ക്ളോപ്പ് യുഗാരംഭവും ആറാം കിരീടവും….
ചരിത്രം സൃഷ്ടിക്കപ്പെടുന്നതാണ്. ധൈര്യവും വൈദഗ്യവും നിറഞ്ഞ ഒരു കൂട്ടം മനുഷ്യർ മാറ്റത്തിനുള്ള അവസരം തിരിച്ചറിഞ്ഞു അത് മുതലെടുക്കുമ്പോഴാണ് അവിടെ പുരോഗതി. എത്തി നോക്കുന്നത്.
ഒരു പാട് ചരിത്രം ഉള്ള ക്ലബ്ബ് ആണ് ലിവർപൂൾ. ഇംഗ്ലീഷ് തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിനോട് കിരീടനേട്ടം കൊണ്ടും മഹാരഥ്ൻമാരുടെ എണ്ണം കൊണ്ടും ബലാബലം നടത്താൻ ശേഷിയുള്ള ഒരു പക്ഷെ ഇംഗ്ലണ്ടിലെ ഏക ക്ലബ്ബ്. എന്നാൽ 1990കൾക്ക് ശേഷം ചരിത്രതാളുകളിലേക്ക് പുതിയവ രചിക്കാൻ കല്പിക്കപ്പെട്ടവർക്കെല്ലാം മഷി ഉണങ്ങിയ തിരുശേഷിപ്പുകൾ മാത്രമാണ് സംഭാവന ചെയ്യാൻ സാധിച്ചത്. മുൻ തലമുറയുടെ നിറം പിടിപ്പിച്ച കഥകൾ മാത്രം പറഞ്ഞു അടുത്ത തലമുറക്ക് പുതിയവ ഒന്നും പകർന്ന് നൽകാൻ സാധിക്കാത്ത ആരാധകരുടെ തലമുറ പക്ഷെ ഒരിക്കൽ പോലും ക്ലബ്ബിനോടുള്ള സ്നേഹ വയ്പുകൾക്കോ ആൻഫീല്ഡില് ഉയർത്തുന്ന കാഹളങ്ങൾക്കോ കുറവ് വരുത്തിയിട്ടില്ല.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രീമിയർ ലീഗിലേക്ക് ഒഴുകി എത്തിയ ഫുട്ബോൾ ഇതര കച്ചവടക്കാരുടെ പണം ലീഗിൽ പുതിയ അതികായന്മാരെയും കേളി ശൈലികളെയും സൃഷ്ടിച്ചപ്പോൾ ലിവർപൂൾ പലപ്പോഴും ഗൃഹാതുരുത്വത്തിന്റെ കൈ പിടിച്ചു നിൽക്കേണ്ടി വന്നു. പുതിയ തമ്പുരാക്കന്മാർ ഓടിയപ്പോൾ ലിവർപൂൾ പലപ്പോഴും കിതച് കൊണ്ട് നടന്നു.
2005ലെ ഇസ്റ്റാൻബുൾ 2009ലെയും 2013ലെയും പ്രകടനങ്ങൾ എല്ലാം ആ പഴയ പ്രതാപത്തിലേക്ക് എത്താൻ ഉള്ള വിഫല ശ്രമങ്ങൾ മാത്രമായിരുന്നു. ഓരോന്നും ഓരോ പോരാട്ടങ്ങൾ, ഒന്നോ രണ്ടോ കളിക്കാരുടെ ചുമലിൽ ഏറിയുള്ള പോരാട്ടങ്ങൾ. എങ്കിലും ഒരു സാമ്രാജ്യം പടുത്തുയർത്താൻ കെൽപ്പുള്ള ഒരു ഘടനയും പ്രക്രിയകളും അപ്പോഴും അകന്നു നിന്നു.
2015ൽ ടീമിന്റെ കടിഞ്ഞാണ് ഏറ്റെടുക്കാൻ യുർഗൻ ക്ളോപ്പ് എന്ന ജർമൻ പരിശീലകൻ എത്തുമ്പോൾ ടീം എന്ന നിലയിൽ ലിവർപൂൾ അതികായന്മാരുടെ കൂട്ടത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ടു കഴിഞ്ഞിരുന്നു. ആരാധകർക്ക് തങ്ങളുടെ ടീമിൻമേൽ ഉള്ള വിശ്വാസവും പ്രതീക്ഷകളും പറന്നകന്നു കഴഞ്ഞിരുന്നു. തന്റെ ആദ്യ പത്രസമ്മേളനത്തിൽ തന്നെ പിണങ്ങി പോയ വിശ്വാസികളെയും വിശ്വാസത്തെയും തിരികെ എത്തിക്കാനുള്ള ശ്രമം ക്ളോപ്പ് ആരംഭിച്ചു.
