പ്രൊ കബഡി 2019 :ഇന്ന് ദബാംഗ് ദില്ലി തമിഴ് തലൈവാസിനെ നേരിടും
ഹൈദരാബാദ്: പ്രൊ കബഡി ഏഴാം സീസണിലെ ഒമ്പതാം മത്സരത്തിൽ ദബാംഗ് ദില്ലി തമിഴ് തലൈവസിനെ നേരിടും. ഇന്ന് രാത്രി 7:30-ന് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയയത്തിലാണ് മത്സരം നടക്കുന്നത്. സീസൺ ഏഴിലെ ആദ്യ മത്സരം ജയിച്ച രണ്ട് ടീമുകളാണ് ഇന്ന് മത്സരിക്കുന്നത്. രണ്ട് ടീമുകളും ആദ്യ മത്സരത്തിൽ തെലുങ്ക് ടൈറ്റൻസിനെ ആണ് തോൽപ്പിച്ചത്.
ഇതുവരെ രണ്ട് ടീമുകളും നേർക്കുനേർ വന്നത് രണ്ട് തവണ മാത്രമാണ്. രണ്ട് തവണയും ജയം ഡെൽഹിക്കായിരുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദില്ലി ഇത്തവണയും ആ പ്രകടനം തുടരുകയാണ്. ആദ്യ മത്സരത്തിൽ ടൈറ്റൻസിനെ തോൽപ്പിച്ച് മികച്ച ഫോമിലാണ്. ജോഗീന്ദർ നർവാൾ ആണ് ദബാംഗിന്റെ നായകൻ. നായകനൊപ്പം, രവീന്ദർ പഹാൽ, വിശാൽ മാനെ എന്നിവരാണ് ടീമിൻറെ ശക്തി.ഇതുവരെ കബഡി ലീഗിൽ പറയത്തക്ക നേട്ടങ്ങൾ ഒന്നും ഇല്ലാത്ത ടീമാണ് തമിഴ് തലൈവാസ്. എന്നാൽ ഈ സീസണിലെ അവരുടെ ആദ്യ മത്സരത്തിൽ ടൈറ്റൻസിനെ 39-26 എന്ന സ്കോറിൽ തോൽപ്പിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇത്തവണ പുതിയ താരങ്ങളെ അവർ എടുക്കുകയും ചെയ്തിട്ടുണ്ട്. രാഹുൽ ചൗധരി ആണ് ടീമിലേക്കെത്തിയ പുതിയ താരം. കഴിഞ്ഞ ആറ് സീസണുകളും തെലുങ്ക് ടൈറ്റൻസിനൊപ്പം കളിച്ച രാഹുൽ ചൗധരി ആദ്യ കളിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.






































