പ്രോ കബഡി ലീഗ് 2019 : തെലുങ്ക് ടൈറ്റാൻസ് തമിഴ് തലൈവാസിനെ നേരിടും
ഹൈദരാബാദ്: കായിക പ്രേമികളുടെ ഇഷ്ട വിനോദമായ പ്രോ കബഡി ലീഗിൻറെ ഏഴാം സീസൺ ഇന്നലെ ആരംഭിച്ചു. രണ്ടാം ദിവസമായ ഇന്ന് രണ്ടാം മത്സരത്തിൽ തെലുങ്ക് ടൈറ്റാൻസ് തമിഴ് തലൈവാസിനെ നേരിടും. രാത്രി 8:30 ആണ് മൽസരം ആരംഭിക്കുന്നത്. ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തമിഴ് തലൈവാസിന്റെ മൂന്നാമത്തെ സീസൺ ആണിത്. ഏഴാം സീസണിലെ ആദ്യ മത്സരം യു മുംബൈയോട് തോറ്റ തെലുങ്ക് ടൈറ്റാൻസിന് ഇന്നത്തെ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്.

ഇതിന് മുമ്പ് ഇരു ടീമുകളും ആറ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ നാല് തവണ തെലുങ്ക് ടൈറ്റാൻസാണ് ജയിച്ചത്. രണ്ട് തവണ മാത്രമാണ് തമിഴ് തലൈവാസിന് ജയിക്കാനായത്. ശനിയാഴ്ച യു മുംബയ്ക്കെതിരായ തോൽവിയോടെയാണ് തെലുങ്ക് ടൈറ്റാൻസ് തങ്ങളുടെ ഏഴാം സീസൺ ആരംഭിച്ചത്. ഇന്ന് രണ്ടാം മത്സരത്തിൽ ജയിക്കാനാകും അവർ ശ്രമിക്കുക. മികച്ച താര നിരയാണ് തെലുങ്ക് ടൈറ്റാൻസിന് ഉള്ളത്. സിദ്ധാർഥ്, വിശാൽ എന്നിവർ ഫോമിൽ അയാൽ തെലുങ്ക് ടൈറ്റാൻസിന് വിജയം ഉറപ്പാണ്. ഇതുവരെ കബഡി ലീഗിൽ പറയത്തക്ക നേട്ടങ്ങൾ ഒന്നും ഇല്ലാത്ത ടീമാണ് തമിഴ് തലൈവാസ് അതിനാൽ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാനാകും ടീം എത്തുക. ഇത്തവണ പുതിയ താരങ്ങളെ അവർ എടുക്കുകയും ചെയ്തിട്ടുണ്ട്. രാഹുൽ ചൗധരി ആണ് ടീമിലേക്കെത്തിയ പുതിയ താരം. കഴിഞ്ഞ ആറ് സീസണുകളും തെലുങ്ക് ടൈറ്റൻസിനൊപ്പം കളിച്ച രാഹുൽ ചൗധരിയിലേക്കാണ് എല്ലാവരുടെയും കണ്ണുകൾ.