മഴ മാറട്ടെ മാനം തെളിയട്ടെ കളി നടക്കട്ടെ
നാലുവർഷത്തിൽ മാത്രം വിരുന്നെത്തുന്ന ഈ വിശ്വ മാമാങ്കത്തിൽ രസം കൊല്ലിയായി മഴ എത്തുമ്പോൾ നമുക്ക് നഷ്ടമാവുന്നത് ക്ലാസ്സിക് പോരാട്ടങ്ങളാണ്, കയ് മെയ് മറന്നു സ്വന്തം രാജ്യത്തിന്റെ പതാക ഉയരത്തിൽ പാറി പറത്താൻ ഓരോ കളിക്കാരും തയ്യാറാവുമ്പോൾ വിലങ്ങു തടിയായെത്തുന്ന മഴ ശെരിക്കും നമ്മൾക്ക് നഷ്ടപ്പെടുത്തുന്നത്, വരാനിരിക്കുന്ന അടുത്ത നാല് വർഷങ്ങളിൽ അയവിറക്കാനുള്ള സുന്ദര മുഹൂർത്തങ്ങളാണ്…..
ജയവും പരാജയവും കളിയുടെ ഭാഗമാണെന്നിരിക്കെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർ ചിരിയോടെ മടങ്ങുന്നതും, തോല്കുന്നവർ നിരാശയോടെ മടങ്ങുന്നതും ഈ കളിയുടെ ഒരു ഭാഗവുമാണെന്നത് അറിയുന്ന സാഹചര്യത്തിൽ , കാലാവസ്ഥ പ്രതികൂലമാവാതിരിക്കട്ടെ, നന്നായി കളിക്കുന്നവർ ജയിക്കട്ടെ….
മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ബോളിനെ തന്റെ ഇഷ്ടത്തിന് അമ്മാനമാടികുന്ന ബോൾട്ടും, തങ്ങളുടെ ഇതിഹാസമായ ബോണ്ടിന്റെ ആക്ഷൻ വീണ്ടും ഓർമിപ്പിക്കുന്ന വിധം ഏതൊരു ബാറ്റ്സ്മാനെതിരെയും വെല്ലുവിളി ഉയർത്തുന്ന ഹെന്രിയും, വേഗത കൊണ്ട് പേരെടുത്ത ഫെർഗുസനും കളിക്കളത്തിൽ ഇറങ്ങട്ടെ.
എതിരിടാൻ ഏതൊരു പിച്ചും കയ്യടക്കാനുള്ള കഴിവ് വാനോളമുള്ള കോഹ്‌ലിയും, തന്റെ തലക്ക് നേരെ കുതിചെത്തുന്ന തീയുണ്ടകളെ ഗാലറിയിലേക്ക് പറത്താൻ ഇഷ്ടപെടുന്ന രോഹിതും , ക്രീസിൽ നിൽക്കുന്ന ഓരോ നിമിഷം ഒരു കലാകാരന്റെ കലാവിരുതോടെ ബോളുകളെ തലോടുന്ന രാഹുലും ഇറങ്ങുമ്പോൾ, നമുക്ക് ലഭിക്കാൻ പോവുന്ന ആ സുന്ദര മുഹൂർത്തങ്ങൾ മഴ കവർന്നെടുക്കാതിരിക്കട്ടെ…..
Pranav Thekkedath






































