Cricket IPL Top News

വിജയത്തോടെ തുടങ്ങാൻ രാജസ്ഥാനും പഞ്ചാബും.

March 25, 2019

author:

വിജയത്തോടെ തുടങ്ങാൻ രാജസ്ഥാനും പഞ്ചാബും.

സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. വിലക്കിനു ശേഷം തിരിച്ചെത്തുന്ന സ്റ്റീവ് സ്മിത്ത് കളിക്കുന്നു എന്നതാണ് മത്സരത്തിന്റെ പ്രധാന ആകർഷണം.

അജിൻക്യ രഹാനെയുടെ നേതൃത്വത്തിലുള്ള രാജസ്ഥാന്റെ പ്രധാന ശക്തി അവരുടെ ബാറ്റിംഗ് തന്നെയാണ്. രഹാനെ, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്സ്, ആഷ്ടൺ ടാർണർ തുടങ്ങി എല്ലാവരും തന്നെ ലോകോത്തര ബാറ്റസ്മാൻമാർ ആണ്. ബൗളിംഗ് നിരയിൽ ഇക്കുറി ഓഷൈൻ തോമസ് എന്ന വെസ്റ്റ് ഇന്ത്യൻ ആയിരിക്കും ഇവരുടെ തുറുപ്പു ചീട്ട്. ധവാൽ കുൽക്കർണി, ജയദേവ് ഉനദ്കട് എന്നീ ഇന്ത്യൻ ബൗളർമാരും അവരുടെ ബൗളിംഗ് നിരയുടെ ശക്തി കൂട്ടുന്നു. കഴിഞ്ഞ വർഷത്തെ നാലാം സ്ഥാനക്കാർ എന്ന നിലയിൽ കടുത്ത ആത്മവിശ്വാസവുമായാണ് രാജസ്ഥാന്റെ വരവ്. സഞ്ജു സാംസണും സുധീശൻ മിഥുനും ഇന്ന് കളിക്കാനായാൽ ഐപിഎല്ലിൽ ആദ്യമായി രണ്ടു കേരള താരങ്ങൾ ഒരേ ടീമിൽ കളിക്കുന്നത് കാണാൻ സാധിക്കും.

മറുഭാഗത് ഒട്ടേറെ പുതുമകളുമായാണ് പഞ്ചാബിന്റെ വരവ്. ക്രിസ് ഗെയ്ൽ ആണ് അവരുടെ ബാറ്റിംഗ് നട്ടെല്ല്. ഗെയിലിനെ കൂടാതെ ഡേവിഡ് മില്ലർ , കരുൺ നായർ, ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, മൻദീപ് സിംഗ് എന്നിവരാണ് പഞ്ചാബിന്റെ ബാറ്റിംഗ് കരുത്ത്. നായകൻ അശ്വിൻ നയിക്കുന്ന ബൗളിംഗ് നിരയിൽ അഫ്ഘാനിസ്ഥാൻ യുവതാരം മുജീബുർ റഹ്മാൻ , കഴിഞ്ഞ വർഷത്തെ മികച്ച ബൗളർ ആൻഡ്രൂ ടൈ, ഇന്ത്യയുടെ മുൻനിര ബൗളർ മുഹമ്മദ് ഷമി എന്നിവർ കൂടെ വരുന്നതോടെ ടീം ബാലൻസ് കൈവരിക്കുന്നു. 8 .4 കോടി രൂപ കൊടുത്തു പഞ്ചാബ് സ്വന്തമാക്കിയ സ്പിൻ ബൗളർ വരുൺ ചക്രവർത്തിയിലേക്കായിരിക്കും ഇന്ന് ഏവരുടെയും ശ്രദ്ധ. അന്താരാഷ്ട്ര മത്സരങ്ങൾ ഉള്ളതിനാൽ ഡേവിഡ് മില്ലർ ടീമിനൊപ്പം ഇല്ല എന്നുള്ളതാണ് പഞ്ചാബിനെ അലട്ടുന്ന പ്രശ്നം.

ഇതിനു മുൻപ് 17 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 10 തവണ രാജസ്ഥാൻ ജയിച്ചപ്പോൾ പഞ്ചാബ് 7 തവണ ജയിച്ചു. രാജസ്ഥാനിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഇതുവരെ ഒറ്റക്കളി പോലും പഞ്ചാബിന് ജയിക്കാനായിട്ടില്ല. നേരെ മറിച്ച് ഇവിടെ കളിച്ചിട്ടുള്ള 40 കളികളിൽ 29 എണ്ണവും ജയിച്ചവരാണ് രാജസ്ഥാൻ. അതുകൊണ്ട് തന്നെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ രാജസ്ഥാന് തന്നെയാണ് മുൻ‌തൂക്കം.

രാജസ്ഥാൻ സാധ്യത ടീം : അജിൻക്യ രഹാനെ, ജോസ് ബട്ട്ലർ, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, ബെൻ സ്റ്റോക്‌സ്, ജോഫ്രെ ആർച്ചർ, കൃഷ്ണപ്പ ഗൗതം, ശ്രെയസ് ഗോപാൽ, ജയദേവ് ഉനദ്കട്, ധവാൽ കുൽക്കർണി, സുധീശൻ മിഥുൻ.

പഞ്ചാബ് സാധ്യത ടീം : ക്രിസ് ഗെയിൽ, ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, കരുൺ നായർ, മൻദീപ് സിംഗ്, മോസസ് ഹെൻറിക്‌സ്, രവിചന്ദ്രൻ അശ്വിൻ, ആൻഡ്രൂ ടൈ, വരുൺ ചക്രവർത്തി, മുഹമ്മദ് ഷമി, മുജീബുർ റഹ്മാൻ.

Leave a comment