ലോകകപ്പ് 2019; ബൗളർമാർ തിളങ്ങി, ഇന്ത്യക്കു ജയം
2019 ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ 11 റണ്ണുകൾക്ക് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 224 റണ്ണുകൾ നേടി. വേഗം കുറഞ്ഞ പിച്ചിൽ സ്പിന്നർമാർക്കെതിരെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ താളം കണ്ടെത്താൻ വിഷമിച്ചപ്പോൾ നായകൻ വിരാട് കോഹ്ലി, കേദാർ ജാദവ് എന്നിവരുടെ അർദ്ധസെഞ്ചുറികളാണ് ഇന്ത്യക്ക് ഭേദപ്പെട്ട ടോട്ടൽ നൽകിയത്. കോഹ്ലി 67, ജാദവ് 52 റണ്ണുകൾ നേടി പുറത്തായി. അഫ്ഗാനുവേണ്ടി മുഹമ്മദ് നബി, ഗുലാബ്ദീൻ നയീബ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണർ സസായിയെ വേഗത്തിൽ നഷ്ടമായെങ്കിലും ഗുലാബ്ദീൻ (27), റഹ്മത് ഷാ (36), ശഹീദി (21) എന്നിവർ അഫ്ഗാനെ ലക്ഷ്യത്തോടടുപ്പിച്ചു. റഹ്മത്തിനെയും ശഹീദിയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ബുംറയാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. നജീബുള്ളയെ (21) കൂട്ടുപിടിച്ചു മുഹമ്മദ് നബി അഫ്ഗാനു വിജയപ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. 49.5 ഓവറിൽ 213 റൺസിന് അഫ്ഗാൻ നിരയിൽ എല്ലാവരും പുറത്തായി. 52 റൺസെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാൻ നിരയിൽ ടോപ് സ്‌കോറർ. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷമി ഹാട്രിക് അടക്കം നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹാൽ, ഹാർദിക് പാണ്ട്യ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ലോകകപ്പിൽ ഇന്ത്യയുടെ അൻപതാം വിജയമാണിത്.