ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് – ബയേണിനെ മറികടന്ന് ആഴ്സണൽ
ആഴ്സണൽ തങ്ങളുടെ പ്രീ സീസൺ മത്സരങ്ങൾ ഗംഭീരമാക്കുന്നു. അമേരിക്കയിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ജർമൻ ചാമ്പ്യന്മാരായ ബയേണിനെ ആണ് ഇത്തവണ അവർ മലർത്തി അടിച്ചത്. പ്രീ സീസൺ മത്സരങ്ങളിലെ അവരുടെ രണ്ടാം ജയമാണ് ഇത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആഴ്സണൽ വിജയിച്ചത്.
രണ്ടാം പകുതിയിൽ ആയിരുന്നു മൂന്ന് ഗോളുകളും പിറന്നത്. ഒബാമേയാങ് തൊടുത്ത ഒരു ഷോട്ട് ബയേൺ ഡിഫൻഡർ പോസെൻസ്കിയുടെ കാലിൽ കൊണ്ടാണ് ആദ്യ ഗോൾ പിറന്നത് [49 മിനിറ്റ്] . 71 ആം മിനുട്ടിൽ ലെവൻഡോവാസ്കിയിലൂടെ ബയേൺ സമനില പിടിച്ചു. മുൻ ആഴ്സണൽ താരം ഗാനാർബി നൽകിയ ക്രോസ് പോളിഷ് താരം അതി ഗംഭീരമായ ഒരു ഹെയ്ഡഡറിലൂടെയാണ് വലചലിപ്പിച്ചത്. കളി തീരാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആഴ്സനലിനെ അവരുടെ യുവ സ്ട്രൈക്കർ എഡി എന്കെത്തിയ മുന്നിൽ എത്തിച്ചു. ഗോളിലേക്കുള്ള എല്ലാ നീക്കങ്ങളും യുവ താരങ്ങളായിരുന്നു നടത്തിയത്. റോബി ബർട്ടൻ പ്രതിരോധത്തെ കീറിമുറിച്ചു നൽകിയ പാസ് സ്വീകരിച്ചു മറ്റൊരു യുവ താരമായ ജോൺ ജൂൾ എന്കെതിയക്ക് ക്രോസ് നൽകുകയായിരുന്നു. എല്ലാ സമ്മര്‍ദങ്ങളെയും മറികടന്ന് വലചലിപ്പിക്കുവാൻ എന്കെതിയക്ക് ആയി.
അടുത്ത മത്സരത്തിൽ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറ്റാലിയൻ ടീം ആയ ഇന്റർ മിലനെ നേരിടും. ആര്‍സെനലിനു ആണെങ്കിൽ മറ്റൊരു ഇറ്റാലിയൻ ടീം ആയ ഫിയോറെന്റീന ആണ് അടുത്ത എതിരാളികൾ.