ഇന്നത്തെ മത്സരത്തിലെ ജയം, അടുത്ത മത്സരത്തിനുള്ള തയാറെടുപ്പിനെ എളുപ്പമാക്കു: മിക്കേൽ സ്റ്റാറെ
കളി മോശമായതിനാലല്ല മത്സരഫലങ്ങൾ ലഭിക്കാത്തതെന്ന് ഒന്ന് കൂടി അടിവരയിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിക്കേൽ സ്റ്റാറെ. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഐഎസ്എല്ലിൽ മൂന്ന് തുടർ തോൽവികൾക്ക് ശേഷം വിജയ പാതയിലേക്ക് ചുവട് വെച്ച കേരളം പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം ജീസസ് ജിമെൻസ് (56′), നോഹ സദൗയി (70′), രാഹുൽ കെപി (90+2′) എന്നിവരിലൂടെ കൊമ്പന്മാർ ലക്ഷ്യം കണ്ടു. ഒപ്പം, ഈ സീസണിലെ ആദ്യ ക്ലീൻ ഷീറ്റ് നേട്ടവും ടീം കരസ്ഥമാക്കി. തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ നേടിയ ജീസസ് ജിമെനസ് യെല്ലോ ആർമിക്കായി ചരിത്രമെഴുതി.
ചെന്നൈയിനെതിരായ മത്സരം മികച്ചതാണെന്നും ഈ ജയം കേരള ബ്ലാസ്റ്റേഴ്‌സ് അർഹിക്കുന്നതായും മിക്കേൽ സ്റ്റാറെ പറഞ്ഞു.
“മികച്ച വിജയമായിരുന്നു ഇത്. ഞങ്ങൾ മത്സരം മൊത്തത്തിൽ നിയന്ത്രിച്ചുവെന്ന് എനിക്ക് തോന്നുന്നു. 15-20 മിനിറ്റിനുള്ളിൽ വ്യക്തിഗതമായ പിഴവ് വരുത്തിയെങ്കിലും ചില വലിയ അവസരങ്ങൾ സൃഷ്ടിച്ചു. നന്നായി പ്രതിരോധിച്ചു. ഞങ്ങൾ ഈ വിജയത്തിന് പൂർണ്ണമായും അർഹരാണെന്ന് ഞാൻ വിശ്വസിക്കുന്നു.”
“സത്യസന്ധമായി പറഞ്ഞാൽ, തുടർച്ചയായി മൂന്നെണ്ണം തോറ്റെങ്കിലും, മത്സര ഫലങ്ങൾ സൂചിപ്പിക്കുന്നത്ര മോശമായി ഞങ്ങൾ കളിച്ചിട്ടില്ല. എന്നാൽ മത്സരങ്ങൾ തോൽക്കുമ്പോൾ ഇതിന് പ്രസക്തിയില്ല. അതിനാൽ കളിക്കാർ സമ്മർദ്ദമില്ല ശ്രദ്ധ ചെലുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്.”
“ഞങ്ങൾക്ക് പാതയിലേക്ക് തിരിച്ചെത്താനുള്ള പ്രധാന മത്സരമായിരുന്നു ഇത്. ഇത് (മത്സരം) ഞങ്ങൾ നന്നായി കൈകാര്യം ചെയ്തു. ആരാധകർ ഞെട്ടിച്ചു. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. അന്തരീക്ഷം ഊർജ്ജമയമായിരുന്നു. ആകെ, ഇതൊരു മികച്ച മത്സരവും അർഹിച്ച വിജയവുമായിരുന്നു.” – അദ്ദേഹം തുടർന്നു.
ഐഎസ്എല്ലിൽ മാച്ച് വീക്ക് പത്തിൽ ഹോം മൈതാനത്ത് എഫ്‌സി ഗോവക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഇന്നത്തെ മത്സരത്തിലെ ജയം, അടുത്ത മത്സരത്തിനുള്ള തയാറെടുപ്പിനെ എളുപ്പമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
“തീർച്ചയായും, ഈ വിജയം ഊർജ്ജം നൽകുന്നു. സ്പോർട്സിൽ ഫലങ്ങളാണ് എല്ലാം. അവ കളിക്കാരെയും അവരുടെ ആത്മവിശ്വാസത്തെയും മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു. തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റത് എളുപ്പമായിരുന്നില്ല. സ്വന്തം ഹോമിൽ ബംഗളുരുവിനെതിരെ വിജയം അർഹിച്ചിരുന്നു. മുംബൈക്കെതിരെ എവേയിൽ ഞങ്ങൾ കഠിനമായി പൊരുതിയെങ്കിലും തൊട്ടു. ഹൈദെരാബാദിനെതിരെ ആദ്യ പകുതിയിൽ മികച്ചു നിന്നപ്പോൾ രണ്ടാം പകുതി നിരാശപ്പെടുത്തി. എന്നാൽ ഈ മത്സരങ്ങളിൽ നിന്നും പോയിന്റുകൾ ലഭിച്ചില്ലെങ്കിലും പ്രകടനം എഴുതി തള്ളാവുന്നതായിരുന്നില്ല.”
