Cricket cricket worldcup Editorial

ലോകകപ്പ് – ഒരു ജനതയുടെ ആവേശം

July 13, 2019

author:

ലോകകപ്പ് – ഒരു ജനതയുടെ ആവേശം

1996ലാണ് ക്രിക്കറ്റ്‌ കളി കണ്ടു തുടങ്ങിയത്. അസറുദ്ദീനും ഗാംഗുലിയും ജഡേജയും സച്ചിനുമൊക്കെ അരങ്ങു തകർക്കുന്ന കാലമായിട്ടും അന്നു പെരുത്തിഷ്ടം വിനോദ് കാംബ്ലിയോടായിരുന്നു. ഒരു റോക്‌സ്റ്റർ പരിവേഷമൊക്കെയായിരുന്നു മനസ്സിൽ പുള്ളിക്ക്. 96 ലോകകപ്പ് സെമിയിൽ ഗ്രൗണ്ടിൽ നിന്നും പോകുന്ന സീൻ ഒക്കെ ഇപ്പോഴും മുന്നിലുണ്ട്. കണക്കുകളിലും മികച്ചുനിന്നിട്ടും അയാൾ ടീമിനു പുറത്തായി. അക്കാലത്തു ഏറ്റവും മികച്ച ടെസ്റ്റ്‌ ആവറേജ് ഉണ്ടായിട്ടും അയാൾ ഒരു ഏകദിന ബാറ്സ്മാനായി മുദ്രകുത്തപ്പെട്ടു. പതിയെ വിനോദ് കാംബ്ലിയെന്ന പേരു തന്നെ ഓർമയിൽ നിന്നും മറഞ്ഞുതുടങ്ങി.

എങ്കിലും ക്രിക്കറ്റ്‌ മനസ്സിലുണ്ടായിരുന്നു. നാളുകൾ കടന്നുപോയി, ഷാർജയും, ടോറന്റോയുമൊക്കെ ക്രിക്കറ്റ്‌ പ്രേമികളെ ത്രസിപ്പിച്ചു പിൻവാങ്ങി. ജയസൂര്യയുടെ സ്പ്രിങ് ബാറ്റും, വെള്ളിയാഴ്ച ഷാർജയിൽ പാകിസ്താനെ തോല്പിക്കാൻ പറ്റില്ലെന്നതുമൊക്കെ മനസ്സിൽ പതിഞ്ഞു കിടന്ന മിത്തുകളായി. പ്രസാദിന്റെ പ്രതികാരവും സച്ചിന്റെ ഷാർജ കൊടുങ്കാറ്റുമൊക്കെ മനസ്സിനെ കോരിത്തരിപ്പിച്ച കാലം. ഒരുപക്ഷെ ഇന്നത്തേക്കാൾ ക്രിക്കറ്റ്‌ മത്സരങ്ങൾ ആസ്വദിച്ച കാലമായിരിക്കണം അത്.

ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ലോകകപ്പായിരുന്നു 99ൽ കണ്ടത്. ഏതാണ്ടെല്ലാ ടീമുകളും തുല്യ ശക്തികളായിരുന്നു ഇംഗ്ലണ്ടിൽ. ടോണ്ടനിൽ നടന്ന ദാദഗിരിയും, ഏതു ദുർഘടദിശയിൽ നിന്നും തിരിച്ചുവരാനുള്ള ഓസീസിന്റെ കഴിവും, സെമി ഫൈനലിലെ ദക്ഷിണാഫ്രിക്കൻ ദുരന്തവുമൊക്കെ ദർശിച്ച ലോകകപ്പിൽ പക്ഷേ ഏറ്റവും അപ്രതീക്ഷിതം പാകിസ്താന്റെ ഫൈനലിലെ ദയനീയമായ കീഴടങ്ങലായിരുന്നു.

