അറ്റലാന്റ ഇൻ വണ്ടർലാൻഡ് !!
അതെ! അറ്റ്ലാൻ്റ വണ്ടർലാൻഡിലാണ്. ചാമ്പ്യൻസ് ലീഗ് എന്ന വണ്ടർലാൻഡിൽ!
ക്ലബിൻ്റെ നൂറ്റിപ്പതിനൊന്നു വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അറ്റ്ലാൻ്റ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്. ഇത്രയും നാൾ ഇറ്റാലിയൻ സിരി ഒന്നാം ഡിവിഷനിലും രണ്ടാം ഡിവിഷനിലും ആരാലും ശ്രദ്ധിക്കപ്പെടാതെ കളിച്ചു കൊണ്ടിരുന്ന അറ്റ്ലാൻ്റ ഇന്ന് വണ്ടർലാൻഡിൽ തന്നെയാണ്. അതും യുവൻ്റസ്, നാപോളി, ഇൻ്റർ മിലാൻ, എസി മിലാൻ, ലാസിയോ പോലോത്ത വമ്പന്മാർ വാഴുന്ന ഇറ്റാലിയൻ സിരി യിൽ നിന്ന്.
രണ്ടാം ഡിവിഷനിലായിരുന്നു അറ്റ്ലാൻ്റ ഏറെയും കളിച്ചിരുന്നത്. ഒന്നാം ഡിവിഷനിൽ കളിച്ചാലാകട്ടെ, സ്ഥിരതായാർന്ന പ്രകടനം കാഴ്ചവെക്കാനാവാതെ പോയിൻ്റ് ടേബിളിൽ അടിത്തട്ടിലായിരിക്കും എപ്പോഴും അവരുടെ സ്ഥാനം. എന്നാൽ സ്ഥിതിഗതികൾ മാറി. 2016ൽ ഗുവാസ് പെരിനിയെ കോച്ചായി നിയമിച്ചതു മുതൽ അറ്റ്ലാൻ്റയുടെ തലവര തന്നെ മാറിയെന്ന് പറയാം. പിന്നീടുള്ള സീസണുകളിൽ അറ്റ്ലാൻ്റയുടെ സിരി എയിലെ സ്ഥാനം 3, 7, 3 എന്നിങ്ങനെയായിരുന്നു. പക്ഷേ അറ്റ്ലാൻ്റക്കിത് യാദൃശ്ചികമായിട്ടോ ഭാഗ്യമായോ കിട്ടിയതല്ല. കളിച്ചിട്ടു തന്നെയാണ്.
കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ സിരിയിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമേത്? ഗോളിലേക്ക് ഏറ്റവും കൂടുതൽ ഷോട്ടുതിർത്ത ടീം ഏത്? യുവൻ്റസിൻ്റെയും ഇൻ്ററിൻ്റെയുമെല്ലാം പേര് പറയാൻ വരട്ടെ, ഉത്തരം തെറ്റാണ് !!!
ഈ രണ്ട് ചോദ്യത്തിനുമുത്തരം അറ്റ്ലാൻ്റ എന്ന് മാത്രമാണ്. ഭാഗ്യമോ യാദൃശ്ചികതയോ ഒന്നുമല്ലെന്ന് ഇപ്പോൾ മനസ്സിലായല്ലോ?
എഴുപത്തിയേഴ് ഗോൾ ആണ് കഴിഞ്ഞ സീസണിൽ അറ്റ്ലാൻ്റ സ്കോർ ചെയ്തത്. നാപോളി, ജുവൻ്റെസ്, റോമ, ഇൻ്റർ എന്നീ വമ്പൻമാർ യഥാക്രമം 74,70,66,57 ഗോളുകൾ വീതമടിച്ചെങ്കിലും അറ്റ്ലാൻ്റയുടെ പിറകിലാണ് എന്നതാണ് വാസ്തവം.
പ്രധിരോധമായിരുന്നു അന്ന് അറ്റ്ലാൻ്റക്കുണ്ടായിരുന്ന തലവേദന. 46 ഗോളുകളാണ് അവർ കഴിഞ്ഞ സീസണിൽ വാങ്ങിക്കൂട്ടിയത്. 30,33,36 ഗോളുകൾ വഴങ്ങി ജുവൻ്റെസും ഇൻ്ററും നാപ്പോളിയുമാണ് ഗോൾ വഴങ്ങാൻ പിശുക്ക് കാണിച്ച ടീമുകൾ.
