Foot Ball Top News

അവസാനം പുലിസിച്ഛ് ചെൽസിക്കൊപ്പം ചേരുന്നു !!

July 18, 2019

author:

അവസാനം പുലിസിച്ഛ് ചെൽസിക്കൊപ്പം ചേരുന്നു !!

ജാപ്പനീസ് ക്ലബ്ബ് ആയ Kawasaki Frontaleയുമായുള്ള മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഫ്രാങ്ക് ലാംപാർഡും കൂട്ടാളികളും. വെള്ളിയാഴ്ച ഇന്ത്യൻ സമയം 3:30നാണ് ചെൽസിയുടെ മൂന്നാമത് പ്രീസീസൺ മത്സരം. അമേരിക്കൻ സൂപ്പർ താരം Christian Pulisicഉം കൂടെ ടീമിനു കൂടെ ചേരുമ്പോൾ തന്റെ ആവനാഴിയിലെ ആയുധങ്ങൾ മിനുക്കിയെടുക്കാനുള്ള തത്രപ്പാടിലാവും സ്റ്റാംഫോർഡ് ബ്രിഡ്ജിന്റെ രാജകുമാരൻ. മൗറീസിയോ സാരിക്ക് ശേഷം ടീമിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത ഫ്രാങ്കിന് ആരാധകരും റോമൻ അബ്രമോവിച്ചും എത്ര കാലാവധി അനുവദിച്ചിട്ടുണ്ടെന്ന് കാത്തിരുന്നു തന്നെ കാണണം. ഡെർബിയിലെ മികച്ച പ്രകടനമാണ് ചെൽസിയിലേക്കുള്ള വഴി തെളിച്ചതെങ്കിലും ഇത്ര പെട്ടെന്നൊരു തിരിച്ചുവരവ് ലാംപാർഡും പ്രതീക്ഷിച്ചിരിക്കുമോ എന്നത് സംശയമാണ്.


