മാറ്റങ്ങളുമായി പുതു സീസണെ വരവേൽക്കാൻ പ്രീമിയർ ലീഗ്
ലോകത്തിലേറ്റവും കൂടുതൽ ഫാൻ ഫോളോവിങ് ഉള്ള ഫുട്ബോൾ ലീഗ് ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. പലപ്പോഴും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടപ്പാക്കുന്ന പല നിയമങ്ങളും ലോക ഫുടബോളിൽ തന്നെ മാറ്റം സൃഷ്ടിക്കാറുണ്ട്. അത്തരം ചില മാറ്റങ്ങൾക്കൊരുങ്ങുകയാണ് ഈ സീസൺ മുതൽ പ്രീമിയർ ലീഗ്. പത്തോളം നിയമഭേദഗതികളാണ് ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുടബോൾ ടീമിനെ തീരുമാനിക്കാനുള്ള പോരാട്ടത്തിൽ ഫുട്ബോൾ അസോസിയേഷൻ ഇത്തവണ തീരുമാനിച്ചിരിക്കുന്നത്. അവയിൽ പ്രധാനം ലീഗിൽ രണ്ടു ടീമുകൾ ഒരേ പോയൻറ് നിലയിൽ വന്നാൽ ആദ്യ സ്ഥാനക്കാരെ നിർണയിക്കാൻ ഗോൾ ശരാശരി ഉപയോഗിക്കുകയില്ല എന്നതാണ്. പകരം തമ്മിലുള്ള പോരാട്ടത്തിലെ വിജയിയെയാകും സ്ഥാനനിർണയത്തിൽ ഇനി മുതൽ ആദ്യം പരിഗണിക്കുക. തമ്മിലുള്ള പോരാട്ടങ്ങളിലും തുല്യത പാലിക്കുകയാണെങ്കിൽ തമ്മിൽ കളിച്ചപ്പോൾ നേടിയ എവേ ഗോളുകളാകും സ്ഥാനനിര്ണയത്തിനായി കണക്കിലെടുക്കുക. ഈ സീസൺ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമം ലീഗിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നതിനെക്കുറിച്ചു ഫുട്ബോൾ ലോകം ചർച്ച തുടങ്ങിക്കഴിഞ്ഞു. എവേ മത്സരങ്ങളിൽപ്പോലും ടീമുകൾ കൂടുതൽ ആക്രമണോൽസുകത കാട്ടുമെന്നുറപ്പായതോടെ ആവേശകരമായ ഒരു പ്രീമിയർ ലീഗ് സീസണായി കാത്തിരിക്കുകയാണ് ആരാധകർ.