അറ്റ്ലാൻ്റയുടെ പ്രധാന ശക്തികൾ രണ്ട് പേരാണ്. ഒന്ന് അവരുടെ ക്യാപ്റ്റൻ അൽജാന്ദ്രോ ഗോമസ് എന്ന പപ്പു ഗോമസ്. രണ്ട് അവരുടെ ഗോളടി മെഷീൻ സപാറ്റ. കൊളംബിയൻ താരമായ സപാറ്റ 28 ഗോളുകളാണ് കഴിഞ്ഞ സീസണിൽ അറ്റ്ലാൻ്റക്കായി സ്കോർ ചെയ്തത്. കഴിഞ്ഞ സീസണിലെ ഇറ്റാലിയൻ ലീഗിൽ രണ്ടാം സ്ഥാനം. റൊണോൾഡോയേക്കാൾ കൂടുതലുണ്ടത്!
പപ്പു ഗോമസിൻ്റെ ഗോളടിക്കാനുള്ള താൽപ്പര്യക്കുറവ് പ്രസിദ്ധമാണ്. ഗോളടിപ്പിക്കുന്നതിലാണ് താരത്തിനു താൽപ്പര്യം. ഗോമസ് അറ്റ്ലാൻ്റക്കായി ഇത് വരെ 49 അസിസ്റ്റുകളും 46 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ക്യാപ്റ്റനും കഴിവുറ്റ താരവുമാണദ്ദേഹം. ലോങ്ങ് റേഞ്ചുകളും ഡ്രിബിളിങ്ങുകളും അദ്ദേഹത്തിൻ്റെ കളികളിൽ പതിവ് കാഴ്ചയാണ്.
സപാറ്റയുടെയും ഗോമസിൻ്റെയും മികവിൽ സിരി എയിൽ മൂന്നാമത് എത്തുക മാത്രമല്ല, കോപ്പ ഇറ്റാലിയയിൽ ഫൈനലിൽ എത്താനും അറ്റ്ലാൻ്റക്കായി. ഈ സീസണിൽ അറ്റ്ലാൻ്റക്കു മുന്നിൽ പ്രമുഖ ടീമുകൾക്ക് പോലും മുട്ട് കുത്തിയ കഥയാണ് പറയാനുള്ളത്. ഇൻ്ററിനെതിരെ 4-1ന് വിജയിച്ച അറ്റ്ലാൻ്റ ലാസിയോക്കെതിരെ 3-1 നും 1-0 നും വിജയിച്ചു. യുവൻ്റസുമായി ഏറ്റുമുട്ടിയപ്പോൾ 3-0, 1-1, 2-2 എന്നിങ്ങനെയായിരുന്നു അറ്റ്ലാൻ്റയുടെ സ്കോർ. റോമ സമനിലയിൽ കുരുങ്ങിയപ്പോൾ (3-3) നപ്പോളി 2-1 ന് തോൽക്കുകയാണുണ്ടായത്. വെറുതയല്ല അറ്റ്ലാൻ്റ ചാമ്പ്യൻസ് ലീഗ് യോഗ്യതയിൽ എത്തിയത് എന്ന് ചുരുക്കം. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നിർണയത്തിൽ സിറ്റിയുടെ ഗ്രൂപ്പിലാണ് അറ്റ്ലാൻ്റ പെട്ടിരിക്കുന്നത്. എങ്കിലും ബാക്കിയുള്ള രണ്ട് ടീമുകൾ ദുർബലമായതിനാൽ അറ്റ്ലാൻ്റയുടെ മുന്നോട്ടുള്ള പ്രയാണം സുഖമായിരിക്കും എന്ന് വേണം കരുതാൻ.
കഴിഞ്ഞ സീസണിൽ പ്രതിരോധം പ്രധാന പ്രശ്നമായി തന്നെ തുടർന്നിരുന്ന അറ്റ്ലാൻ്റ ഈ സീസണിൽ അതിനുള്ള മരുന്നും കണ്ടു വെച്ചിട്ടുണ്ട്. അഞ്ച് താരങ്ങളെയാണ് അവർ പുതിയതായി ടീമിലേക്ക് കൊണ്ടുവന്നത്. അതിൽ മൂന്ന് പേരും പ്രതിരോധ താരങ്ങളാണ്. ബാക്കിയുള്ള രണ്ട് പേരിൽ ഒരാൾ ഡിഫൻസീവ് മിഡ്ഫീൽഡറും മറ്റൊരാൾ സെൻ്റർ ഫോർവേഡുമാണ്.
ഉദ്യേശം വ്യക്തമാണ്!
വണ്ടർലാൻ്റിൽ വണ്ടർ അടിക്കാൻ കാത്തിരുന്നോളൂ…
✍🏼✍🏼✍🏼✍🏼
ഗഫൂർ ജെറി