ബ്രയാൻ ലാറ – അഴകും ആവേശവും കൈമുതലാക്കിയ ക്രിക്കറ്റിന്റെ രാജകുമാരൻ
ക്രിക്കറ്റിന് ദൈവം ഉണ്ടെങ്കിലും,ഇല്ലെങ്കിലും ഒരു രാജാവും,രാജകുമാരനും ഉണ്ടായിരുന്നു…മൂന്നടിയോളം നീളം വരുന്ന ഒരു മരക്കഷണം കൊണ്ട് അവർ പതിറ്റാണ്ടുകളോളം ലോകക്രിക്കറ്റിലെ ബൗളർമാരെ ഭരിച്ചു. ഇംഗ്ലണ്ടിൽ ജനിച്ചു,വിൻഡീസിൽ വളർന്ന ക്രിക്കറ്റ് സാമ്രാജ്യം അനേകം പ്രതിഭകളാൽ ഭരിക്കപ്പെട്ടെങ്കിലും ഇവരെ പോലെ,ഇവരെയുള്ളൂ. കിംഗ് റിച്ചാർഡ്സും,പ്രിൻസ് ലാറയും…..വന്യമായ ബാറ്റിംഗ് കരുത്ത് കൊണ്ട് ക്രിക്കറ്റിനെ ഭരിച്ചവർ. സോബേഴ്‌സും,ക്ളൈവ് ലോയ്ഡും,ഗ്രീനിഡ്ജും,ഹെയ്ൻസും ഒക്കെ വന്ന നാട്ടിൽ നിന്ന് വന്ന് സാമ്രാജ്യം സൃഷ്ടിച്ചവർ നിസ്സാരക്കാരാവാൻ വഴിയില്ലല്ലോ??
ക്രിക്കറ്റ് രാജാവ് നിർത്തിയിടത്തു നിന്നാണ് ലാറയുടെ തുടക്കം. 1990 ൽ പാകിസ്ഥാനെതിരെ ആയിരുന്നു അരങ്ങേറ്റം. ഇടങ്കയ്യിന്റെ കരുത്തും,സൗന്ദര്യവും,വന്യതയും,സാങ്കേതികതയും പ്രദർശിപ്പിച്ചു കൊണ്ടുള്ള ഒരു യാത്ര ആയിരുന്നു പിന്നീട്. ലോകോത്തര ബൗളർമാരൊക്കെ ആ അശ്വമേധത്തിൽ തോൽവി സമ്മതിച്ചു. സെഞ്ചുറികളും,ഡബിളുകളും,ട്രിപ്പിളും,ക്വാഡ്രപ്പിളും,ക്വിന്റപ്പിളും ഒക്കെ ആദ്യമായി ഒരു ബാറ്റിൽ നിന്ന് വന്നു. ബൗളർമാരെ വെല്ലുവിളിച്ചു മണിക്കൂറുകളോളം ക്രീസിൽ അപരാജിതനായി നിന്നു. ഇന്ത്യയിൽ നിന്ന് വന്ന മറ്റൊരു ബാറ്റിംഗ് ഇതിഹാസവുമായി കളിച്ച കാലത്തോളം മത്സരത്തിൽ ഏർപ്പെട്ടു. ആരാണ് മികച്ചവൻ എന്ന് കണ്ടു പിടിക്കാനാകാതെ ക്രിക്കറ്റ് ലോകവും,ആരാധകരും,നിരൂപകരും കുഴങ്ങി.
ടെസ്റ്റ് ബാറ്റ്സ്മാൻ എന്ന നിലയിൽ തന്നെയാണ് ലാറക്ക് മുൻതൂക്കം. കണക്കുകളും,ശൈലിയും ഒക്കെ അത് അടിവരയിടുന്നു. സുദീർഘമായ ഇന്നിംഗ്സുകൾ കളിയ്ക്കാൻ ലാറയെപോലെ കഴിവുള്ള ഒരാൾ കേട്ടറിവിൽ സാക്ഷാൽ ബ്രാഡ്മാൻ മാത്രമേയുള്ളൂ. ലാറയുടെ മികച്ച ഇന്നിംഗ്സുകൾ പെറുക്കി പറയുന്നത് പാഴ് വേലയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?ടെസ്റ്റിലെ ഏറ്റവും മികച്ച വ്യക്തിഗതസ്‌കോറും,ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത റെക്കോർഡും ലാറക്ക് തന്നെ. ഒരേസമയം പ്രതിരോധവും,ആക്രമണവും കലർന്ന മനോഹരമായ കേളീശൈലിയാണ് അദ്ദേഹത്തിന്റേത്.
