വലക്കാനോക്കെതിരെ സമനില ; ആരാധകര്‍ ആഗ്രഹിച്ച തുടക്കം നല്‍കാന്‍ ബാഴ്സക്ക് കഴിഞ്ഞില്ല
മികച്ച താരങ്ങളെ സൈന്‍ ചെയ്തതിനു ശേഷവും ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കൊണ്ട് ലാലിഗയിലെ തങ്ങളുടെ 2022 -23 സീസണിനു തുടക്കം കുറിച്ചിരിക്കുകയാണ് ബാഴ്സലോണ. ദുര്‍ബലര്‍ ആയ റയോ വലക്കാനോക്കെതിരെ ഒരു നിമിഷം പോലും ആധിപത്യം സ്ഥാപ്പിക്കാന്‍ ബാഴ്സക്ക് കഴിഞ്ഞില്ല.ഗാവി -പെഡ്രി – ബുസ്ക്കറ്റ്സ് ത്രയത്തെ മിഡ്ഫീല്‍ഡില്‍ വിന്യസിച്ച സാവിയുടെ നീക്കം തികച്ചും തെറ്റ് ആണ് എന്ന് ഫ്രെങ്കി ഡി യോംഗ് പിച്ചിലേക്ക് എത്തിയതിനു ശേഷം കാണാന്‍ കഴിഞ്ഞു.
കൂടാതെ റഫീഞ്ഞക്ക് പകരം ആന്‍സൂ ഫാട്ടി വന്നതിനു ശേഷമാണ് ബാഴ്സ അറ്റാക്കിംഗില്‍ കൂടുതല്‍ അപകട നീക്കങ്ങള്‍ നടത്താന്‍ തുടങ്ങിയത്.അവിടെയും സാവിയുടെ ആദ്യ ഇലവന്‍ തിരഞ്ഞെടുത്ത രീതി പാളുകയായിരുന്നു.ലെവന്‍ഡോസ്ക്കിക്ക് ഇടം നല്‍കാതെ വലക്കാനോ ബാക്ക് ലൈന്‍ മികച്ച രീതിയില്‍ ഉള്ള പ്രതിരോധം ആണ് കാഴ്ച്ചവെച്ചത്.ക്ഷമയോടെ ബാക്ക് ലൈന്‍ നിലനിര്‍ത്തുകയും കൌണ്ടറിലൂടെ ബാഴ്സയുടെ പ്രതിരോധ നിരക്ക് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുകയും ചെയ്ത വലക്കാനോ രണ്ടു മൂന്നു തവണ ബാഴ്സയുടെ പ്രതിരോധത്തെ പരീക്ഷിച്ചു.എന്നാല്‍ ടെര്‍ സ്റ്റഗന്‍ മികച്ച സേവുകളോടെ കളം നിറഞ്ഞു നിന്നു.റയോ സ്‌ട്രൈക്കർ ഫാൽക്കാവോയുടെ മുഖത്ത് കൈമുട്ട് കൊണ്ട് ഇടിച്ചതിന് ക്യാപ്റ്റന്‍ ബുസ്ക്കറ്റ്സിന് രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ചത് മൂലം റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ബാഴ്സയുടെ പതനത്തിന്റെ ആക്കം കൂട്ടുന്നു.






































