ഞങ്ങൾ മെച്ചപ്പെടുകയും ശരിയായ പാതയിലാണെന്നും എനിക്ക് തോന്നുന്നു : മൈക്കൽ സ്റ്റാറെ
നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ താൻ പൂർണ സന്തുഷ്ടനല്ലന്നും, എന്നാൽ അതീവ നിരാശനുമല്ലെന്ന് മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാറെ. മത്സരശേഷം നടന്ന മാധ്യമ സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മത്സരങ്ങൾ വിശകലനം ചെയ്യുമ്പോൾ പഞ്ചാബിനെതിരായ മത്സരം മികച്ചതായിരുന്നില്ല എന്നും പിന്നീട് കൂടുതൽ മെച്ചപ്പെടുത്തുന്നതായും പോയിന്റുകൾ ശേഖരിക്കുന്നതായും ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നതായും കരുതുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ” ഓരോ കളിയും വിശകലനം ചെയ്യുമ്പോൾ പഞ്ചാബിനെതിരായ ആദ്യ മത്സരം മികച്ചതായിരുന്നില്ല എന്ന് ഞാൻ മനസിലാക്കി. ഞങ്ങൾ ഗോൾ വഴങ്ങി, അവസാന മിനിറ്റിൽ സമനില പിടിച്ചു, തുടർന്ന് ഒമ്പത് സെക്കൻഡിനുള്ളിൽ മത്സരം തോറ്റു – അത് കഠിനമായിരുന്നു. ഈസ്റ്റ് ബംഗാളിനെതിരേ 2-1ന് ജയിച്ച് ഞങ്ങൾ തിരിച്ചുവന്നു. പിന്നീട് ശക്തരായ ടീമിനെതിരെ (നോർത്ത്ഈസ്റ്റ് യുണൈറ്റഡ്) എവേ മത്സരം കളിച്ചു. 1-1ന് സമനില വഴങ്ങി.” – സ്റ്റാറെ പറഞ്ഞു.
“ഞാൻ പൂർണ്ണമായും സന്തുഷ്ടനല്ല, പക്ഷേ അങ്ങേയറ്റം നിരാശനുമല്ല. ഞങ്ങൾ മെച്ചപ്പെടുത്തുന്നു, ഉറച്ചുനിൽക്കുന്നു, പോയിൻ്റുകൾ ശേഖരിക്കുന്നു. ഞങ്ങൾ തുടക്കത്തിലാണ്, പക്ഷേ ഞങ്ങൾ മെച്ചപ്പെടുകയും ശരിയായ പാതയിലാണെന്നും എനിക്ക് തോന്നുന്നു.” – അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് വിജയിക്കാമായിരുന്ന മത്സരമായിരുന്നു ഇന്നത്തേത്. പന്ത്രണ്ട് ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് തൊടുത്തത്. അതിൽ, അഞ്ചെണ്ണം ലക്ഷ്യത്തിലും ഏഴെണ്ണം ലക്ഷ്യത്തിലെത്താതെയും കടന്നു പോയി. സ്‌ട്രൈക്കർമാർ ഫിനിഷിങ്ങിൽ ശ്രദ്ധ ചെലുത്തിയിരുന്നേൽ മത്സരത്തിന്റെ ഗതി മാറുമായിരുന്നു. ഫിനിഷിങ്ങിലെ അശ്രദ്ധ മത്സരത്തെ ബാധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. ഷോട്ട് എടുക്കുന്നതിൽ മാത്രമല്ല, മറിച്ച് ഫിനിഷിങ്ങിൽ കൂടുതൽ കൃത്യതയുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, ” ഫുട്ബോൾ സങ്കീർണ്ണമായ ഒരു മത്സരമാണ്. അവിടെ ഞങ്ങൾക്ക് പല സാഹചര്യങ്ങളും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഞങ്ങൾ ചില വലിയ അവസരങ്ങൾ സൃഷ്ടിച്ചു, പ്രത്യേകിച്ച് അവസാനഘട്ടത്തിൽ. ഷോട്ട് എടുക്കുന്നതിൽ മാത്രമല്ല ഫിനിഷിംഗിലും കൂടുതൽ കൃത്യതയുള്ളവരായിരിക്കണം.” – പരിശീലകൻ പറഞ്ഞു.