യൂറോ 2020 ക്വാളിഫൈയർ : ഫ്രാൻസിനു തകർപ്പൻ ജയം
ദുർബലരായ മോൾഡോവോയെ 4-1നു തകർത്തു ലോകചാമ്പ്യന്മാരായ ഫ്രാൻസിനു യൂറോ 2020ക്വാളിഫൈറിൽ ജയത്തോടെ തുടക്കം. ഒരു ഗോൾ നേടുകയും ഒന്നിന് അവസരമൊരുക്കുകയും ചെയ്ത അന്റോണിയോ ഗ്രീസ്‌മാന്റെ മികവാണ് ഫ്രാൻസിനു മികച്ച ജയം സമ്മാനിച്ചത്.
മോൾഡോവൻ തലസ്ഥാനമായ ചിസിനാവിൽ നടന്ന മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ഫ്രാൻസിനു 170ആം സ്ഥാനക്കാരായ മൊൾഡോവ എതിരാളികളേ ആയിരുന്നില്ല. മാച്ചില്‍ തുടക്കം മുതലേ ആധിപത്യം നേടിയ ഫ്രാൻസ് മോല്‍ഡോവന്‍ ബോക്സിലേയ്ക്കു നിരന്തരം ആക്രമണം ഉതിര്‍ത്തു. 24ആം മിനുട്ടിൽ ഫ്രാൻസ് ലീഡ് നേടി. . പോൾ പോഗ്ബ നൽകിയ ക്രോസ്സ് ബോക്സിനുള്ളിൽ മനോഹരമായ ഇടങ്കാലൻ ഷോട്ടിലൂടെ ഗ്രീസ്‌മാൻ വലയിലാക്കി (1-0). 3 മിനുട്ടിനുള്ളിൽ തന്നെ ഫ്രാൻസ് ലീഡുയർത്തി. ഇത്തവണ കോർണർ കിക്ക് എടുത്ത ഗ്രീസ്‌മാന്റെ പന്ത് ഹെഡ്ഡെറിലൂടെ പ്രതിരോധ താരം വരാനെ ഗോളാക്കി(2-0).
കൂടുതൽ ഗോളുകൾക്കു വേണ്ടിയുള്ള ഫ്രാൻസിന്റെ ശ്രമങ്ങൾക്ക് 36-ആം മിനുട്ടിൽ വീണ്ടും ഫലം കിട്ടി. മറ്റുഡിയുടെ ക്രോസ്സ് ഒരു മനോഹര ഫ്ലിക്കിലൂടെ സ്‌ട്രൈക്കർ ജിറൂഡ് ഫ്രാൻസിന്റെ സ്കോർ മൂന്നാക്കി (3-0). ഇതോടെ ഫ്രാൻസിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ മൂന്നാം സ്ഥാനത്തുള്ള ഡേവിഡ് ട്രസ്റിഗേയുടെ 34 ഗോൾ എന്ന നേട്ടത്തിനൊപ്പം ജിറൂഡ് എത്തി. ഇടവേളയ്ക്കു മുന്നേ മറ്റു ചില അവസരങ്ങൾ ലഭിച്ചെങ്കിലും കൂടുതൽ ഗോൾ പിറന്നില്ല.
രണ്ടാം പകുതിയിലും ഫ്രാൻസി ആധിപത്യം തുടർന്നു. ഗ്രീസ്‌മാനും ജിറൂഡിനും പോഗ്ബക്കും ഒക്കെ ലഭിച്ച അവസരങ്ങൾ നേരിയ വ്യത്യാസത്തിൽ പാഴായി. 87-ആം മിനുട്ടിൽ ലേമാറിന്റെ പാസ്സ് സ്വീകരിച്ചു എംബപ്പേ ഫ്രാൻസിനായി നാലാം ഗോൾ നേടി(4-0). മോൾഡോവയുടെ ആശ്വാസ ഗോൾ പകരക്കാരനായി ഇറങ്ങിയ ആംബ്രോസ്കളി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോൾ നേടി(4-1).
ഗ്രൂപ്പിൽ ഐസ്‌ലൻഡുമായിട്ടാണ് ഫ്രാൻസിന്റെ അടുത്തമത്സരം.






































