ബ്രസീലിന് വേണ്ടി നെയ്മര്‍ വീണ്ടും കളത്തിലിറങ്ങും
റിയോഡി ജനീറോ: അടുത്തമാസം കൊളംബിയക്കും പെറുവിനും എതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. കാൽപ്പന്ത് കളിയിലെ വിസ്മയ താരം നെയ്മറെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. പിഎസ്ജി വിട്ട് നെയ്മര്‍ സ്പാനിഷ് ലീഗില്‍ തിരിച്ചെത്തിയേക്കുമെന്ന വാർത്തകൾ ശക്തമായപ്പോഴാണ് നെയ്മര്‍ വീണ്ടും ബ്രസീല്‍ ടീമിലെത്തുന്നത്. താരത്തിന് നേരെ ഉയർന്ന ബലാത്സംഗ ആരോപണത്തില്‍ തെളിവില്ലെന്ന കാരണത്താല്‍ അധികൃതര്‍ തള്ളിയതിന് പിന്നാലെയാണ് ഇരുപത്തിയേഴുകാരനായ താരം ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്.
നെയ്മര്‍ ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നെയ്മറെപ്പോലൊരു കളിക്കാരനെ അവഗണിക്കാനാവില്ലെന്നും ടീമിന്റെ കോച്ച് ടിറ്റെ അഭിപ്രായപ്പെട്ടു. എന്നാല്‍ ക്ലബ്ബ് ഫുട്ബോളില്‍ നെയ്മര്‍ എവിടെ കളിക്കണമെന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും ടിറ്റെ വ്യക്തമാക്കി. സെപ്റ്റംബര്‍ ആറിന് മിയാമിയിലാണ് കൊളംബിയക്കെതിരായ ബ്രസീലിന്റെ സൗഹൃദമത്സരം.






































