ആദ്യ ജയം തേടി ടീമുകൾ : ഈസ്റ്റ് ബംഗാളിനെ സ്വന്തം ഗ്രൗണ്ടിൽ തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ രണ്ടാമത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. സെപ്റ്റംബർ 22-ന് രാത്രി 7:30 ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. ഈ സീസണിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തെ തുടർന്നാണ് ഇരു ടീമുകളും ഞായറാഴ്ച ഇറങ്ങുന്നത്.
കൊച്ചിയിൽ തന്നെ നടന്ന മത്സരത്തിൽ അവസാന മിനിറ്റുകളിലെ ത്രില്ലറിലാണ് പഞ്ചാബ് എഫ്‌സിയോട് കേരളം തോറ്റത്. ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരം രണ്ടാം പകുതിയുടെ അവസാനഘട്ടത്തിൽ ആവേശപ്പോരാട്ടത്തിന് വഴി തുറന്നു. അവസാന പത്ത് മിനിറ്റിനുള്ളിൽ പിറന്നത് മൂന്ന് ഗോളുകൾ. 86-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച ലുക്കാ മജ്‌സെൻ പഞ്ചാബിന് ലീഡ് സമ്മാനിച്ചു. എന്നാൽ ഇഞ്ചുറി ടൈമിൽ പ്രീതം കോട്ടൽ നൽകിയ ക്രോസ് വലയിലേക്ക് ചെത്തിയിട്ട് ജീസസ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ നേടി. റഫറിയുടെ ഫൈനൽ വിസിലിന് നിമിഷങ്ങൾ ശേഷിക്കെ, സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിൽ വഴിത്തിരിവായി മ്രസല്ജക് അവതരിച്ചു. ലൂക്ക ബോക്സിലേക്ക് നൽകിയ ക്രോസ് വലയിലേക്ക് എത്തിച്ച് താരം പഞ്ചാബിനെ വിജയത്തിലേക്ക് എത്തിച്ചു.
രണ്ടിനെതിരെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ഈസ്റ്റ് ബംഗാളാകട്ടെ മറുപടിയില്ലാത്ത ഒരു ഗോളിലാണ് ആദ്യ മത്സരത്തിൽ ബെംഗളുരുവിനോട് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ അടിയറവ് പറഞ്ഞത്. 25-ാം മിനുട്ടിൽ ബെംഗളുരുവിന്റെ യുവതാരം വിനീത് വെങ്കടേഷ് നേടിയെടുത്ത ലീഡ് തിരിച്ച പിടിക്കാൻ കൊൽക്കത്തൻ ക്ലബ്ബിനായില്ല. തുടർന്നുള്ള മിനിറ്റുകളിൽ സമനിലക്കായി ഈസ്റ്റ് ബംഗാൾ നിരന്തരം പോരാടിയെങ്കിലും ഗോൾ അകന്നു നിന്നു.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന് നേതൃത്വം കൊടുത്ത ഗ്രീക്ക് താരം ഡിമി ഡയമന്റക്കൊസ് ഇത്തവണ ഈസ്റ്റ് ബംഗാളിന്റെ തട്ടകത്തിലാണ്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ബൂട്ട് വിന്നർ ആയിരുന്നു അദ്ദേഹം. കൂടാതെ, കഴിഞ്ഞ അഞ്ച് വർഷം കൊമ്പന്മാരുടെ മധ്യനിര നിയന്ത്രിച്ചിരുന്ന ഡിഫെൻസിവ് മിഡ്ഫീൽഡർ ജീക്സൺ സിങ്ങും ഇത്തവണ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇവരുടെ ഹോം കമിങ്ങിന് കൂടിയാകും മത്സരം സാക്ഷ്യം വഹിക്കുക. കൂടാതെ, കഴിഞ്ഞ സീസണിൽ, പഞ്ചാബ് എഫ്‌സിയുടെ നിർണായക താരമായിരുന്ന മദിഹ് തലാൽ, മോഹൻ ബഗാൻ എസ്‌ജിയിൽ നിന്ന് ഹെക്ടർ യുസ്റ്റെ, ചെന്നയിനിൽ നിന്നും ദെബ്ജിത് മാഞ്ഞുംടർ ഉൾപ്പെടെയുള്ള താരങ്ങളുടെ വരവ് ഇത്തവണ ഈസ്റ്റ് ബംഗാളിനെ ശക്തരാക്കുന്നു.