തള്ളേണ്ടവരും കൊള്ളേണ്ടവരും!!!…
ലോകകപ്പിന് മൂന്ന് ഇഞ്ചു പിന്നിൽ കാലിടറി വീണ ടീം ഇന്ത്യയുടെ പിന്നാലെ ഇപ്പോൾ വിവാദങ്ങളും പിന്തുടരുകയാണ്. ടീം സെലക്ഷനെയും ബാറ്റിംഗ് ഓർഡറിലെ പരീക്ഷണങ്ങളെയും വിമർശിച്ചുകൊണ്ട് സച്ചിനും ഗാംഗുലിയും അടങ്ങുന്ന ക്രിക്കറ്റ് ലോകത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു. 24 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞു നിക്കുന്ന സമയത്ത് ക്രീസിൽ വേണ്ടിയിരുന്നത് ഒരു പരിചയ സമ്പത്തുള്ള ബാറ്റ്സ്മാൻ ആയിരുന്നു. പകരം ക്രീസിൽ ഒത്തു ചേർന്നത് വമ്പനടിക്കാരായ ഹർദിക് പാണ്ട്യയും ഋഷഭ് പന്തും. 350 ഏകദിനങ്ങളുടെ പരിചയ സമ്പത്തും അതിലുപരി ഇതുപോലെയുള്ള സമ്മർദ്ദ ഘട്ടങ്ങൾ ഒരുപാട് തവണ തരണം ചെയ്യുകയും ചെയ്തിട്ടുള്ള ധോണിയെ ഏഴാം നമ്പറിലേക്ക് ഇറക്കിയതും വിമർശനങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഈ അവസരത്തിൽ ടീം ഇന്ത്യയിലെ പല താരങ്ങളുടെ നേർക്കും വാൾമുന നീണ്ടിരിക്കുകയാണ്.
രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹർദിക് പാണ്ട്യ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ, മുഹമ്മദ് ഷമി എന്നിവർ ഈ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചവരാണ്. അതിനാൽ തന്നെ ഇവരുടെ സ്ഥാനങ്ങൾക്ക് ഭ്രംശം സംഭവിക്കാനുള്ള സാധ്യതകളും ഇല്ല. ലോകകപ്പിന് മാസങ്ങൾക്ക് മുന്നേ തന്നെ ടീം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്ന നാലാം നമ്പറിൽ ആര് എന്നുള്ള ചോദ്യത്തിന് ലോകകപ്പിൽ നിന്ന് പുറത്തായ ശേഷവും ഒരു ഉത്തരം കണ്ടെത്താൻ ആയിട്ടില്ല. 2015 ലെ ലോകകപ്പിന് ശേഷം 2019 ലെ ലോകകപ്പ് വരെ ഇന്ത്യ നാലാം നമ്പറിൽ പരീക്ഷിച്ചത് 24 താരങ്ങളെയാണ്. ഈ ലോകകപ്പിൽ മാത്രം ഇന്ത്യ പരീക്ഷിച്ചത് 3 താരങ്ങളെയും. ഏറെക്കാലം യുവരാജ് സിങ്ങും സുരേഷ് റെയ്നയും ഒക്കെ അരങ്ങുവാണ നാലാം നമ്പറിൽ ആര് കളിക്കും എന്നുള്ളത് തന്നെയാണ് ടീം ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിലും അവരെ അലട്ടുന്ന ഏറ്റവും മർമപ്രധാനമായ ചോദ്യം.
രുചിയില്ലാതെ പോയ കുൽചാ
ലോകകപ്പിന് മുന്നേ നടന്ന പരമ്പരകളിൽ ഒരുപാട് പ്രശംസ പിടിച്ചു പറ്റിയ കൈക്കുഴ സ്പിന്നേഴ്സ് ആണ് കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും. ഇരുവരെയും ചേർത്ത് ആരാധകർ വിളിക്കുന്ന പേരാണ് കുൽചാ. (കുൽചാ എന്നുള്ളത് ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള ഒരുതരം ഭക്ഷണയിനമാണ്). എന്നാൽ ലോകകപ്പിന് പോയ ഇരുവരും റൺസ് വിട്ടു കൊടുക്കുന്നതിൽ ഒരു പിശുക്കും കാണിച്ചില്ല എന്ന് മാത്രമല്ല പ്രതീക്ഷിച്ചതിലും കൂടുതൽ വഴങ്ങുകയും ചെയ്തു. മധ്യ ഓവറുകളിൽ ഇരുവരും നടത്തിയിരുന്ന മാന്ത്രികത ലോകകപ്പിൽ കാണാതെ പോയി.
ധോണിക്ക് പകരം ആര്?
എം സ് ധോണി ഇനി അധികകാലം ടീമിൽ ഉണ്ടാവില്ല എന്നിരിക്കെ പകരക്കാരനെ കണ്ടു പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ധോണി വിരമിച്ചു കഴിഞ്ഞാൽ ആ സ്ഥാനത്ത് വരേണ്ടത് ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല. പരിചയസമ്പത്തുള്ള, ധോണിയെപ്പോലെ നങ്കുരമിട്ടു കളിക്കാൻ കഴിവുള്ള താരങ്ങളാണ്. രഹാനെയെപ്പോലുള്ള പരിചയസമ്പത്തും സാങ്കേതികത്തികവും ഉള്ള താരങ്ങൾ പുറത്തു നിക്കുന്നു എന്നുള്ളതാണ് വിരോധാഭാസം. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും നാലാം നമ്പറിലേക്ക് അജിൻക്യ രഹാനെയെയും പരിഗണിക്കുന്നതാണ് ഏറ്റവും ഉചിതം.
