ഇങ്ങനെ പോയാൽ കോലി എവിടെച്ചെന്നു നിൽക്കും? രാജ്യാന്തര ക്രിക്കറ്റിൽ 10 വർഷം കൊണ്ട് 20,000 റൺസ് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് നായകൻ
പോർട്ട് ഓഫ് സ്പെയിൻ: രാജ്യാന്തര ക്രിക്കറ്റിൽ 10 വർഷംകൊണ്ട് 20,000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. റെക്കോർഡുകൾ ഒന്നൊന്നായി വാരിപ്പെറുക്കിയാണു റൺവഴിയിൽ ഇന്ത്യൻ ക്യാപ്റ്റന്റെ യാത്ര തുടരുന്നത്. വെസ്റ്റിൻഡീസിനെതിരായ അവസാന ഏകദിനത്തിൽ കോലി സെഞ്ചുറിയോടെ തിളങ്ങിയപ്പോൾ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ജയം.
ഇന്ത്യൻ ക്രിക്കറ്റിൽ ട്വന്റി20, ഏകദിനം, ടെസ്റ്റ് എന്നീ മൂന്ന് ഫോർമാറ്റുകളിലുമായി 10 വർഷംകൊണ്ട് 20,000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് വിൻഡീസിനെതിരായ 3–ാം ഏകദിനത്തിൽ മുപ്പത്കാരനായ താരം സ്വന്തമാക്കിയത്. ഏകദിനത്തിലെ 43–ാം സെഞ്ചുറിയായിരുന്നു കോലിയുടേത്. ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡ് നേരത്തേതന്നെ മറികടന്ന കോലി, സച്ചിൻ ഉൾപ്പെടെയുള്ളവരെ മറികടന്നാണ് റെക്കോർഡുകൾ സ്വന്തമാക്കിയത്. ഈ പട്ടികയിൽ രണ്ടാമതുള്ള പോണ്ടിങ്ങിന്റെ സമ്പാദ്യം 18,962 റൺസാണ്.






