പിന്നീടായിരുന്നു ഇന്ത്യൻ ക്രിക്കറ്റ്‌ ഏറ്റവും ദുർഘടസന്ധികളെ ദർശിച്ചത്.
മനസ്സിൽ ഉറപ്പിച്ചിരുന്ന തങ്കവിഗ്രഹങ്ങൾ പലതും ഒരു കൊടുങ്കാറ്റിൽ ഉലഞ്ഞുവീണു. അസറും ജഡേജയുമടക്കം പ്രിയതാരങ്ങൾ കോഴവിവാദത്തിൽ വീണപ്പോഴും വിശ്വാസമുണ്ടായിരുന്നു ഇന്ത്യൻ ക്രിക്കറ്റ്‌ തളർന്നുപോകില്ലെന്ന്. ആ വിശ്വാസം കാത്തതു സൗരവ് ചന്ദീദാസ് ഗാംഗുലിയെന്ന കൽകട്ടക്കാരനായിരുന്നു. താൻ പടുത്തുയർത്തിയ ടീമിനൊപ്പം അയാൾ 2003 ലോകകപ്പ ഫൈനലിൽ ജോഹന്നാസ്ബർഗിൽ തലയുയർത്തി നിന്നപ്പോൾ അയാളോടൊപ്പം ഞങ്ങളും അഹങ്കരിച്ചു. തോൽവിയിലും തലയുയർത്തി നിന്ന സച്ചിൻ രമേശ്‌ ടെൻഡുൽക്കർ എന്ന കുറിയ മനുഷ്യൻ തീർത്തു വെച്ച റെക്കോർഡുകൾ ഇന്ത്യക്കാരുടെ മൊത്തം സ്വകാര്യ അഹങ്കാരമായിരുന്നു. പക്ഷേ നീളമുള്ളൊരു യാത്രയിൽ തീർച്ചയായും തടസ്സങ്ങളുണ്ടാകുമല്ലോ, അത്തരമൊരു ചെറു വൈതരണി മാത്രമാണ് 2007ൽ സംഭവിച്ചതെന്നു വിശ്വസിക്കാനാണ് ഇന്നും ഇഷ്ടം. സച്ചിനും വീരുവും ദ്രാവിഡും ഗാംഗുലിയുമൊക്കെ ഉണ്ടായിട്ടും നമ്മൾ വീണു. സഹീറിനും കുംബ്ളെക്കും ഹർഭജനുമൊന്നും അനിവാര്യമായ പരാജയത്തെ എറിഞ്ഞു തോല്പിക്കാൻ സാധിച്ചില്ല. ഓർമയിൽ ലോകകപ്പിൽ സംഭവിച്ച ഏറ്റവും വലിയ പരാജയവുമായി ഇന്ത്യ കരീബീയൻ ദ്വീപുകളിൽ നിന്നും നേരത്തേ മടങ്ങി.

ടീമിനെ മുന്നിൽ നിന്നും നയിക്കാൻ കഴിവുള്ളൊരു വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന വർഷങ്ങളായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടാണ് ആ തോൽവിയിൽ നിന്നും നാം ഉയിർത്തെഴുനേറ്റത്. നിലവിലെ പല സമ്പ്രദായങ്ങളെയും പൊളിച്ചെഴുതിയ ഒരു നീളൻ മുടിക്കാരൻ. “മഹേന്ദ്ര സിംഗ് ധോണി” എന്ന റാഞ്ചിക്കാരൻ നമ്മുടെ ക്രിക്കറ്റിനെ ഭരിച്ച നാളുകൾ. ലോക ക്രിക്കറ്റിൽ സാധ്യമായ എല്ലാ നേട്ടങ്ങളും അയാൾ ഭാരതത്തിലെത്തിച്ചു. ഇന്ത്യൻ ക്രിക്കറ്റ്‌ നേട്ടങ്ങൾ മാത്രം കൊയ്ത നാളുകൾ. വാൻഖഡെയിൽ ഇന്ത്യക്കു ഉറങ്ങാത്ത രാവു സമ്മാനിച്ച ആ സിക്സ് ഒരു രോമാഞ്ചത്തോടെയല്ലാതെ ഓർക്കുവാൻ സാധിക്കുമോ?. സ്വന്തം ജീവൻ പണയം വച്ചു കളിച്ച യുവരാജ് സിംഗ് എന്ന് പോരാളിയുടെ വിജയം കൂടിയായിരുന്നു 2011ലെ ലോകകപ്പ് കിരീടം.

