ഇന്ന് “super sunday” – ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും
പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ഇന്ന് ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റു മുട്ടും. ഓൾഡ് ട്രാഫോഡിൽ വെച്ചാണ് മത്സരം. യഥാക്രമം മൂന്നും ആറും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ഇരു ടീമുകളും പക്ഷെ ഇത്തവണ കഴിഞ്ഞ വർഷത്തിൽ നിന്നും പ്രകടമായ വ്യത്യാസങ്ങളുമായാണ് ഇറങ്ങുന്നത്.
ആരോൻ വാൻ ബിസ്സാക്ക, ഹാരി മഗ്വയർ, യുവതാരം ഡാനിയൽ ജെയിംസ് എന്നിവരാണ് യുണൈറ്റഡിലെ പുതുമുഖങ്ങൾ. അക്കാദമി താരം ഗ്രീൻവുഡിനും അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ബെൽജിയൻ സ്ട്രൈക്കർ റൊമേലോ ലുക്കാക്കുവാണ് ടീം വിട്ടു പോയ പ്രമുഖൻ. മൗറീഞ്ഞോക്ക് പകരം സ്ഥാനമേറ്റത്തിന് ശേഷം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓലേയ്ക്കും ടീമിനും പക്ഷെ സീസൺ നന്നായി അവസാനിപ്പിക്കാനായിട്ടില്ല. മാനേജറുടെ ഭാവി തീരുമാനിച്ചേക്കാവുന്ന മത്സരങ്ങളായിരിക്കും തുടക്കത്തിൽ വരാൻ പോകുന്നത്.
മറുവശത്ത് ചെൽസി മുഴുവനായും ഉടച്ചു വാർത്ത ടീമുമായാണ് വരുന്നത്. ഫ്രാങ്ക് ലാംപാർഡ് സ്ഥാനമേറ്റത്തിന് ശേഷം, ചെൽസിയുടെ പേരുകേട്ട അക്കാദമി താരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ സൂപ്പർ താരം ഹസാർഡിന്റെ കൂടുമാറ്റം, മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം, ലാംപാർഡിന്റെ പരിചയക്കുറവ് എന്നിവ എങ്ങനെ മറികടക്കും എന്ന് കാത്തിരുന്നു തന്നെ കാണണം. പുലിസിച്ച്, ബാർക്ക്ലി, റ്റാമി എബ്രഹാം എന്നിവരുടെ ഫോം നിർണായകമായേക്കും.
മികച്ച തുടക്കം ലഭിക്കുക എന്നത് ഇരു മാനേജർമാർക്കും അത്യാവശ്യമായ സ്ഥിതിക്ക് മത്സരം പൊടി പാറുമെന്നുറപ്പ്.