അക്കാഡമിയുടെ വിജയം ലാംപാർടിനെ തുണക്കുമോ ???
ചെൽസി മാനേജറായി ചുമതലയേറ്റ ശേഷം ഫ്രാങ്ക് ലാംപാർഡിന് ആദ്യ വിജയം. ട്രാൻസ്ഫർ ബാൻ നേരിടുന്ന ഒരു ഘട്ടത്തിൽ കാര്യമായ പരിചയസമ്പത്ത് പോലുമില്ലാത്ത ലാംപാർഡിനെ തന്നെ ചെൽസി നിയമിച്ചത് നല്ല റിസൾട്ട് ഉണ്ടാക്കുക എന്നതിലുപരി, അക്കാദമിയിലെ കളിക്കാരെകൂടി ടീമിലേക്ക് സംയോജിപ്പിച്ച് അടുത്ത വർഷത്തേക്ക് ഒരു നല്ല ബേസ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. തന്റെ യുവതാരങ്ങളിൽ അയാളർപ്പിച്ച വിശ്വാസം ഫലം കാണുന്നതാണ് കഴിഞ്ഞ് കളികളിലെ റിസൾട്ട് സൂചിപ്പിക്കുന്നത്. ചെൽസി നേടിയ നാലു ഗോളുകളും അവരുടെ അക്കാദമി താരങ്ങളുടെ വകയായിരുന്നു. യുവതാരങ്ങളെ വെച്ച് പ്രീമിയർ ലീഗ് പോലൊരു വലിയ വേദിയിൽ പിടിച്ചു നിൽക്കാനാകുമോ എന്ന് നാലുപാടു നിന്നും ചോദ്യം ഉയർന്നിരുന്നെങ്കിലും മെയ്സൻ മൗണ്ടിലും, റ്റാമി എബ്രഹാമിലും തന്നെ ഉറച്ചു നിന്ന മാനേജർക്ക് അവർ പകരം നൽകിയത് ആദ്യ വിജയമാണ്.
അബ്രാമോവിച്ച് കാലഘട്ടം തുടങ്ങിയപ്പോൾ തൊട്ട് തന്നെ തങ്ങളുടെ അക്കാദമിയ്ക്ക് ചെൽസി വലിയ പ്രാധാന്യം കൊടുത്തിരുന്നെങ്കിലും, ആദ്യ ഇലവനിലേക്ക് കളിക്കാരെ ഉണ്ടാക്കുന്നതിൽ ചെൽസി പരാജയപ്പെട്ടു. യൂറോപ്പിലെ മികച്ച അക്കാദമികളിൽ ഒന്നായിട്ടു കൂടി കഴിഞ്ഞ പത്തിലേറെ വർഷം കൊണ്ട് റൂബൻ ലോഫ്റ്റസ് ചീക്ക് മാത്രമാണ് ടീമിലൊരു സ്ഥിരം സാന്നിധ്യം ഉണ്ടാക്കിയത്. എന്നാൽ ഈ വർഷം ടീമിനെ മുന്നിൽ നിന്നു നയിക്കുന്നതിൽ വലിയ പങ്കാണ് അവർ വഹിക്കുന്നത്. പരിക്ക് മാറി വന്നാൽ റീസ് ജെയിംസ്, ഹഡ്സൻ ഓഡോയി തുടങ്ങിയവർക്കും അവസരം ലഭിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. ചാമ്പ്യൻസ് ലീഗിൽ സ്ഥാനവും, അടുത്ത സീസണിലേക്ക് കെട്ടുറപ്പുള്ള ഒരു ടീമിനെയും നൽകാനായാൽ ലാംപാർഡിനെ നിയമിച്ചത് ഒരു വിജയമായിത്തന്നെയാവും ബോർഡും ആരാധകരും വിലയിരുത്തുക.
ജസീം അലി






































