ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ മഹേല ജയവര്‍ധനയും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മഹേല ജയവര്‍ധനെയ്ക്ക് താത്പര്യമുണ്ടെന്ന് റിപ്പോർട്ട്. രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചിരിക്കെ പുതിയ പരിശീലകനെ നിയമിക്കാൻ ഒരുങ്ങുകായാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് ശ്രീലങ്കൻ മുൻ താരം മഹേല ജയവര്‍ധനക്കും താൽപര്യമുണ്ടെന്ന് സൂചനകൾ കേൾക്കുന്നത്. മഹേല ജയവര്‍ധന ഉടൻ ബിസിസിഐക്ക് അപേക്ഷ കൊടുക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ജയവര്‍ധന ഇതിനെപറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുൻ ശ്രീലങ്കൻ താരമായ മഹേല ജയവര്‍ധന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ പരിശീലകൻ ആയിരുന്നു. മുംബൈ ഇന്ത്യൻസ് രണ്ട് തവണ ഐപിഎൽ കിരീടം നേടിയത് ജയവര്‍ധനയുടെ പരിശീലനത്തിലാണ്. കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതിയാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നത്. 2017ല്‍ ആണ് രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായി എത്തിയത്. അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ നിരവധി മത്സരങ്ങളും, കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 2019 ലെ ഐസിസി ലോകകപ്പിന് മുന്നോടിയായി കളിക്കാരെ ഉപദേശിക്കാൻ ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് ജയവർധനയെ ക്ഷണിച്ചിരുന്നു, എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നു.






































