Cricket cricket worldcup Editorial

ലോകകപ്പ് ഫൈനൽ ; ആരും തോൽക്കാത്ത ഫൈനൽ.

July 15, 2019

author:

ലോകകപ്പ് ഫൈനൽ ; ആരും തോൽക്കാത്ത ഫൈനൽ.

“ധീരൻമാർ തമ്മിലേറ്റുമുട്ടുമ്പോൾ വിജയിയെ നിർണയിക്കുക കരുത്തു മാത്രമല്ല, ഭാഗ്യവും കൂടിയാണ്. ”

ഭാഗ്യം, അതുമാത്രമായിരുന്നു ലോക ക്രിക്കറ്റിന്റെ രാജാക്കൻമാരെ തീരുമാനിക്കാനായി ക്രിക്കറ്റിന്റെ മെക്കയിൽ പോരാട്ടത്തിനിറങ്ങിയ ഇംഗ്ലണ്ടിനും ന്യൂസിലണ്ടിനുമിടയിൽ നിലനിന്നിരുന്ന വ്യത്യാസം. ടോസിൽ കെയ്ൻ വില്യംസണൊപ്പം നിന്ന് ഭാഗ്യദേവത പിന്നീടുള്ള അറുനൂറ്റിപന്ത്രണ്ടു പന്തുകൾക്കിടയിൽ ഒരു നൂൽപ്പാലത്തിലൂടെ പലവട്ടം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്കു ലഭിച്ചത് അവിസ്മരണീയമായൊരു കലാശപ്പോരാട്ടമായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കിവികൾ ശ്രദ്ധയോടെയാണ് ബാറ്റു വീശിയത്. അത്രത്തോളം സമ്മർദ്ദം നിറഞ്ഞ ഫൈനലിൽ മാന്യമായ ഏതൊരു ടോട്ടലിനും എതിരാളികളുടെ മുന്നിൽ ഹിമാലയത്തോളം ഉയരമുണ്ടായിരിക്കുമെന്ന തിരിച്ചറിവായിരിക്കാം അവരെ അതിനു പ്രേരിപ്പിച്ചത്. തുടക്കത്തിൽ അൽപം ആക്രമണോൽസുകത കാട്ടിയ ഗുപ്ടിലിനെ കൂടി നഷ്ടമായതോടെ ക്രീസിലെത്തിയ നായകൻ കെയ്‌നും നിക്കോളാസും പതിയെ സ്കോർബോർഡ് ചലിപ്പിച്ചപ്പോൾ ആദ്യ പത്തോവറിൽ കിവീസ് സ്കോർ ബോർഡിൽ വെറും 33 റണ്ണുകൾ മാത്രമാണുണ്ടായിരുന്നത്.

“കെയ്ൻ വില്യംസൺ”, ലോകത്തിൽ ഇപ്പോൾ കളിക്കുന്ന ഏറ്റവും മികച്ച നാലു ബാറ്സ്മാന്മാരിൽ ഒരാൾ ; അതാകും ഈ പേരു കേൾക്കുമ്പോൾ നമുക്കോർമവരിക, പക്ഷേ ന്യൂസിലാൻഡുകാർക്കയാൾ അതുക്കും മേലെയാണ്, അവർക്കുറപ്പുണ്ടായിരുന്നു ഏതു ദൗർഭാഗ്യപ്പേമാരിയിലും തന്റെ ബാറ്റുകൊണ്ടയാൾ ന്യൂസിലാൻഡ് ഇന്നിംഗ്‌സിനെ ചിറകെട്ടി സംരക്ഷിക്കുമെന്ന്. ഈ ലോകകപ്പിലടക്കം എത്രയോ തവണ അയാൾ കിവികളുടെ രക്ഷകനായി അവതരിച്ചിരിക്കുന്നു. പക്ഷേ ഈ ദിനം അത്തരം പ്രകടനങ്ങളുടേതായിരുന്നില്ല. പ്ലങ്കറ്റിന്റെ ഒരു ക്രോസ് സീം ഡെലിവറി വില്ലിയുടെ ബാറ്റിലുരസി ബട്ലറിന്റെ ഗ്ലൗസിലെത്തുമ്പോൾ ധർമസേനയ്ക്കുപോലും വിശ്വാസമായിരുന്നില്ല. പക്ഷേ മൂന്നാം അമ്പയർ ഇംഗ്ലണ്ടിനനുകൂലമായി വിധിയെഴുതുമ്പോൾ ഭാഗ്യദേവത ഇംഗ്ലീഷ് ക്യാമ്പിലേക്കുള്ള തന്റെ സഞ്ചാരം തുടങ്ങിയിരിക്കണം.

