പ്രീമിയർ ലീഗ് : അവസാന മത്സരത്തിൽ ആർസെനലിനു ജയം
ടോപ് 4 ഫിനിഷ് എന്ന മോഹം പൂവണിഞ്ഞില്ലെങ്കിലും 2018-19 പ്രീമിയർ ലീഗ് സീസൺ ആർസെനൽ വിജയത്തോടെ അവസാനിപ്പിച്ചു. സ്ട്രൈക്കർ പിയറി എമറിക് അബാമേയാങ്ങിന്റെ ഇരട്ട ഗോൾ മികവിൽ ബേൺലിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗണ്ണേഴ്സിന്റെ വിജയം.
ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ബേൺലി താരങ്ങളുടെ പിഴവ് മുതലെടുത്തു മുന്നോട്ട് കുതിച്ച അബാമേയാങ് പന്ത് വലയിലെത്തിച്ചു(0-1). 63ആം മിനുട്ടിൽ ഇവോബിയുടെ ക്രോസ്സ് മനോഹരമായി ഫിനിഷ് ചെയ്തു അബാമേയങ്ങ് ഗണ്ണേഴ്സിന്റെ ലീഡുയർത്തി (2-0). എന്നാൽ 2മിനുട്ടിനുള്ളിൽ ആഷ്ലി ബേൺസിലൂടെ ബേൺലി തിരിച്ചടിച്ചു (1-2). കളിയവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കവേ യുവതാരം എഡി നികേതയിലൂടെ ആർസെനൽ പട്ടിക പൂർത്തിയാക്കി (1-3).
മത്സരത്തിലെ ഇരട്ട ഗോളോടെ ലീഗിൽ 22 ഗോൾ നേടിയ അബാമേയാങ് ഇത്രയും തന്നെ ഗോളുകൾ നേടിയ ലിവർപൂളിന്റെ സലാഹ്, മാനെ എന്നിവർക്കൊപ്പം ഗോൾഡൻ ബൂട്ട് ബഹുമതി പങ്കിട്ടു.
38 മത്സരത്തിൽ നിന്നും 70 പോയിന്റുമായി അഞ്ചാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഗണ്ണേഴ്സിന് നേരിയ വ്യത്യാസത്തിലാണ് നേരിട്ടുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായത്. ഇതോടെ മെയ് 29നു നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ ചെൽസിയെ തോൽപിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനായിരിക്കും ആര്സെനലിന്റെ ശ്രമം.






































