Editorial Foot Ball Top News

 മഞ്ചസ്റ്റർ റീ-യുണൈറ്റഡ്

August 14, 2019

author:

 മഞ്ചസ്റ്റർ റീ-യുണൈറ്റഡ്

 മഞ്ചസ്റ്റർ ഉയർത്തെഴുന്നേൽക്കുകയാണ്. ഇംഗ്ലണ്ടിന്റെ വസ്ത്ര വ്യാപാര തലസ്ഥാനം കഴിഞ്ഞ നൂറ്റാണ്ട് കൂടുതലും അറിയപ്പെട്ടത് ഒരു ക്ലബ്ബിൻറെ പേരിലാണ് – മഞ്ചസ്റ്റർ യുണൈറ്റഡ്. നീണ്ട ആറു കൊല്ലത്തെ ഇടവേള കഴിഞ്ഞ് അവർ തിരിച്ചു വരുന്നു. ചില കളികൾ കാണാനും ചില പുതിയവ കളിക്കാനും. ലിവർപൂൾ ഇതിഹാസം ജാമി കാരിഗർ തൻറെ ബദ്ധവൈരികളെ വിശേഷിപ്പിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് വിചാരിച്ചതിലും വളരെ പെട്ടെന്ന് ടൈറ്റിൽ കണ്ടന്റെർസ് ആയി എന്നാണ്. ഇംഗ്ലണ്ടിൽ അങ്ങോളമിങ്ങോളമുള്ള കളി വിദഗ്ധർ ഈ വാദം ശരിവയ്ക്കുന്നു.
ഡേവിഡ് ഡി ഗെ ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകൾ കാണിക്കുന്നുണ്ട്. എന്തുവിലകൊടുത്തും തങ്ങളുടെ തുറുപ്പു ചീട്ടിനെ നിലനിർത്താൻ യുണൈറ്റഡ് തയ്യാറായത് അതുകൊണ്ടുതന്നെയാണ്. ഇത്തരം ഒരു ഷോർട്ട് സ്റ്റോപ്പർ നൂറ്റാണ്ടിലെ പ്രതിഭാസമാണ്. ദൈവത്തിന്റെ ഒരു വികൃതി. യുണൈറ്റഡിന്റെ ഈ സീസണിലെ പ്രതീക്ഷകളിൽ ഒരു 60 ശതമാനംവരെ ഡി ഗെയുടെ ഫോമിനെ ആശ്രയിച്ചിരിക്കുന്നു.
   മഞ്ചസ്റ്റർ യുണൈറ്റഡ് പുനസംഘടന എല്ലാവരിലും മതിപ്പുളവാക്കന്നതായിരുന്നു. ഹാരി മെഗ്വയർ ആരൺ വാൻ-ബിസ്സാക്ക എന്നിവരെ കൊണ്ടുവന്ന പ്രതിരോധത്തിലെ പോരായ്മകൾ പരിഹരിക്കുകയാണ് അവർ ആദ്യം ചെയ്തത്.  ഓൾഡ് ട്രാഫോഡിൽ ചെൽസിയെ മലർത്തിയെടുക്കുമ്പോൾ യുണൈറ്റഡ് പ്രതിരോധത്തിലെ ഇളകാത്ത പാറയായി ഉണ്ടായിരുന്നു മെഗ്വയർ. യുണൈറ്റഡ് നാലു ഗോളടിച്ച മത്സരത്തിൽ രണ്ടു ഗോളടിച്ച റാഷ്ഫോർഡിനേക്കാളും രണ്ടു ഗോളിന് വഴിയൊരുക്കിയ പോഗ്ബയെക്കാളും മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത് മെഗ്വയറായിരുന്നു. ശില പോലെ ദൃഢം. യുണൈറ്റഡ് പ്രതിരോധ കോട്ട കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ദ്വാരപാലകരായി വിക്ടർ ലിന്റലോഫും ഹാരി മെഗ്വയറും.
 വിങുകളിലൂടെ വാൻ-ബിസ്സാക്കയും ലൂക്ക് ഷായും നടത്തുന്ന നീക്കങ്ങൾ യുണൈറ്റഡിന് കഴിഞ്ഞ കുറച്ച് സീസണുകളിൽ നഷ്ടമായിരുന്നു വിങ് അറ്റാക്കിൽ മൂർച്ച നൽകുന്നു.  പ്രതിരോധത്തിൽ വളരെ ആഴത്തിൽ നിന്ന് പന്തെടുത്ത് ക്ഷണനേരംകൊണ്ട് പ്രത്യാക്രമണം തുടങ്ങി എതിർ ഗോൾമുഖത്ത് സെക്കൻഡുകൾക്കകം എത്തുന്ന സർ അലക്സ് ഫെർഗൂസൺന്റെ യുണൈറ്റഡ് അല്ലെങ്കിൽ ഹോസെ മൊറിഞ്ഞോയുടെ റയൽ മാഡ്രിഡിനെ അനുസ്മരിപ്പിക്കുന്നു ഇത്. ഡിഗോ ഡാലോട്ട് ആഷ്‌ലി യങ് എന്നിവരുടെ ബാക്കപ്പ് കൂടിയാകുമ്പോൾ വിങ് ബാക്ക് എന്ന പൊസിഷനിൽ കൂടുതൽ പ്രശ്നങ്ങൾ യുണൈറ്റഡിൽ ഉടനെയൊന്നും ഉടലെടുക്കും എന്ന് തോന്നുന്നില്ല.