ഇന്നിംഗ്സ് പകുതിദൂരമെത്തുന്നതിനു മുന്നേ നായകനെ നഷ്ടമായ കിവീസിനു ലഭിച്ചൊരു കച്ചിത്തുരുമ്പായിരുന്നു നിക്കോളാസിന്റെ അർധസെഞ്ചുറി. പക്ഷേ നാഴികക്കല്ലു കടന്നയുടനെ നിക്കോളാസും പുറത്തായതോടെ ആ കപ്പൽ ആടിയുലയുവാൻ തുടങ്ങി. ടെയ്‌ലറുടെ പരിചയസമ്പത്തിനും നീഷാമിന്റെ ക്ഷമയ്ക്കും ആ പതനം തടയുവാനായില്ല. ഇന്ത്യക്കെതിരായ സെമി ഫൈനലിൽ മധ്യ ഓവറുകളിൽ വിക്കറ്റ് നഷ്ടമാകാതെ കാത്തുസൂക്ഷിച്ചതാണ് കിവീസിനു ഗുണമായതെങ്കിൽ ഇന്നലെ തന്റെ ക്രോസ് സീം പന്തുകളിലൂടെ ആ മധ്യനിരയെ തകർത്ത ലിയാം പ്ലങ്കറ്റ് ആയിരുന്നു കിവികളുടെ പതനത്തിനുത്തരവാദി. അവസാന ഓവറുകളിൽ ടോം ലതാം ചെറിയ ചെറുത്തുനിൽപ്പു നടത്തിയെങ്കിലും ഇന്നിങ്‌സിനൊടുവിൽ സ്കോർ ബോർഡിൽ തെളിഞ്ഞ 241 എന്ന അക്കങ്ങൾ ഒരിക്കലും ഇംഗ്ലീഷ് പടയ്ക്ക് ഒരു വെല്ലുവിളിയാകുമെന്ന് ആരും കരുതിയില്ല.

അപ്രവചനീയതയുടെ ദിനമായിരുന്നു ജൂലൈ 14. ലോകപ്രശസ്ത ചലച്ചിത്രകാരൻ ഇഗ്‌മാർ ബെർഗ്മാന്റെ ജന്മദിനം ഒരുപക്ഷെ അത്യന്തം നാടകീയമാക്കാൻ വിധി തീരുമാനിച്ചിരിക്കാം. അല്ലെങ്കിൽ എന്തിനാണ് ലോർഡ്‌സിൽ നിന്നും കിലോമീറ്ററുകൾ മാത്രമകലെ വിമ്പിൾഡണിലെ സെന്റർ കോർട്ടിൽ മറ്റൊരു കലാശപ്പോരാട്ടത്തിൽ റോജർ ഫെഡറർ എന്ന മുപ്പത്തിയെട്ടുകാരൻ ഒരു ഇരുപതുവയസ്സുകാരന്റെ കായികക്ഷമതയോടെ പോരാടിയത്?. ലോർഡ്‌സിൽ പക്ഷേ ഇരുപത്തെട്ടുകാരനായ കെയ്ൻ വില്യംസൺ ഒരു നാൽപതു വയസുകാരന്റെ പക്വതയോടെയാണ് തന്റെ ടീമിനെ നയിച്ചത്. തുടക്കത്തിലേ ഇംഗ്ലീഷ് ബാറ്റിങ്ങിന്റെ നട്ടെല്ലായ ജേസൺ റോയുടെയും ജോ റൂട്ടിന്റെയും വിക്കറ്റുകൾ വീഴ്ത്തിയപ്പോഴും കെയ്ൻ അമിതമായി ആഹ്ലാദിച്ചില്ല. വിജയത്തിലേക്കെത്താൻ ഇനിയും പടവുകൾ താണ്ടണമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.

“ബെൻ സ്റ്റോക്സ് “, മൂന്നു വർഷങ്ങൾക്കു മുൻപൊരു ലോകകപ്പ് ഫൈനലിൽ ഈഡൻ ഗാർഡനിൽ കാർലോസ് ബ്രാത്വൈറ്റിന്റെ അമാനുഷിക പ്രകടനത്തിനു മുന്നിൽ നിസഹായനായി നിന്ന ആ ചെറുപ്പക്കാരനായിരുന്നു കെയ്‌നിന്റെ ലക്ഷ്യങ്ങൾക്കു മുന്നിൽ വിലങ്ങുതടിയായി നിന്നത്. സ്ഥിരം ഇടവേളകളിൽ ബൗണ്ടറികൾ നേടി സ്കോർ ഉയർത്തിയ ബട്ലർക്കൊപ്പം അയാൾ നിശബ്ദപങ്കാളിയായി നിന്നു. ധാന്യമണികൾ പോലെ സിംഗിളുകളും ഡബിളുകളും സ്വന്തമാക്കി അയാൾ ഇംഗ്ളീഷ് ഇന്നിംഗ്‌സിനെ ലക്ഷ്യത്തോടടുപ്പിച്ചു. നിർണായക ഘട്ടത്തിൽ ബട്ലർ പുറത്തായതോടെ ഇഗ്ളീഷ് ഇന്നിങ്സിന്റെ നെടുംതൂണായി മാറിയ അയാൾ ലക്ഷ്യം അവസാന രണ്ടോവർ ബാക്കി നിൽക്കേ 24 റൺസുകളിലെത്തിച്ചു.