അഞ്ചാമത്തെ ടെസ്റ്റിൽ തന്നെ തന്റെ ആദ്യസെഞ്ചുറിയും,ഡബിൾ സെഞ്ചുറിയും കണ്ടെത്തിയ ലാറ,പിന്നീടങ്ങോട്ട് കൂറ്റൻ സ്കോറുകളുടെ സഹയാത്രികൻ ആയിരുന്നു. 9 വട്ടം 200 ൽ കൂടുതൽ റൺസ്,2 വട്ടം 300 ൽ കൂടുതൽ, ഒരിക്കൽ 400 ഉം . ടെസ്റ്റിൽ 60.51 എന്ന ഒട്ടും മോശമല്ലാത്ത സ്ട്രൈക്ക് റേറ്റിൽ ,53 റൺസ് ആവറേജിൽ,34 സെഞ്ചുറികളുടെയും,48 അർദ്ധസെഞ്ചുറികളുടെയും അകമ്പടിയോടെ 12000 അടുത്തു റൻസുകൾ !!!
ഏകദിനത്തിൽ ഓപ്പണർ,വൺ ഡൗൺ,നാലാമൻ എന്നീ നിർണായകപൊസിഷനുകളിൽ നിരവധി തവണ ബാറ്റ് ചെയ്യാനെത്തിയ ലാറ,ഓരോ പൊസിഷനിലും ഗംഭീര പ്രകടനം കാഴ്ച വെച്ചു. ഈ എല്ലാ പൊസിഷനുകളിലും ലാറ സെഞ്ചുറികൾ നേടി. 1996 ൽ ,കറാച്ചിയിൽ,സൗത്താഫ്രിക്കക്കെതിരെ,വെറും 92 ബോളിൽ എടുത്ത 111 റൺസിന്റെ ഇന്നിംഗ്‌സ് ഏകദിനത്തിലെ സുന്ദരകാഴ്ചകളിൽ ഒന്നാണ്. വിശ്വവിജയം പ്രതീക്ഷിച്ചെത്തിയ പ്രോട്ടിയൻ പട ആ ഒറ്റ മനുഷ്യന്റെ മുന്നിലാണ് വീണു പോയത്. എണ്ണിയെണ്ണി പറയാവുന്ന ഒരു പാട് ഇന്നിംഗ്സുകൾ വേറെയും ഓർമയിൽ വരുന്നു. ലങ്കക്കെതിരെ ഷാർജയിൽ നേടിയ 169,പാകിസ്ഥാനെതിരെ സബീന പാർക്കിൽ 114 അങ്ങനെ ഒരുപാട്…17 കൊല്ലം നീണ്ട ഏകദിന കരിയറിൽ 299 മത്സരങ്ങൾ!!19 സെഞ്ചുറികൾ!!63 അർദ്ധസെഞ്ചുറികൾ !!10400 ലേറെ റൺസ്!!!!!
2007 ൽ ക്രിക്കറ്റിനോട് വിടപറഞ്ഞ ലാറ,പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ 2 സീസണിൽ കളിച്ചതായി ഓർക്കുന്നു. അതിനു ശേഷം ഫുട്ബോൾ,ഗോൾഫ്,മോട്ടോർ റേസ് പോലുള്ള മറ്റു സ്പോർട്സുകളിലും താൽപര്യം കാട്ടിയിരുന്നു ക്രിക്കറ്റിന്റെ രാജകുമാരൻ. ട്രിനിഡാഡിൽ പുതുതായി പണി കഴിപ്പിച്ച മനോഹരമായ ക്രിക്കറ്റ് സ്റ്റേഡിയത്തിന് “The Brian Lara Stadium “എന്ന് പേരിട്ടാണ് ട്രിനിഡാഡ് ഗവണ്മെന്റ് ലാറയെ ആദരിച്ചത്…..