആ തോളുകളിൽ ഭദ്രമായിരുന്നു. ബൗൺസറുകളുടെ മൂർച്ച,ലൈനിലും,ലെങ്ങ്തിലും,പുലർത്തുന്ന കൃത്യത എന്ന് വേണ്ട ഒരു ഫാസ്റ്റ് ബൗളർക്കു വേണ്ട ഗുണങ്ങളൊക്കെ വേണ്ടതിലും അധികം അംബ്രോസിൽ നിക്ഷിപ്തമായിരുന്നു .

സച്ചിൻ,ജയസൂര്യ,മാർക്ക് വോ,നാഥാൻ അസ്റ്റിൽ ,സയീദ് അൻവർ തുടങ്ങീ ഓപ്പണിങ് ബാറ്റിങ്ങിലെ എക്കാലത്തെയും ലെജന്ഡ്സ് അവരുടെ ഫുൾ ഫോമിൽ കളിക്കുന്ന കാലത്തും,സംസാരത്തിൽ എന്നത് പോലെ,റൺസ് വിട്ടു കൊടുക്കുന്നതിലും പിശുക്കനായ അംബ്രോസിന്റെ റൺ ശരാശരി കേവലം 3.49 !!! 10 ഓവറിൽ 50 റൺസിനു മുകളിൽ വിട്ടു കൊടുത്ത മത്സരങ്ങൾ വിരളം . 20 ഇൽ താഴെ!!കളിച്ച മല്സരങ്ങളുടെ എണ്ണം നോക്കുമ്പോ കൂടുതൽ മെയ്ഡൻ ഓവറുകളും ഈ ബൗളിംഗ് മെഷീന്റെ പേരിൽ തന്നെ .

ഓസ്ട്രേലിയ,ഇംഗ്ലണ്ട്,ന്യൂസിലാൻഡ് ,സൗത്ത് ആഫ്രിക്ക പിച്ചുകളിലൊക്കെ യമന് സമം ആയിരുന്നു ആംബ്രോസ്..കേവലം ഒരു റൺസ് വിട്ടു കൊടുക്കുന്നതിനിടെ ബോർഡറും,വോ സഹോദരന്മാരും ,ബൂണും ,ലാങ്ങറും ഉൾപ്പെട്ട ഓസ്‌ട്രേലിയൻ നിരയെ കൂടാരം കേറ്റി കളഞ്ഞു ആംബ്രോസ്. 96 ലോകകപ്പിൽ ജയസൂര്യ-കലുവിതരണ 15 ഓവറിൽ 100 എന്ന നിലയിലേക്ക് ഏകദിന ക്രിക്കറ്റിനെ ഉയർത്തിയപ്പോളും ആംബ്രോസ്-വാൽഷ് സഖ്യം വിട്ടു കൊടുത്തിരുന്നത് ശരാശരി 45 റൺസ് ആയിരുന്നു .

തുടക്കം മുതൽ ,അവസാന കാലം വരെ ഏതാണ്ട് ഒരേ ഫോമിൽ പന്തെറിയാനും ,വിക്കറ്റുകൾ വീഴ്ത്താനും ആംബ്രോസ് എന്ന എക്കാലത്തെയും മികച്ച പേസർക്ക് ഈസി ആയി കഴിഞ്ഞിരുന്നു . വിരമിച്ചതിനു ശേഷം,ആന്റിഗ്വ ഗവൺമെന്റ്” സർ “സ്ഥാനം നൽകി ആദരിച്ച ആംബ്രോസ്,പിന്നീട് മ്യൂസിക് ബാൻഡുകളിൽ ഗിറ്റാറിസ്റ് ആയി ജോലി നോക്കി വരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

Leave a comment