ഭാഗ്യമെന്ന ഘടകം പൂർണമായും ന്യൂസിലാൻഡിൽ നിന്നും അകന്നു നിന്ന പന്ത്രണ്ടു പന്തുകൾക്കാണ് പിന്നീട് ലോർഡ്‌സ് സാക്ഷ്യം വഹിച്ചത്. അല്ലെങ്കിൽ എങ്ങനെയാണ് ബൗണ്ടറിയിൽ അവിസ്മരണീയമായ ക്യാച്ചുകളെടുക്കുന്ന ട്രെൻഡ് ബോൾട് ആ പന്തുമായി ബൗണ്ടറി കടന്നത്?. സെമി ഫൈനലിൽ മനോഹരമായൊരു റണ്ണൗട്ടിലൂടെ ഇന്ത്യൻ പ്രതീക്ഷകൾ തകർത്തെറിഞ്ഞ ഗുപ്റ്റിലിന് എങ്ങനെ ലക്ഷ്യം പിഴച്ചു?. സ്റ്റോക്സിന്റെ ബാറ്റിൽ തട്ടിയ ആ പന്ത് ബൗണ്ടറിയിലെത്തുമ്പോൾ കെയ്ൻ തന്നിൽ നിന്നും അകലുന്ന ഭാഗ്യത്തെ നേരിട്ടു ദർശിച്ചിരിക്കണം !!.

ഏകദിന ലോകകപ്പ് കണ്ട ആദ്യ സൂപ്പർ ഓവറിൽ വീണ്ടും സ്റ്റോക്സ് കെയ്‌നു മുന്നിൽ വില്ലനായി അവതരിച്ചു.
തന്റെ ആവനാഴിയിലെ ഏറ്റവും പരിചയസമ്പന്നമായ അസ്ത്രം പ്രയോഗിച്ചിട്ടും റണ്ണെടുക്കുന്നതിൽ നിന്നും സ്റ്റോക്സിനെ തടയാൻ കെയ്‌നു കഴിഞ്ഞില്ല. ഒടുവിൽ 16 റൺസ് എന്ന വിജയലക്ഷ്യത്തിനു മുന്നിൽ വീണ്ടുമൊരു സമനിലയിൽ കളി അവസാനിക്കുമ്പോൾ കെയ്‌നു പൂർണമായും വിശ്വാസമായിരുന്നു. ആ ദിവസം തങ്ങളുടേതല്ലെന്ന്. വെറും കണക്കുകളിൽ മാത്രം പിന്നിലായെങ്കിലും അകന്നു പോയത് ഒരു ലോക കിരീടമാണെന്ന്.

ദൗർഭാഗ്യം, അതുമാത്രമായിരുന്നു കെയ്‌ൻ നിനക്കും ട്രോഫിക്കും ഇടയിലുണ്ടായിരുന്ന ദൂരം, പക്ഷേ എത്രയോ തവണ നാമിതു ദർശിച്ചിരിക്കുന്നു!!. മാറക്കാനയിൽ ഫുടബോളിന്റെ മിശിഹാ ഇതുപോലൊരു നിമിഷത്തിൽ വിങ്ങി നിന്നത് നീ കണ്ടതല്ലേ?, അല്പം മുൻപ് ലണ്ടനിൽ റോജർ ഫെഡററുടെ കണ്ണുനീർത്തുള്ളികളിൽ പ്രതിഭലിച്ചതും ഇതേ ദൗർഭാഗ്യത്തോടുള്ള മൗനമായുള്ള കലഹമായിരുന്നില്ലേ?.

ടൂർണമെന്റിന്റെ താരമെന്ന ബഹുമതിയുമായി നിൽകുമ്പോൾ നീയോർക്കുക ഇംഗ്ലണ്ടിനെ പറ്റി, മൂന്നു തവണയാണവർ ഈ കലാശപ്പോരാട്ടത്തിൽ വീണുപോയത്. ഈ കിരീടം അവർക്കൊരു കാവ്യനീതിയാണ്. ഒരു പക്ഷേ വളരെ വൈകിയെത്തിയൊരു വിശ്വ വിജയം. എങ്കിലുമാശിച്ചു ഞങ്ങൾ….

മത്സരശേഷം ആ കനകകിരീടം മോർഗൻ നിന്റെ നേർക്കു വച്ചു നീട്ടുമെന്ന, കാരണം…

“ഞങ്ങളുടെ മുന്നിൽ നീ തോറ്റുപോയവനല്ല, വീറോടെ പോരാടിയ ധീരനായകനാണ് !!!”.

Leave a comment

Your email address will not be published. Required fields are marked *