കാലം മുന്നോട്ടു തന്നെ കുതിച്ചു. ഏകദിന ക്രിക്കറ്റിൽ അസാധ്യമെന്നു കരുതിയ ഇരട്ടശതകവും പൂർത്തിയാക്കി ഇന്ത്യൻ ക്രിക്കറ്റിന്റെ കോഹിനൂർ രത്നം തിരശ്ശീലക്കു പിറകിലേക്കു മാറിയെങ്കിലും പിന്നോട്ടു പോകുവാൻ ഇന്ത്യൻ ക്രിക്കറ്റിനു സാധിക്കുമായിരുന്നില്ല. സച്ചിൻ ഒഴിച്ചിട്ട സിംഹാസനം വിരാട് കൊഹ്‍ലിയെന്ന ദില്ലിക്കാരൻ ഏറ്റെടുത്തു. വേഗതയുടെ പര്യായമായി കോഹ്ലിയും ധോണിയും ഒത്തു ചേർന്നപ്പോൾ ചായ കുടിക്കുന്ന ലാഘവത്തോടെ ഇരട്ടസെഞ്ചുറികൾ നേടുന്ന രോഹിത് ശർമയും കൈകരുതിന്റെ പര്യായമായി ശിഖർ ധവാനുമെത്തി. എങ്കിലും 2015 ൽ സെമി ഫൈനലിൽ ഓസ്‌ട്രേലിയ തീർത്ത സമ്മർദ്ദത്തിനു മുന്നിൽ നമ്മൾ വീണു. ടൂർണമെന്റിൽ മുഴുവൻ ഒരേയൊരു തോൽവി മാത്രം വഴങ്ങിയെങ്കിലും ആ തോൽവി നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് ആയി പരിണമിച്ചു.

വർഷങ്ങൾ കടന്നുപോയി, ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യൻ ക്രിക്കറ്റിൽ ആഴത്തിൽ വേരുറപ്പിച്ചു. പുതിയ വിചാരതലങ്ങളുള്ള ആരാധകർ സൃഷ്ടിക്കപ്പെട്ടു. വികാരങ്ങൾ അവർക്കു മുന്നിൽ വെറും സംഖ്യകളായി മാറി. സച്ചിന്റെ സ്ട്രൈക്ക് റേറ്റും ഗാംഗുലിയുടെ ഫൈനലും അവർ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അതിൽ നിന്നും അവർ പല നിഗമനങ്ങളും സൃഷ്ടിച്ചു. റണ്ണുകളുടെയും വിക്കറ്റുകളുടെയും അടിസ്ഥാനത്തിൽ അവർ പല കളികളെയും പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ അന്നത്തെ വിജയശിൽപികൾ പരിഹാസപാത്രങ്ങളായി. അവരുടെ പ്രകടനങ്ങൾ വെറും നേരമ്പോക്കുകളായി.

