“പരാജയപ്പെട്ടു എന്ന സത്യം മെസ്സി വിഴുങ്ങേണ്ടതുണ്ട്”- മാർക്വിനസ്
ഡിഫൻഡേർസ് പൊതുവേ മിതഭാഷികളാകും. പക്ഷേ അളമുട്ടിയാൽ ചേരയും കടിക്കും എന്നു പറഞ്ഞതുപോലെ, ബ്രസീലിയൻ സെൻറ്റർഡിഫൻഡർ ആയ മാർക്വിനസ് ഇപ്പോൾ നടക്കുന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് :
“മെസ്സിക്ക് അനുകൂലമായി ഒരുപാട് തെറ്റായ റഫറിയിങ്ങ് തീരുമാനങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ബാഴ്സലോണയിലും അർജന്റീനയിലും എല്ലാവരും അത് ഏറെ കണ്ടതാണ്. എന്നാൽ അപ്പോൾ ഒന്നും റഫറിയെ വിമർശിക്കുന്നതും അഴിമതി ആണെന്ന് അദ്ദേഹം പറയുന്നതും ഒന്നും കേട്ടിട്ടില്ല.മെസ്സി പരാജയപ്പെട്ടിരിക്കുകയാണ്. അത് അംഗീകരിക്കാൻ പഠിക്കണം. പരാജയപ്പെട്ടു എന്ന സത്യം മെസ്സി വിഴുങ്ങേണ്ടതുണ്ട്.”
വളരെ കൃത്യമായ നിരീക്ഷണങ്ങൾ!
റെക്കോർഡുകൾ വെട്ടിയൊതുക്കുന്ന മെസിക്ക് അർജന്റീനക്ക് വേണ്ടി ഒന്നും ചെയ്യാനാകുന്നില്ല. പ്രതേകിച്ച് ബദ്ധവൈരികളായ ബ്രസീലിനുനേരെ വരുമ്പോൾ മെസിയുടെ മാന്ത്രികപാദങ്ങൾ നിശ്ചലമാകുകയാണ്. അവസാന നിമിഷം വരെ ആരാധകർക്കുള്ള പ്രതീക്ഷയും ചുരുട്ടികെട്ടി കക്ഷത്തിൽ വെക്കേണ്ടി വരികയാണ്. മനശാസ്ത്രപരമായി ഇതിന്റെ ഫ്രസ്റ്റേഷൻ ചില്ലറയല്ല. അതിന്റെ പൊട്ടിതെറികളാണ് മുൻപൊരിക്കൽ പരാജയ ശേഷമുള്ള വിരമിക്കൽ തീരുമാനവും ഇപ്പോഴുള്ള ഈ ആരോപണങ്ങളും. ഇനി ആ വാർ തീരുമാനത്തിലെ അപാകതകൾ പരിഹരിക്കപ്പെട്ടാലും മെസി നിശ്ചേതനനായിരിക്കും.
നമ്മുടെയൊക്കെ നാട്ടിൻ പുറങ്ങളിലെ കട്ടപാടത്ത് ഓപ്പൺ ചാൻസ് കിട്ടുമ്പോൾ പുറത്തേക്ക് അടിച്ച് കളഞ്ഞിട്ട് ബോളിന് എയർ കൂടിയിട്ടാണെന്ന് പറയുന്ന ചങ്കുകൾ നടത്തുന്ന രസകരമായ ഡിഫൻസ് മെക്കാനിസമില്ലെ, അതിന്റെ മൂർധന്യപ്രയോഗത്തിലാണ് മെസിയിപ്പോൾ അത് കൃത്യമായി പറഞ്ഞുവെക്കുകയാണ് മാർക്വിനസ്. അതുകൊണ്ടൊക്കെ തന്നെയാണ് മെസി ഇത്രമേൽ സ്കില്ലുകൾ കാണിച്ചിട്ടും പെലെയെ പോലെയോ മറഡോണ, യോഹാൻ ക്രൈഫ്, ഫെറെങ് പുസ്കാസ്, സിദാൻ എന്നിവരെപോലെ രാജ്യത്തെ യശസുയർത്തിയ ഇതിഹാസ താരങ്ങളുടെ നിരയിലേക്ക് എണ്ണപ്പെടാത്തത്.