പ്രൊ കബഡി ലീഗ്: ദബാംഗ് ദില്ലി കെ.സിക്ക് സീസണിലെ രണ്ടാം തോൽവി
ഹരിയാന സ്റ്റീലേഴ്സ് നടത്തിയ തകർപ്പൻ പ്രകടനം ദബാംഗ് ദില്ലി കെ.സിയെ തോൽപ്പിക്കാൻ സഹായിച്ചു. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 47-25 എന്ന സ്കോറിനാണ് ദില്ലിയെ തോൽപിച്ചത്. ഈ സീസണിലെ ദില്ലിയുടെ രണ്ടാം തോൽവിയാണിത്.ഈ വിജയം സീസൺ 7 പ്ലേ ഓഫുകളിൽ എത്താൻ ഹരിയാനക്ക് സഹായകമാകും. മൽസരം തുടങ്ങിയപ്പോൾ മുതൽ ഹരിയാന തകർപ്പൻ പ്രകടനമാണ് നടത്തിയത്. ആദ്യ മിനിറ്റുകളിൽ തന്നെ ആറ് പോയിന്റുകൾ നേടിയ ഹരിയാന ദില്ലിയെ പെട്ടെന്ന് തന്നെ ഓൾഔട്ടാക്കി. മത്സരത്തിൽ എല്ലാ സമയത്തും ഹരിയാനായാണ് ലീഡ് നേടിയത്. ഒന്നാം പകുതി അവസാനിച്ചപ്പോൾ രണ്ട് തവണ ദില്ലിയെ ഹരിയാന പുറത്താക്കി 21-13 എന്ന ലീഡ് നേടുകയും ചെയ്തു.

രണ്ടാം പകുതിയിലും അതെ ലീഡും, ആധിപത്യവും നിലനിർത്താൻ ഹരിയാനക്കായി. രണ്ടാം പകുതിയിലും ഹരിയാന ദില്ലിയെ ഓൾഔട്ടാക്കി. വികാഷ് കണ്ടോള ഇതിലൂടെ 10 റെയ്‌ഡ് പോയിന്റ് നേടുകയും ചെയ്തു. ഇതിലൂടെ 22 പോയിന്റ് വ്യത്യാസത്തിൽ ദില്ലിയെ ഹരിയാന തോൽപിച്ചു. 13 കളികളിൽ 9 ജയവുമായി ഹരിയാന മൂന്നാം സ്ഥാനത്താണ് ഉള്ളത്.