ഇംഗ്ലീഷ് വില്ലോയുടെ ശബ്ദം പക്ഷേ മനസ്സിനെ വീണ്ടും മൈതാനത്തോടു ചേർത്തു നിർത്തി. ഇന്ത്യൻ ടീമിന്റെ ചെങ്കോൽ ധോണിയിൽ നിന്നും കൊഹ്‌ലിയിലേക്കു ചേക്കേറി എല്ലാ ഫോർമാറ്റിലും ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ടീമായി. ഒരുകാലത്തു നാം സ്വപ്നം മാത്രം കണ്ടിരുന്ന വിദേശ മണ്ണിലെ ആധികാരിക ജയങ്ങൾ, പാകിസ്താനിലെയും ദക്ഷിണാഫ്രിക്കയിലെയും ഫാസ്റ്റ് ബൗളർമാരെ കണ്ടു അദ്‌ഭുതപ്പെട്ടിരുന്ന നമുക്കു മുന്നിൽ ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനവുമായി നമ്മുടെ സ്വന്തം ജസ്പ്രീത് ബുംറ. 2019 ലോകകപ്പിനു തയ്യാറെടുക്കുമ്പോൾ നമുക്കു ഭയക്കാൻ കാരണങ്ങളൊന്നുമില്ലായിരുന്നു. അത്രയേറെ സുസജ്‌ജമായിരുന്നു നമ്മുടെ ടീം.

പക്ഷേ മത്സരങ്ങൾ തുടങ്ങിയപ്പോൾ തന്നെ അശുഭസൂചനയെത്തിയിരുന്നു. പരിക്കിന്റെ രൂപത്തിൽ ധവാൻ പോയതോടെ നമ്മുടെ ടീമിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പകരം രാഹുൽ ഓപ്പണറായതോടെ മധ്യനിരയിൽ വിള്ളലുകൾ വീണു തുടങ്ങി. അഞ്ചു സെഞ്ചുറികളുമായി രോഹിതും അർദ്ധ ശതകങ്ങളുമായി കോഹ്ലിയും ആ വിടവു സമർത്ഥമായി മൂടിവച്ചു. പക്ഷേ സെമി ഫൈനലിൽ കിവികൾ ആ മറ കൊത്തിനീക്കി. അന്നുവരെ കണ്ടിട്ടില്ലാത്ത ഒരാക്രമണത്തിനു മുന്നിൽ ശൈശവദശയിലുള്ള നമ്മുടെ മധ്യനിര പരാജയപ്പെട്ടു. മഹേന്ദ്ര സിംഗ് ധോണിയുടെ പരിചയസമ്പത്തും ജഡേജയുടെ ആത്മധൈര്യവും അവസാനം വരെ പൊരുതിയെങ്കിലും വില്യംസണും കൂട്ടരും ലോർഡ്സിലേക്കു കുതിച്ചു. മറ്റൊരു സെമി ഫൈനൽ തോൽവിയുമായി ഇന്ത്യ നാട്ടിലേക്കും.

തോൽവികളിൽ പിന്നോട്ടു പോകാനായിരുന്നെങ്കിൽ നാമിന്നു കാണുന്ന ഇന്ത്യൻ ടീം ഉണ്ടാവുകയില്ലായിരുന്നു. കാലം നൽകുന്ന ചെറു തിരിച്ചടികൾ ഊർജ്ജമാക്കി നാം മുന്നോട്ടു കുതിക്കും. കളമൊഴിയുന്ന മഹാരഥന്മാർക്കു പകരം പുതിയ തലമുറ ആ ദൗത്യമേറ്റെടുക്കും. ലോകത്തെ ഏറ്റവും മികച്ച ആഭ്യന്തര ക്രിക്കറ്റ്‌ ടൂർണമെന്റുകൾ നമ്മുടേതാണ്. അതിൽ കളിച്ചു വളരുന്ന ചെറു തൈകൾ വടവൃക്ഷങ്ങളാകും അവ നൽകുന്ന തണലിൽ ഇന്ത്യൻ ക്രിക്കറ്റ്‌ മുന്നോട്ടു കുതിക്കും. ഇനിയും ലോകകിരീടങ്ങൾ നമ്മുടെ മണ്ണിലേക്കെത്തും. കാരണം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൽ ജനിച്ചതെങ്കിലും ക്രിക്കറ്റിനു വളരാനിഷ്ടം ഹിമാലയത്തിന്റെ കുളിരിനു കീഴെയാണ്.

Leave a comment