അവസാനം രക്ഷപ്പെട്ട് ഇൻ്റർ
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇൻ്ററിന് സമനില. സ്വന്തം ഗ്രൗണ്ടിൽ ചെക് റിപബ്ലിക്കൻ ക്ലബ് സ്ലാവിയ പരാഗ്യയോട് അവസാന നിമിഷം വരെ തോൽക്കേണ്ട അവസ്ഥ യിലായിരുന്നു ഇൻ്റർ. 92-ആം മിനിറ്റിൽ ബറെല്ലയുടെ ഗോളിലാണ് അവർ സമനില ഗോൾ നേടി രക്ഷപ്പെട്ടത്. ഗോൾരഹിത ആദ്യ പകുതിക്ക് ശേഷം ആദ്യം ഗോൾ നേടിയത് സ്ലാവിയയായിരുന്നു. 63ആം മിനിട്ടിൽ നൈജീരിയൻ താരം ഓലയിങ്കയായിരുന്നു അവരെ മുന്നിലെത്തിച്ചത്. പക്ഷേ അവസാനം തിരിച്ചടിച്ച് രക്ഷപ്പെടുകയായിരുന്നു ഇൻ്റർ. ഇതോടെ ബാഴ്സയും ഡോർഡ്മുണ്ടുമടങ്ങുന്ന ഇൻ്ററിൻ്റെ ഗ്രൂപ്പ് കൂടുതൽ സങ്കീർണ്ണമാവുകയാണ് ചെയ്തത്.
പ്രമുഖരെയെല്ലാം കളത്തിലിറക്കി തന്നെയാണ് ഇൻറർ സ്ലാവിയക്കെതിരെ ഇറങ്ങിയത്. സ്വന്തം മൈതാനത്ത് വിജയത്തിൽ കുറഞ്ഞൊതൊന്നും അവർ ചിന്തിച്ചിട്ടുണ്ടാവില്ല എന്ന് സാരം. പക്ഷേ സിരി എയിൽ കണ്ട ഇൻ്ററായിരുന്നില്ല ഇന്ന് ചാമ്പ്യൻസ് ലീഗിൽ കണ്ടത്. അവസരങ്ങൾ മത്സരിച്ച് തുലക്കുന്ന ലുക്കാക്കു അടക്കമുള്ള മുന്നേറ്റ താരങ്ങൾ, മുന്നേറ്റ താരങ്ങൾക്ക് പന്തെത്തിക്കാനാവാതെ ഉഴറുന്ന മധ്യനിര ഇതായിരുന്നു ഇന്നത്തെ ഇൻ്റർ. അപ്പോഴും ഭേദം പ്രതിരോധ താരങ്ങൾ തന്നെയായിരുന്നു. അവർ കൂടെയില്ലായിരുന്നുവെങ്കിൽ ഇൻ്റർ സ്വന്തം മൈതാനത്ത് തോൽവി വഴങ്ങേണ്ട അവസ്ഥ വന്നേനെ.
ഇൻ്ററിൻ്റെ പിഴവ് മാത്രമൊന്നുമല്ല ഇന്നത്തെ സമനിലക്ക് കാരണം. സ്ലാവിയ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. പലപ്പോഴും ഇൻ്ററിൻ്റെ പ്രതിരോധ താരങ്ങളും ഗോൾ കീപ്പറുമാണ് ഗോൾ എന്നുറച്ച പല നീക്കങ്ങളും തടഞ്ഞ് ഇൻ്ററിനെ രക്ഷിച്ചത്. മത്സരം സമനിലയിലായതോടെ ആദ്യമേ മരണഗ്രൂപ്പായി വിലയിരുത്തിയ ഗ്രൂപ്പ് എഫ് കുടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.