പ്രോ കബഡി ലീഗ് 2019 : തമിഴ് തലൈവാസിന് ജയത്തോടെ തുടക്കം
ഹൈദരാബാദ്: കായിക പ്രേമികളുടെ ഇഷ്ട വിനോദമായ പ്രോ കബഡി ലീഗിൻറെ ഏഴാം സീസൺ ഇന്നലെ ആരംഭിച്ചു. രണ്ടാം ദിവസമായ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ തെലുങ്ക് ടൈറ്റൻസിന് തോൽവി. ഏഴാം സീസണിലെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇന്ന് തെലുങ്ക് ടൈറ്റൻസിന് ഉണ്ടായത്. 39-26 എന്ന സ്കോറിനാണ് തമിഴ് തലൈവാസ് തെലുങ്ക് ടൈറ്റൻസിനെ തോൽപ്പിച്ചത്. ഏഴാം സീസണിൽ പുതിയ കളിക്കാരും, പുതിയ ജേഴ്സിയുമായി ഇറങ്ങിയ തമിഴ് തലൈവാസ് ആദ്യ ജയം സ്വന്തമാക്കി. ആദ്യപകുതിയിലും, രണ്ടാം പകുതിയിലും മികച്ച പ്രകടനമാണ് തമിഴ് തലൈവാസ് കാഴ്ചവെച്ചത്.

തമിഴ് തലൈവാസ് താരം രാഹുൽ ചൗധരി ആണ് മത്സരത്തിൽ ടോപ് സ്കോറർ. 12 പോയിന്റ് ആണ് താരം നേടിയത്. കഴിഞ്ഞ ആറ് സീസണുകളും തെലുങ്ക് ടൈറ്റൻസിനൊപ്പം കളിച്ച രാഹുൽ ചൗധരി ഇത്തവണ തമിഴ് തലൈവാസ് ടീമിലാണ്. രഹുലും,അജയ് താക്കൂറും മികച്ച പ്രകടനമാണ് ഇന്ന് നടത്തിയത്. സിദ്ധാര്‍ത്ഥ് ദേസായി മാത്രമാണ് തെലുങ്ക് ടൈറ്റൻസിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. താരം ആറ് പോയിന്റ് നേടി. റെയിഡിംഗില്‍ 20-15 എന്ന സ്കോറിൽ തമിഴ് ടൈറ്റൻസ് ആണ് മുന്നിൽ.