ധവാൻ തിരിച്ചു വരുമ്പോൾ
പരിക്കേറ്റു പുറത്തിരിക്കുന്ന ശിഖർ ധവാൻ തിരികെ വരുമ്പോൾ കെ എൽ രാഹുൽ ആ സ്ഥാനം ഒഴിഞ്ഞു കൊടുക്കേണ്ടി വരും. അപ്പോൾ രാഹുലിന്റെ സ്ഥാനം എവിടെയാകും എന്നുള്ളതാണ് അടുത്ത പ്രശ്നം. രാഹുലിനെ നാലാം നമ്പറിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. ഋഷഭ് പന്ത് ആറാം നമ്പറിലും ഹർദിക് പാണ്ട്യ ഏഴാം നമ്പറിലും കളിച്ചാൽ രഹാനെ , രാഹുൽ എന്നിവർക്ക് യഥാക്രമം നാല് അഞ്ചു സ്ഥാനങ്ങളിൽ കളിക്കാം.
തള്ളേണ്ടവർ!!!…
കിട്ടിയ അവസരങ്ങൾ ഉപോയോഗപ്രദമാക്കാൻ കഴിയാതെ പോയ ദിനേശ് കാർത്തിക് ടീമിൽ നിന്ന് പുറത്താകാനുള്ള സാധ്യത ഏറെയാണ്. നാലാം നമ്പറിൽ പരീക്ഷിച്ച വിജയ് ശങ്കർ പരാജയമായി എന്നിരിക്കെ അദ്ദേഹത്തിന്റെ സ്ഥാനവും ഉറപ്പില്ല. ഒരു ബാറ്റ്സ്മാൻ എന്നതിലുപരി ഒരു പാർട്ട് ടൈം ബൗളർ ആണെന്നുള്ളതാണ് കേദാർ ജാദവിനെ ടീമിലേക്ക് പരിഗണിക്കാനുള്ള ഘടകം. പക്ഷെ അദ്ദേഹം അഞ്ചാം നമ്പറിലും ആറാം നമ്പറിലും കളിക്കുമ്പോൾ തൽസ്ഥാനങ്ങളിൽ കളിക്കാനുള്ള അക്രമോത്സുകത ജാദവിനുണ്ടോ എന്നുള്ളത് ചിന്തിക്കേണ്ടിയിരിക്കുന്നു.
കൊള്ളേണ്ടവർ!!!…
ഓപ്പണർ സ്ഥാനത്തും നാലാം നമ്പറിലും കളിച്ചു പരിചയ സമ്പത്തുള്ള അജിൻക്യ രഹാനെ എന്ന കഴിവുറ്റ ബാറ്റ്സ്മാനെ ഏകദിന ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നത് എന്ത്കൊണ്ട് എന്നുള്ളതാണ് ആരാധകരുടെ ഇടയിൽ കേട്ടുവരുന്ന ഏറ്റവും പ്രധാനമായ ചോദ്യം. മധ്യനിരയിൽ നങ്കൂരമിട്ടു കളിക്കാൻ രഹാനെക്ക് സാധിക്കും എന്നുള്ളത് കൊണ്ടും ടീം ഇന്ത്യക്ക് ഇപ്പോൾ അങ്ങനെ ഒരാൾ വേണമെന്നുള്ളതും രഹാനയെ ടീമിലെ സ്ഥാനത്തിന് അർഹനാക്കുന്നു. ശിക്കാർ ധവാൻ പരിക്ക് മാറി തിരിച്ചു വരുമ്പോൾ അദ്ദേഹം ഓപ്പണർ സ്ഥാനത്തേക്ക് തിരിച്ചു വരും. ലോകകപ്പിൽ സെമിയിലെ മികച്ച പ്രകടനം രവീന്ദ്ര ജഡേജയുടെ സ്ഥാനവും ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.
വരുന്ന മാസം ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്താനിരിക്കെ പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഒരു യുവ നിരയെയാവും വെസ്റ്റ് ഇൻഡീസിലേക്ക് അയക്കുക. ലോകകപ്പിലെ അപ്രതീക്ഷിത ഉൾപ്പെടുത്താൻ ആയ മായങ്ക് അഗർവാൾ മുതൽ യുവ താരങ്ങളായ പ്രിത്വി ഷാ, ശുബ്മാൻ ഗിൽ വരെയുള്ളവർ ടീമിൽ ഇടം പിടിച്ചേക്കും. ഇന്ത്യൻ ടീമിലേക്ക് പുതിയ താരങ്ങളെ കണ്ടെത്തുക എന്നുള്ള ഉദ്ദേശത്തിലും കൂടിയാവും വെസ്റ്റ് ഇൻഡീസിലേക്ക് താരങ്ങളെ അയക്കുക. 2020 ഒക്ടോബറിൽ ട്വന്റി ട്വന്റി ലോകകപ്പ് നടക്കാനിരിക്കെ അതിനുള്ള ടീമിനെയും വരുന്ന 15 മാസത്തിനുള്ളിൽ വാർത്തെടുക്കേണ്ടിയിരിക്കുന്നു.