 മാർക്കസ് റാഷ്ഫോർഡിന് സ്ട്രൈക്കർ പൊസിഷനും ആന്റണി മാർഷ്യലിന് ലെഫ്റ്റ് വിങർ പൊസിഷനും നിലനിർത്താൻ ഒലേ ഗുണ്ണർ സോൾസ്ജർ മുതിരും എന്ന് തോന്നുന്നു. രണ്ടുപേരുടെയും സ്വതസിദ്ധമായ മേച്ചിൽപുറങ്ങൾ ആണ് അത്. അവരുടെ സ്വാഭാവിക വേഗതയും ഡ്രിബ്ലിങ്ങ് പാടവും പ്രകടമാക്കാൻ ഈ തീരുമാനം സഹായിക്കുന്നു. ലുക്കാക്കു ഇന്ററിലേക്ക് പോയതോടെ യുണൈറ്റഡ് സ്ട്രൈക്കർ വാങ്ങുമെന്ന് ഒരു സാഹചര്യം ഉടലെടുത്തിരുന്നു. എന്നാൽ റാഷ്ഫോർഡിൽ വിശ്വാസമർപ്പിക്കാൻ ആയിരുന്നു സോൾസ്ജറുടെ തീരുമാനം. അക്കാഡമി ഉൽപ്പന്നങ്ങളായ മെസൺ ഗ്രീൻവുഡ് എയ്ഞ്ചൽ ഗോമസ് എന്നിവർ ഉള്ളപ്പോൾ സ്ട്രൈക്കിംഗ് ഫോഴ്സിന്റെ അഭാവം യുണൈറ്റഡിനെ ബാധിക്കും എന്ന് കരുതുക വയ്യ. മാർഷ്യലിന്റെ അഭാവത്തിൽ ലെഫ്റ്റ് ഫ്ലാങ്ക് റാഷ്ഫോർഡിന് നിയന്ത്രിക്കാവുന്നതാണ്.
 ജെസ്സി ലിൻഗാർഡ് ആന്ദ്രസ്സ് പെരേര എന്നിവരെയാണ് സെൻട്രൽ മിഡ്ഫീൽഡും റൈറ്റ് വിങ്ങും കഴിഞ്ഞ മത്സരത്തിൽ സോൾസ്ജർ ഏൽപ്പിച്ചത്. ഏൽപ്പിച്ച പണി പിള്ളേർ വൃത്തിയായി ചെയ്തു. എന്നാൽ അതൊരു സ്ഥിരം തീരുമാനമാകാൻ ഉള്ള പക്വത ഇരുവർക്കും ഇല്ല. യുവാൻ മാറ്റയെ പോലെ തലച്ചോറുള്ള ഒരു കളിക്കാരൻ ഈ അവസരത്തിൽ ഒരു മുതൽക്കൂട്ടാണ്. ഡാനിയേൽ ജെയിംസ് എന്ന ഈ സീസണിലെ എല്ലാ ക്ലബ് ട്രാൻസ്ഫർ കളെയും വെച്ചുള്ള ഏറ്റവും വലിയ ഗാംബ്ളിങ് യുണൈറ്റഡ് മാനേജറുടെ മാർക്കറ്റ് മാനേജ്മെൻറ് വ്യക്തമാക്കുന്നു. ഡാനിയൽ ജെയിംസിനെ പോലെ ഇത്രയും വേഗതയുള്ള ഒരു വിങറെ കണ്ടിട്ടില്ല എന്നാണ് റയാൻ ഗിഗ്ഗ്സിന്റെ വെളിപ്പെടുത്തൽ. ജെയിംസ് യുണൈറ്റഡിന് ഒരു മുതൽക്കൂട്ട് തന്നെയാണ്, ഡീഗോ ഡാലോട്ടിന് ഒരു വെല്ലുവിളിയും.
 കളി നിയന്ത്രിക്കുന്ന ഹോൾഡിങ് മിഡ്ഫീൽഡിർ പൊസിഷനിൽ സാക്ഷാൽ പോൾ പോഗ്ബ തന്നെ നിൽക്കുന്നു. കൂടെ ഭാവിയിലെ വാഗ്ദാനം സ്കോട്ട് മെക്ടോമിനീയും. പോളും സ്കോട്ടും കൂടി അവരുടെ റോൾ ഭംഗിയായി നിർവ്വഹിച്ചാൽ പിന്നെ യുണൈറ്റഡിനെ പിടിച്ചാൽ കിട്ടി എന്ന് വരില്ല. കഴിഞ്ഞ മത്സരത്തിലെ ഏറ്റവും വലിയ പോരായ്മയായി തോന്നിയത് മിഡ്ഫീൽഡിൽ പോഗ്ബ പന്ത് വിട്ടു കളയുന്നൂ എന്നതായിരുന്നു. പോഗ്ബയിൽ നിന്ന് 50 ശതമാനം മാത്രമേ ഇപ്പോഴും യുണൈറ്റഡിന് ലഭിക്കുന്നുള്ളൂ. അയാൾ കൂടി ഫോമിലേക്ക് ഉയരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. മാറ്റിച്ചും ഫ്രണ്ടും തഹീത് ചോങും ബെഞ്ചിൽ അവസരം കാത്തിരിക്കുന്നു എന്നത് അതിനിർണായകമാണ്. അത്ഭുതങ്ങൾ കാണിക്കാൻ ശേഷിയുള്ള ഒരു ടീം തന്നെയാണ് ഇത്. അങ്ങനെ സംഭവിക്കുമ്പോൾ theater of dreams starting to dream again” സ്വപ്നങ്ങളുടെ രംഗസ്ഥലം വീണ്ടും സ്വപ്നം കണ്ടു തുടങ്ങുന്നു
Leave a comment