എസി മിലാൻ ഡൈനാമോ സാഗ്രെബിനെ മറികടന്ന് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ വിജയം കരസ്ഥമാക്കി
ബുധനാഴ്ച ഗ്രൂപ്പ് ഇയിൽ സ്വന്തം തട്ടകത്തിൽ ഡിനാമോ സാഗ്രെബിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് എസി മിലാന് ഈ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് വിജയം കരസ്ഥമാക്കി.ഒലിവിയർ ജിറൂഡ്, അലക്സിസ് സെയ്ലെമേക്കേഴ്സ്, ടോമാസോ പൊബെഗ എന്നിവര്‍ ആണ് മിലാന് വേണ്ടി വല കണ്ടെത്തിയത്.ആദ്യ മത്സരത്തില്‍ ആര്‍ബി സാല്‍സ്ബര്‍ഗുമായി ഇറ്റാലിയന്‍ ചാമ്പ്യന്മാര് സമനിലയില്‍ പിരിഞ്ഞിരുന്നു.
ആദ്യ പകുതിയില്‍ കളി തങ്ങളുടെ വരുതിയില്‍ ആക്കിയിട്ടും ഗോളൊന്നും തന്നെ നേടാന്‍ മിലാന് കഴിഞ്ഞിരുന്നില്ല.ജോസിപ് സുടാലോ ലിയോക്കെതിരെ നടത്തിയ മോശം ചാലഞ്ച് വഴി ലഭിച്ച പെനാല്‍ട്ടി വലയിലെത്തിച്ച് കൊണ്ട് വിസില്‍ മുഴങ്ങുന്നതിനു തൊട്ടു മുന്നേ മിലാന് ജിറൂഡിലൂടെ ലീഡ് നേടി.രണ്ടു ഗോളിന് മുന്നില്‍ നില്ക്കവേ മിസ്ലാവ് ഒർസിച്ച് നേടിയ ഗോള്‍ മിലാന് കാമ്പില്‍ നേരിയ ആശങ്കക്ക് വഴിവെച്ചു എങ്കിലും 77 ആം മിനുട്ടില്‍ പൊബെഗയുടെ ഗോള്‍ മിലാന് വിലപ്പെട്ട മൂന്നു പോയിന്റ് നേടി കൊടുത്തു.






































