ഹാറ്റ്-ട്രിക്ക് ഹീറോ റ്റാമിയുടെ മികവിൽ ചെൽസി
പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പേടി സ്വപ്നമാണ് മോളിനെക്‌സ് സ്റ്റേഡിയത്തിലെ ചെകുത്താൻ പട. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളില്ലാതെയാവും ലാംപാർഡും കൂട്ടരും ഈ മത്സരത്തെ സമീപിച്ചിരിക്കുക. കൃത്യമായ ഷേപ്പ് എപ്പോഴും നിലനിർത്തി നന്നായി പ്രതിരോധിക്കുകയും, തങ്ങളുടെ വിങ്ങ് ബാക്കുകളെയും രണ്ട് മുൻനിര താരങ്ങളെയും ഉപയോഗിച്ച് വേഗതയേറിയ പ്രത്യാക്രമണം നടത്തുകയുമാണ് വോൾവ്സിന്റെ ശൈലി. പരിക്കേറ്റ എമേഴ്‌സന് പകരം അലോൻസോയെക്കൂടി ഉൾപ്പെടുത്തേണ്ടി വന്നപ്പോൾ ലാംപാർഡ് ചെയ്തത് തന്റെ സ്ഥിരം ഫോർമേഷൻ മാറ്റി 3-4-2-1ലേക്ക് മാറ്റുകയാണ്.
വിരസമായ ആദ്യ 30 മിനുറ്റുകൾക്ക് ശേഷം തികച്ചും അപ്ര തീക്ഷിതമായാണ് ഫികായോ റ്റോമോറിയുടെ ലോങ് റേഞ്ചർ വല കുലുക്കുന്നത്. പിന്നീടങ്ങോട്ട് റ്റാമി എബ്രഹാം ഷോ ആയിരുന്നു. ഒന്നിനൊന്ന് മികച്ച മൂന്ന് ഗോളുകൾ. അവിടം കൊണ്ട് നിർത്താതെ ഒരെണ്ണം സ്വന്തം പോസ്റ്റിലോട്ടും. ഒരു നമ്പർ 9ന് വേണ്ടിയുള്ള ചെൽസിയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ഉത്തരമാകാൻ തനിക്ക് കഴിയും എന്ന് തന്നെയാണ് ഈ യുവ ഇംഗ്ലീഷ് താരം ഉറക്കെപ്പറയുന്നത്. രണ്ടാം പകുതിയിൽ ഗോളുകൾ വഴങ്ങുന്ന ശീലം ആവർത്തിച്ചെങ്കിലും 5-2ന്റെ എവേ വിജയം നീലപ്പടയ്ക്ക് തീർച്ചയായും ആത്മവിശ്വാസം നൽകും.
ജസീം അലി