“ഒരു വിജയത്തിന് ശേഷം അടുത്ത മത്സരത്തിന് തയ്യാറെടുക്കുന്നത് എളുപ്പമാണ്. എങ്കിലും, ഈ ലീഗ് കടുപ്പമേറിയതാണ്. ചിലപ്പോൾ നന്നായി കളിച്ചാലും തോൽക്കും, മാറ്റ് ചിലപ്പോൾ മോശമല്ലാത്ത പ്രകടനം നടത്തിയാൽ ജയിക്കും. എന്നാൽ, പ്രകടനം മികച്ചതും ജയം അർഹിച്ചതുമാണ്.
തുടർച്ചയായ 20 മത്സരങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ക്ലീൻ ഷീറ്റ് ഇന്ന് നേടുന്നത്. ഈ സീസണിലെയും ഈ കലണ്ടർ വർഷത്തേയും ആദ്യത്തെ ക്ലീൻ ഷീറ്റ് നേട്ടമാണിത്. ക്ലീൻ ഷീറ്റ് നേടിയത് കൂടുതൽ സന്തോഷം നൽകുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇനി റിക്കവറിക്കും തന്ത്രപരമായ തയ്യാറെടുപ്പുകൾക്കുമായി ഞങ്ങൾക്ക് കുറച്ച് ദിവസങ്ങളുണ്ട്. ഞങ്ങൾ ശരിയായ പാതയിലാണെന്ന് വിശ്വസിക്കുന്നു. ഞാൻ അടുത്ത കാലത്ത് (പോയിന്റ്) പട്ടിക പരിശോധിച്ചിട്ടില്ല, പക്ഷേ ഞങ്ങൾ പ്ലേഓഫിനടുത്താണെന്ന് എനിക്ക് ഉറപ്പുണ്ട്. ഇവിടെ നിന്ന് മുന്നോട്ട് നീങ്ങുകയും ആക്കം വർധിപ്പിക്കുകയും ചെയ്യണം.”
“കൂടുതൽ സംതൃപ്തി നൽകുന്നത് ക്ലീൻ ഷീറ്റാണ്. അവസാനമായി, ഒരു ക്ലീൻ ഷീറ്റ് നേട്ടം! ഇന്ന് രാത്രി മുഖത്ത് ഒരു പുഞ്ചിരിയോടെ ഉറങ്ങാൻ അത് എന്നെ അനുവദിക്കും.” – സ്വീഡിഷ് പരിശീലകൻ കൂട്ടിച്ചേർത്തു.
തുടർച്ചയായ രണ്ടാം മത്സരത്തിലും പതിനേഴുകാരനായ കോറൂ സിംഗ് അസിസ്റ്റ് നേടി. ഐഎസ്എല്ലിൽ തുടർച്ചയായി രണ്ട് കളികളിൽ ഗോൾ സംഭാവന നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് കോറൂ സിംഗ്.
“അവൻ കഴിവുള്ള താരമാണ്. ദുഃഖമെന്തെന്നാൽ, (ഇന്ത്യൻ) യൂത്ത് ഇൻ്റർനാഷണൽ ടീമിനൊപ്പമായതിനാൽ അവന് പ്രീ സീസണിൽ ഞങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞില്ല. പക്ഷേ, ഈ ഒരു തലത്തിൽ മത്സരിക്കാൻ അവനിലുണ്ടെന്ന് ആദ്യം കണ്ടപ്പോൾ തന്നെ വ്യക്തമായി. കഠിനാധ്വാനിയായ അവൻ്റെ വേഗതയും വൺ ഓൺ വണ്ണിലെ കഴിവും അസാധാരണമാണ്.”
“എന്നെ സംബന്ധിച്ചിടത്തോളം, അവൻ ഇതുവരെ 90 മിനിറ്റ് പൂർണ്ണമായും കളിക്കാൻ തയ്യാറായിട്ടില്ല. ഗോളിന് വഴിയൊരുക്കിയെങ്കിലും രണ്ടാം പകുതിയിൽ അൽപം ഡ്രോപ്പ് ചെയ്തു. അതുകൊണ്ടാണ് സ്റ്റാർട്ടിംഗ് ലൈനപ്പിനും ഫിനിഷിംഗ് ലൈനപ്പിനും ഞാൻ പ്രാധാന്യം നൽകുന്നത്.” – അദ്ദേഹം വ്യക്തമാക്കി
നന്നായി തുടങ്ങുക മാത്രമല്ല, മികച്ച രീതിയിൽ കളി അവസാനിക്കുന്നതിനു പ്രാധാന്യമുണ്ടെന്ന് സൂചിപ്പിച്ച സ്റ്റാറെ, മത്സരത്തിൽ ഗോൾ നേടിയ രാഹുലിനെ ഉദാഹരണമായി ചൂണ്ടികാണിച്ചു.