തങ്ങൾ നേരിടുന്ന ട്രാൻസ്ഫർ ബാൻ തന്നെയായിരിക്കണം ഈ സീസണിൽ തന്നെ ലംപാർഡിനെ നിയമിക്കാൻ ചെൽസിയെ പ്രേരിപ്പിച്ചിരിക്കുക. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിൽ അത്ര മിടുക്കാനല്ലാത്ത സാരിക്കു പകരം, തങ്ങളുടെ അക്കാഡമി കൂടെ മികച്ച രീതിയിൽ ഉപയോഗിക്കുന്ന ഒരാൾ തന്നെയാണ് അവർക്ക് അഭികാമ്യം. പ്രായം തനിക്കൊരു പ്രശ്നമല്ല, കളത്തിലെ പ്രകടനമാണ് താൻ നോക്കുന്നതെന്ന് ലംപാർഡും പറഞ്ഞു കഴിഞ്ഞു. എന്നാൽ അക്കാദമിയിലെ കളിക്കാർക്ക് യാതൊരു അധികപരിഗണനയും നൽകുകയില്ലെന്നും, ടീമിലെ സ്ഥാനം കളിച്ചു നേടാണമെന്നുംകൂടെ അയാൾ ഓർമിപ്പിച്ചു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ലോഫ്റ്റസ് ചീക്ക്, ഹഡ്സൺ ഓഡോയി എന്നിവർക്ക് പുറമെ റ്റാമി എബ്രഹാം, മെയ്സൺ മൗണ്ട്, ഫികായോ ടൊമോറി, റീസ് ജെയിംസ് തുടങ്ങി അനവധി പ്രതിഭകളാണ് ടീമിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്നത്.
കഴിഞ്ഞ സീസണിൽ നീലപ്പട കളിച്ച രീതിയുമായി സാമ്യമുള്ളതാണ് ലംപാർഡിന്റെയും ഇഷ്ട ശൈലിയെങ്കിലും, വിവിധ ഫോർമേഷനുകൾ പരീക്ഷിക്കാനുള്ള tactical flexibility ആണ് അയാളുടെ പ്രത്യേകത. പന്ത് കൈവശം വെക്കുമ്പോൾ വേഗതയേറിയ അറ്റാക്കിങ് ഫുട്‌ബോൾ കളിക്കുക, ഡിഫൻഡ് ചെയ്യുമ്പോൾ ടീം ഒന്നടങ്കം എതിരാളികളെ പ്രെസ് ചെയ്യുക എന്നതാണ് ലംപാർഡിന്റെ മന്ത്രം. ഇരു പാർശ്വങ്ങളിലും ഫുൾ ബാക്കുകൾ കയറിക്കളിക്കുകയും, മധ്യനിര ആക്രമണത്തെ സപ്പോർട്ട് ചെയ്യുകയും ചെയ്യും. വിങ്ങിൽ നിന്നും ക്രോസുകൾ, കട്ട് ബാക്കുകൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തും. പന്ത് നഷ്ടപ്പെട്ടാൽ ആക്രമണതാരങ്ങൾ ഉൾപ്പെടെ പ്രസ്സ് ചെയ്യുക, high defensive line കീപ്പ് ചെയ്യുക എന്നതാണ് ശൈലി. എന്നാൽ എതിരാളികൾക്കാനുസരിച്ച് തന്റെ ടാക്റ്റിക്‌സ് മാറ്റുവാനോ counter attacking football കളിക്കുവാനോ ലാംപാർഡിന് മടിയില്ല. കഴിഞ്ഞ സീസണിൽ ഡെർബിയുടെ കളിയിലുടനീളം നിഴലിച്ച പ്രതിരോധത്തിലെ പിഴവുകളും, പ്രെസ്സിങ്ങിലെ അപാകതകളും പരിഹരിക്കാനും കിണഞ്ഞുശ്രമിക്കേണ്ടി വരും.
ഗോൾകീപ്പർ സ്ഥാനത്തിൽ സംശയത്തിനിടയില്ല. കെപ്പ ആദ്യ ചോയ്സ് ആയും കബല്ലേറോ ബാക്കപ്പ് ആയും തുടരും. ലൂയിസ്, സൂമ, ക്രിസ്റ്റൻസൺ എന്നിവരാവും സെന്റർ ബാക്കുകൾ. പരിക്കേറ്റ റൂഡിഗർ ടീമിൽ തുടരുമ്പോൾ, ടൊമോറി ലോണിൽ പോകാൻ സാധ്യതയുണ്ട്. റൈറ്റ് ബാക്ക് ആയി വിശ്വസ്തതാരം അസ്‌പിൽക്വറ്റ തന്നെ. കഴിഞ്ഞ വർഷം വിഗാനിൽ അവിശ്വസനീയ പ്രകടനം നടത്തിയ യുവതാരം റീസ് ജെയിംസ് സാപ്പകോസ്റ്റയെ പിന്തള്ളി രണ്ടാം സ്ഥാനം നേടാനിടയുണ്ട്. ലെഫ്റ്റ് ബാക്ക് ആയി അലോൻസോ, എമേഴ്‌സൻ എന്നിവർ തന്നെ. ചാമ്പ്യൻസ് ലീഗ് അടക്കം ഒരുപാട് മത്സരങ്ങളുള്ളതുകൊണ്ട് ഇരുവർക്കും അവസരം ലഭിക്കും.
മിഡ്ഫീല്ഡിൽ കാന്റെ, ജോർജീഞ്ഞോ ആയിരിക്കും മിക്ക കളികളും സ്റ്റാർട്ട് ചെയ്യുക. മൂന്നാമത്തെ സ്ഥാനത്തിന് വേണ്ടി ബാർക്ക്ലി, മൗണ്ട്. ലോഫ്റ്റസ് ചീക്ക് പരിക്കേറ്റു തിരിച്ചു വരുമ്പോൾ പഴയ ഫോം നിലനിർത്താനാവുകയാണെങ്കിൽ ഇരുവർക്കും പകരം അയാളായിരിക്കും. കോവാചിച്ച് ഒരു യൂട്ടിലിറ്റി പ്ലെയർ ആയതുകൊണ്ട് ഈ മൂന്നു സ്ഥാനങ്ങളിലും ഉപയോഗിക്കാം. വലിയ മത്സരങ്ങളിൽ ഡീപ്പ് മിഡ്ഫീൽഡർ ആയി സ്റ്റാർട്ട് ചെയ്യാനും സാധ്യതയുണ്ട്. ബക്കായോക്കോ ടീമിൽ തുടരുമോ എന്ന് ഉറപ്പായിട്ടില്ല.
പെഡ്രോ, പുലിസിച്ച് എന്നിവർ മാത്രമാണ് നിലവിൽ ലഭ്യമായ വിങ്ങർമാർ. പരിക്കു മാറി വരുന്ന വില്യൻ, ഹഡ്സൺ ഓഡോയി എന്നിവർക്കും സ്ഥാനം ലഭിക്കും. രണ്ട് സ്‌ട്രൈക്കർമാർ ഒരുമിച്ചു സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ ഇവരിലൊരാൾ മിഡ്ഫ്‌ഫീല്ഡിനു മുൻപിലായി നിലയുറപ്പിക്കാനും സാധ്യതയുണ്ട്. ജിരൂഡ്, ബാറ്റ്ഷ്വായി, റ്റാമി എന്നിവരിൽ ആർക്കും നറുക്കുവീഴാം. ലിങ്കപ്പ് പ്ലെയിൽ ജിരൂഡിനാണ് മുൻതൂക്കാമെങ്കിൽ ഗോൾ സ്കോറിങ്ങിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരാണ് മറ്റു രണ്ടുപേരും.
ലീഗിൽ ആദ്യ നാലിനുള്ളിൽ സ്ഥാനം, ചാമ്പ്യൻസ് ലീഗിൽ തരക്കേടില്ലാത്ത പ്രകടനം, അതിലുപരി തങ്ങളുടെ അക്കാദമിയിലെ താരങ്ങളെക്കൂടെ ഉൾപ്പെടുത്തി അടുത്ത സീസണിലേക്കുള്ള ടീം സജ്ജമാക്കുക എന്നതാവും മാനേജ്‌മെന്റ് ലാംപാർഡിൽ നിന്നും പ്രതീക്ഷിക്കുന്നത്. കടും നീല ജേഴ്സിയിൽ നേടാവുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ സൂപ്പർ ഫ്രാങ്കിന്, മാനേജറുടെ കുപ്പായത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം

Leave a comment

Your email address will not be published. Required fields are marked *