Cricket Top News

ആഷസ് മൂന്നാം ടെസ്റ്റ്: പേസർമാരാണ് താരം

August 24, 2019

author:

ആഷസ് മൂന്നാം ടെസ്റ്റ്: പേസർമാരാണ് താരം

ലീഡ്‌സ്: ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിൽ റൺസിന് പകരം വിക്കറ്റുകൾ ആണ് ഒഴുകുന്നത്. രണ്ടാം ദിവസമായ ഇന്നലെ 16 വിക്കറ്റ് ആണ് വീണത്. പേസർ മാരുടെ തേരോട്ടമാണ് ലീഡ്‌സിൽ നടക്കുന്നത്. ഇന്നലെ ആദ്യ ഇന്നിങ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ 67 റൺസിന് ഓൾഔട്ടാക്കി. തകർപ്പൻ ബൗളിംഗ് ആണ് ഓസ്‌ട്രേലിയ കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ അർച്ചർ ഓസ്‌ട്രേലിയയുടെ അന്തകൻ ആയപ്പോൾ, രണ്ടാം ദിവസം ജോഷ് ഹാസ്ൽവുഡ് ഇംഗ്ലണ്ടിന്റെ അന്തകനായി. ഇന്നലെ കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഓസ്‌ട്രേലിയ 171/6 എന്ന നിലയിലാണ്. ഓസ്‌ട്രേലിയക്ക് 283 റൺസിന്റെ ലീഡ് ആയിട്ടുണ്ട്.

രണ്ടാം ദിവസമായ ഇന്നലെ ആദ്യ ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് വിക്കറ്റുകൾ ചീട്ട് കൊട്ടാരം തകരുന്ന പോലെ വീണു. 12 റൺസ് എടുത്ത ഡെൻലി ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. ജോഷ് ഹാസ്ൽവുഡ് അഞ്ച് വിക്കറ്റ് നേടിയപ്പോൾ, പാറ്റ് കുമ്മിൻസ് മൂന്നും, പാറ്റിൻസൺ രണ്ടും വിക്കറ്റ് നേടി. 27.5 ഓവറില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്‌ട്രേലിയ തകർച്ചയിൽ ആണെങ്കിലും ആദ്യ ഇന്നിങ്സിലെ ലീഡ് അവർക്ക് തുണയായി. മാന്‍സ് ലാബൂഷായും(53), പാറ്റിൻസണും(2) ആണ് ക്രീസിൽ. രണ്ടാം ഇന്നിങ്സിൽ ബോർഡും, സ്റ്റോക്‌സും രണ്ട് വിക്കറ്റ് വീതം നേടി.

മഴ മൂലം ആദ്യ ദിനം വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ ആദ്യ ദിവസം തന്നെ ഓസ്‌ട്രേലിയ ഓൾഔട്ടായി. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.25/ 2 എന്ന നിലയിൽ പരുങ്ങിയ ഓസ്‌ട്രേലിയയെ ഡേവിഡ് വാർണറും(61), മാന്‍സ് ലാബൂഷായും(74) ചേർന്ന് പതുക്കെ കരകയറ്റാൻ തുടങ്ങി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ  111 റൺസ് നേടി. എന്നാൽ വാർണറിനെ ആർച്ചറി പുറത്താക്കി. അതിന് ശേഷം മറ്റാർക്കും മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. അർച്ചർ ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് നേടി. സ്റ്റീവ് സ്മിത്തിന് പകരമെത്തിയ മാന്‍സ്  മികച്ച പ്രകടനമാണ് രണ്ട് ഇന്നിങ്സിലും നടത്തിയത്.

Leave a comment