ലോകകപ്പ് 2019; മലിംഗ തകർത്തു, ലങ്കയ്‌ക്കു ജയം
2019 ലോകകപ്പിൽ ഇന്നു നടന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ ശ്രീലങ്ക 20 റൺസിനു കീഴടക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കെറ്റ് നഷ്ടത്തിൽ 232 റൺസുകൾ നേടി. തുടക്കത്തിൽ വെറും മൂന്നു റൺസിനു രണ്ടു വിക്കറ്റ് നഷ്ടമായ ലങ്കയെ 49 റണ്ണുകൾ നേടിയ അവിഷ്ക ഫെർണാണ്ടോ, 46 റണ്ണുകൾ നേടിയ കുശാൽ മെൻഡിസ്, 85 റണ്ണുകൾ നേടിയ ആഞ്ചലോ മാത്യൂസ് എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഭേദപ്പെട്ട ടോട്ടൽ നൽകിയത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ, മാർക്ക് വുഡ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും തുടക്കത്തിലേ വിക്കെറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ ബെയർസ്റ്റോയെയും 14 റണ്ണെടുത്ത ജെയിംസ് വിൻസിനെയും പുറത്താക്കി ലസിത് മലിംഗയാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. അർദ്ധ സെഞ്ചുറി നേടിയ ജോ റൂട്ട് (57), നായകൻ ഓയിൻ മോർഗൻ (21) എന്നിവരെയും നഷ്ടമായതോടെ ചേസിന്റെ ചുമതല ബെൻ സ്റ്റോക്സിൽ വന്നു ചേർന്നു. ഒരറ്റത്തു ബെൻ സ്റ്റോക്സ് നിലയുറപ്പിച്ചെങ്കിലും
വാലറ്റം പിന്തുണ കൊടുക്കാതിരുന്നതോടെ 47 ഓവറിൽ 212 റൺസിന് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചു. അവസാന ഓവറുകളിൽ ബെൻ സ്റ്റോക്സ് കൂറ്റനടികളിലൂടെ ലക്ഷ്യം കാണാൻ ശ്രമിച്ചെങ്കിലും അവസാന ബാറ്റ്സ്മാൻ മാർക്ക് വുഡിനെയും വീഴ്ത്തി ലങ്ക ജയമുറപ്പിക്കുകയായിരുന്നു. 82 റൺസെടുത്ത ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ശ്രീലങ്കയ്ക്കു വേണ്ടി ലസിത് മലിംഗ 43 റൺസ് വഴങ്ങി നാലു വിക്കെറ്റ് വീഴ്ത്തിയപ്പോൾ ധനഞ്ജയ ഡിസിൽവ മൂന്നും ഉദാന രണ്ടും വിക്കറ്റ് വീഴ്ത്തി. മലിംഗയാണ് കളിയിലെ കേമൻ.






































