വിജയം നിസാരമായി കൈവിട്ട് ചെൽസി
തുടർച്ചയായ രണ്ടാം ഹോം മത്സരത്തിലും സമനില വഴങ്ങി ചെൽസി. ആദ്യ പകുതിയിൽ രണ്ടു ഗോളിന് മുന്നിട്ട് ശേഷമാണ് നീലപ്പട വിലപ്പെട്ട 2 പോയിന്റ് കളഞ്ഞു കുളിച്ചത്. കഴിഞ്ഞ മത്സരത്തിലെ ഫോം അതേപടി തുടർന്ന റ്റാമി എബ്രഹാമാണ് രണ്ട് ഗോളുകളും നേടിയത്. ഒരുപക്ഷേ ഈ മത്സരത്തിലെ ഏക പോസിറ്റീവ് റ്റാമിയുടെ പ്രകടനം മാത്രമായിരിക്കും.
സീസൺ തുടക്കം തൊട്ട് തന്നെ കാണിച്ചു വരുന്ന രണ്ടാം പകുതി മോശമായി തുടങ്ങുക എന്ന ശീലം ചെൽസി ഇവിടെയും ആവർത്തിച്ചു. നേടിയ രണ്ടു ഗോളിനും പ്രധാന പിഴവുകാരൻ ക്യാപ്റ്റൻ അസ്പി ആണെന്നത് ഒരു പുതുമയല്ലാതായി തീർന്നിരിക്കുന്നു എന്നതാണ് സത്യം. എന്നാൽ അസ്‌പിയെ മാത്രം പഴി ചാരി തടിയൂരാനും സാധ്യമല്ല. ഡിഫൻസീവ് ഓർഗനൈസേഷൻ ശരാശരിയിൽ താഴെയായിരുന്നു. രണ്ടു ഗോളുകൾ നേടിയാതൊഴിച്ചാൽ ആക്രമണവും മൂർച്ച കുറവായിരുന്നു. മധ്യനിരയിൽ നല്ല മുന്നേറ്റങ്ങൾ നെയ്യുന്നുണ്ടെങ്കിലും പുലിസിക്ക്, ബാർക്ക്ലി തുടങ്ങിയവർ നിരാശപ്പെടുത്തി. റ്റാമിയുടെ ഗോളടി മികവും, ആദ്യ മത്സരത്തിന്റെ സമ്മർദ്ദമില്ലാതെ കളിച്ച യുവതാരം ഫികായോ ടൊമോറിയുടെ പ്രകടനവും ഒഴിച്ചു നിർത്തിയാൽ ചെൽസി ആരാധകർ ഓർക്കാനിഷ്ടപ്പെടാത്ത മത്സരമാവും ഇത്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം പിഴവുകൾ കുറെയൊക്കെ തിരുത്തി ലാംപാർഡും കൂട്ടരും മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാം..
ജസീം അലി






































