Editorial Foot Ball

മാഡ്രിഡിൽ സംഭവിച്ചത്; യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ റിവ്യൂ

June 2, 2019

author:

മാഡ്രിഡിൽ സംഭവിച്ചത്; യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ റിവ്യൂ

ഇത് ഒരു അഗ്നിപരീക്ഷയായിരുന്നു. 2018 ജൂൺ മാസം ഇരുപത്തിയാറാം തീയതി ക്വാളിഫയിങ് മത്സരങ്ങളിൽ തുടങ്ങി 2019 ജൂൺ ഒന്നാം തീയതി അവസാനിക്കുന്ന യൂറോപ്യൻ ഫുടബോളിന്റെ കിരീടാവകാശികളെ കണ്ടെത്താനുള്ള അഗ്നിപരീക്ഷ. നൂറ്റിയിരുപത്തിലധികം മത്സരങ്ങൾ പിന്നിട്ട മുപ്പതിലേറെ നഗരങ്ങൾ കടന്ന് ആ മത്സരം കാളപ്പോരിന്റെ നാട്ടിലെത്തി. മാഡ്രിഡിലെ വാൻഡ മെട്രോപ്പോളിറ്റാനോയിൽ പക്ഷേ ആ കിരീടത്തിനായി വീറോടെ ഏറ്റുമുട്ടിയത് രണ്ടു ഇംഗ്ലീഷ് വമ്പന്മാരായിരുന്നു. പ്രീമിയർ ലീഗ് കിരീടം വെറും ഒരു പോയന്റിന് അടിയറ വെയ്‌ക്കേണ്ടിവന്ന ലിവർപൂളും ആയിരത്തൊന്നു രാവുകളിലെ സിൻബാദിന്റെ പ്രയാണം പോലെ അദ്‌ഭുതങ്ങൾ സൃഷ്ടിച്ചും കണ്ടറിഞ്ഞും യാത്രചെയ്തു വന്ന ടോട്ടൻഹാം ഹോട്സ്പറും തമ്മിലുള്ള പോരാട്ടം കാളപ്പോരിനെക്കാൾ വീറുറ്റതാകുമെന്നുറപ്പായിരുന്നു.

ഇരു ടീമുകളുടെയും ലൈനപ്പിൽ തന്നെ പ്രകടമായ മാറ്റങ്ങളുണ്ടായിരുന്നു. ലിവർപൂളിനു വേണ്ടി സൂപ്പർ താരങ്ങളായ സലയും ഫിർമിഞ്ഞോയും മടങ്ങിയെത്തിയപ്പോൾ സെമിഫൈനലിലെ ഹാട്രിക് ഹീറോ ലൂക്കാസ് മൗറയെ ബെഞ്ചിലിരുത്തിയ പോച്ചെട്ടിനോ പരുക്കു ഭേദമായ സ്റ്റാർ സ്‌ട്രൈക്കർ ഹാരി കെയ്‌നെ കളത്തിലിറക്കി.

നാടകീയതയുടെ അതിസങ്കീർണമായ മുഹൂർത്തങ്ങളോടെയായിരുന്നു കളിയുടെ തുടക്കം, ആദ്യ മിനുട്ടിൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ മാനേ തൊടുത്ത ഷോട്ട് സിസോകോയുടെ ഉയർത്തിപ്പിടിച്ച കൈയിലാണ് കൊണ്ടത്. റഫറിയുടെ വിരൽ പെനാൽറ്റി സ്പോട്ടിലേക്കു നീണ്ടു. കിക്കെടുത്ത സലയ്ക്കു പിഴച്ചില്ല. ലോറിസിനെ കബളിപ്പിച്ച സല പന്തിനെ പോസ്റ്റിന്റെ വലതു മൂലയിൽ നിക്ഷേപിച്ചു. സ്കോർ 1-0.

ആദ്യനിമിഷത്തിൽ ഗോൾ വീണതിന്റെ ഞെട്ടലിൽ ടോട്ടനം നടത്തിയ ചില തുടർനീക്കങ്ങളൊഴിച്ചാൽ തീർത്തും നിരാശാജനകമായിരുന്നു ആദ്യ പകുതി. സോൺ നടത്തിയ ചില ഒറ്റയാൾ നീക്കങ്ങളൊഴികെ ടോട്ടനം ഒരു സമനിലഗോൾ തങ്ങൾക്കാവശ്യമില്ല എന്ന് രീതിയിൽ കളിക്കുന്നതുപോലെ തോന്നി. മറുഭാഗത്തു ലിവർപൂളും തുടക്കത്തിലേ തങ്ങൾക്കു ലഭിച്ച ഒരു ഗോൾ ആനുകൂല്യത്തിൽ തൃപ്തരാണെന്നപോലെ കളിച്ചു. മുപ്പത്തിയൊമ്പതാം മിനുട്ടിൽ റോബർട്സണിന്റെ ഒരു ലോങ്ങ്‌ റേഞ്ച് ഷോട്ട് വളരെ പണിപ്പെട്ടു ലോറിസ് കുത്തിയകറ്റിയതൊഴിച്ചാൽ ഒരു ഫൈനലിന്റെ ആവേശം ഇരു ടീമുകളും കാട്ടിയില്ല. പൊസഷൻ കാത്തു സൂക്ഷിക്കുന്നതിൽ ഇരു ടീമുകളും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അധികം സംഭവബഹുലമല്ലാതെ തന്നെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒരു ചാമ്പ്യൻസ് ലീഗിന്റെ യാതൊരു ആവേശവുമില്ലാതെയാണ് കളി മുന്നോട്ടു പോയത്. ഇതിനിടെ ഫിർമിഞ്ഞോയെ പിൻവലിച്ച ക്ളോപ് പകരം ഒറിജിയെ കളത്തിലിറക്കി. വെനാൾഡത്തിനു പകരം മിൽനറും ലിവർപൂളിനായി കളത്തിലിറങ്ങി. പക്ഷേ കളിയുടെ ഗതിയിൽ മാറ്റമുണ്ടായില്ല. അറുപത്തിയഞ്ചാം മിനുട്ടിലാണ് ടോട്ടനം ആരാധകർ ആഗ്രഹിച്ച മാറ്റം പോച്ചേട്ടീനോ നടത്തിയത്. ഹാരി വിങ്ക്സിനു പകരം ലൂക്കാസ് മൗറ വന്നതോടെ ടോട്ടനം കുറച്ചുകൂടി ആക്രമണോൽസുകത കാട്ടുമെന്നു ആരാധകർ കരുതിയിരിക്കാം.

എഴുപതാം മിനുട്ടിനു ശേഷമാണ് കളിക്ക അൽപമെങ്കിലും ജീവൻ വെച്ചത്. എഴുപത്തിനാലാം മിനുട്ടിൽ അലിയുടെ ശ്രമം അല്ലിസൺ കൈയിലൊതുക്കി. സൺ മികച്ചൊരു റണ്ണുമായി ലിവർപൂൾ പ്രതിരോധത്തിൽ ഭീതി പടർത്തിയെങ്കിലും വാൻ ഡെക് വളരെ ഫലപ്രദമായി അതിനെ നിർവീര്യമാക്കി. എൺപത്തിയഞ്ചാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിലൂടെ എറിക്‌സൺ അല്ലിസണെ പരീക്ഷിച്ചെങ്കിലും കളിയിലെ തന്നെ ഏറ്റവും മനോഹരമായ സേവുമായി ബ്രസീലിയൻ ഗോൾ കീപ്പർ ലിവർപൂളിനെ രക്ഷിച്ചു.

തുടരെയുള്ള ടോട്ടനം ഗോൾ ശ്രമങ്ങൾക്കിടയിലാണ് ലിവർപൂളിന്റെ രണ്ടാം ഗോൾ വന്നത്. മിൽനറിന്റെ കോർണറിൽ നിന്നും തിരിച്ചുവന്ന പന്ത് ഫാബിഞ്ഞോ ഒറിജിയിലേക്കു പാസ് ചെയ്തു. പാസ് പിടിച്ചെടുത്ത ഒറിജിയുടെ ഷോട്ട് ലോറിസിന്റെ ഡൈവിനെ മറികടന്നു വലയിലേക്കു പോകുമ്പോൾ ഗാലറി ചുവപ്പുനിറത്തിൽ കുളിച്ചു നിന്നു. ഇസ്താംബൂളിലെ ആ അദ്‌ഭുതത്തിനു ശേഷം ലിവർപൂൾ ആരാധകർക്ക് മറ്റൊരു ആഘോഷരാവ് !!. പിന്നീടെല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. ഫൈനൽ വിസിലിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചപ്പോൾ യൂറോപ്പിന് പുതിയ കിരീടാവകാശികളെ ലഭിച്ചു. ഒപ്പം ജുർഗൻ ക്ലോപ് എന്ന പരിശീലകന് അർഹിച്ച കിരീടവും.

എവിടെയാണ് ടോട്ടനത്തിനു പിഴച്ചത്?. സെമി ഫൈനലിൽ അവർ കാഴ്ചവെച്ച പോരാട്ടവീര്യത്തിന്റെ പകുതിയെങ്കിലും പുറത്തെടുത്തിരുന്നുവെങ്കിൽ അവർക്ക് വിജയം കൈവരിക്കാമായിരുന്നു. ഹാരി കെയ്ൻ എന്ന അവരുടെ ഏറ്റവും മികച്ച മുന്നേറ്റനിരക്കാരൻ കളത്തിൽ തീർത്തും പരാജയമായിരുന്നു. ഒരു പക്ഷേ മൈതാനത്തുഴറി നടന്ന കെയ്‌നിനു പകരം ലൂക്കാസ് മൗറ എന്ന കളിക്കാരൻ തുടക്കം മുതലേ കളത്തിലുണ്ടായിരുന്നുവെങ്കിൽ മത്സരത്തിന്റെ വിധി മറ്റൊന്നായേനേ.
എങ്കിലും ആശ്വസിക്കാം, ആ കിരീടം ഏറ്റവും അർഹരായവരുടെ കൈകളിലാണ് ചെന്നുചേർന്നിരിക്കുന്നത്.

Leave a comment