Winning is a habit, losing is a process and nothing is a disaster. ആദ്യ മുഴു സീസണിൽ തന്നെ ക്ളോപ്പ് തന്റെ വ്യക്തിമുദ്ര പതിഞ്ഞ ആക്രമണ ഫുട്ബോളിന്റെ ‘ഹെവി മെറ്റൽ’ പതിപ്പ് പുറത്തിറക്കി. ഇംഗ്ലീഷ് ഫുട്ബോളിൽ ഒരു കാലത്തു ഉപയോഗിച്ചിരുന്ന കൗണ്ടർ പ്രെസ്സിങ്ങിന്റെ കാച്ചി കുറുകിയ ഒരു രൂപം, ഗീഗൻ പ്രെസ്സിങ്. അസാമാന്യമായ ശാരീരിക ക്ഷമതയും ഒത്തിണ്ണക്കവും പ്രകടിപ്പിക്കേണ്ടി ഈ കേളി ശൈലി സീസൺ മുഴുവനും നിലനിർത്താൻ ഏതൊരു ടീമിനും പ്രയാസമാണ്. ആക്രമിച്ചുകളിക്കുന്ന മുന്നിര ടീമുകളോട് ജയിക്കാൻ ഈ ശൈലി വളരെ ഉപകാര പെട്ടിരുന്നു. ഹൈ ലൈൻ കളിച്ചു എതിർ ഹാൾഫുകളിൽ തന്നെ കളി തളച്ചിടുന്നതിൽ വിജയിച്ച ഈ ഫോർമുല പക്ഷെ ബസ് പാർക്കിങ് നടത്തുന്ന ചെറുടീമുകളോട് കളിക്കുമ്പോൾ നല്ല ഫലങ്ങൾ നൽകാൻ ഉതകാതെ വന്നു.
തുടർന്ന് വന്ന സീസണിൽ തന്റെ ശൈലിക്ക് ചേരുന്ന സാഡിയോ മാനെ , വനൽഡും മുതലായ കളിക്കാരെ തന്റെ കൂടാരത്തിൽ എത്തിക്കാൻ ക്ളോപ്പിന് കഴഞ്ഞു. ലിവർപൂൾ ഗോളുകൾ അടിച്ചു കൂട്ടി. റോബർട്ടോ ഫിർമിനോ, സാഡിയോ മാനെ, മുഹമ്മദ് സാലാ, കുടിഞ്ഞോ മുതലായവരുടെ സംഘം ഏതു പ്രതിരോധ നിരയേയും മെരുക്കാൻ സാധിക്കും എന്ന നിലയിലേക്ക് വളർന്നു. യഥേഷ്ടം ഗോളുകൾ അടിക്കാനുള്ള കഴിവ് ലിവേർപൂളിന് നോക്കോട്ട് ടൂർണ്മെന്റുകളിലെ ആരും എതിരിടാൻ താൽപര്യമില്ലാത്ത എതിരാളി എന്ന നിലയിലേക്ക് വളർത്തി. 2016ലെ യൂറോപ്പ പ്രകടനവും 2018ലെ ചാമ്പ്യൻസ് ലീഗ് പ്രകടനവും ഇതിനെ അടിവരയിടുന്നതായിരുന്നു.
Attacks win you games and defence wins you titles , സർ അലക്സ് ഫെർഗസന്റെ പ്രശസ്തമായ വരികൾ. ഈ കഴിഞ്ഞ സീസണു കൾ അത്രയും പ്രധാനകളികളിലെല്ലാം ഗോൾ കീപ്പർ അടങ്ങുന്ന പ്രതിരോധനിരയുടെ പതർച്ചയും തളർച്ചയും ആണ് ലിവേർപൂളിനെ പിന്നോട്ട് അടിച്ചിട്ടുള്ളത്.
ക്ളോപ്പ് കഴിഞ്ഞ നാല് വര്ഷങ്ങൾകൊണ്ടു ഒരു ഘടന വാർത്തെടുത്തു കഴിഞ്ഞിരുന്നു. രോബെർട്സൻ, അലക്സാണ്ടർ അർണോൾഡ് തുടങ്ങിയ പുതു മുഖങ്ങൾക്ക് തുടർച്ചയായ അവസരങ്ങളും. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ വേണ്ട ഭാഗങ്ങളിൽ പ്രതിരോധം കൂടി ശകതമാക്കിയൽ ലോകോത്തര നിലവാരത്തിലേക്ക് എത്താൻ തക്ക ശേഷിയുള്ള ഒരു ശൈലിയും ക്ളോപ്പ് ഇതിനിടെ കുറുക്കിയെടുത്തു. ഒരു പരിധി വരെ ക്രീയേറ്റീവ് മിഡ് ഫീൽഡർ എന്ന തസ്തിക ആവശ്യമില്ലാത്ത ക്ളോപ്പ് ശൈലിയിൽ കുടിഞ്ഞോയെ ബാഴ്സലോണക്ക് വിൽക്കാൻ ലിവേർപൂളിന് അധികം ആലോചിക്കേണ്ടി വന്നു കാണില്ല. നെയ്മർ ട്രാൻസ്ഫർ മാർക്കറ്റിൽ ഉണ്ടാക്കിയ ഓളത്തിൽ കുടിഞ്ഞോക്ക് ലഭിച്ച വമ്പൻ തുക വളരെ കൃത്യമായി തങ്ങളുടെ ന്യുനതകളെ അടക്കാൻ ലിവേർപൂളിന് സാധിച്ചു. വിർഗിൽ വാൻ ഡൈക്ക് എന്ന ഡിഫെൻഡറും അല്ലിസൻ എന്ന ഗോൾ കീപ്പറും എത്തിയതോടെ പുതിയൊരു ലിവേർപൂളിനെ ആണ് ഫുട്ബോൾ ലോകം കണ്ടത്. ആക്രമണവും പ്രതിരോദവും കൃത്യമായി സംയോജിപിച്ചപ്പോൾ സീസണിൽ കേവലം ഒരു തോൽവി മാത്രമാണ് ലിവേർപൂളിന് പ്രീമിയർ ലീഗിൽ നേരിടേണ്ടി വന്നുള്ളൂ. അടിച്ച ഗോളുകളുടെ എണ്ണത്തിൽ നേരിയ കുറവ് വന്നെങ്കിലും വാങ്ങിയ ഗോളുകളുടെ എണ്ണത്തിൽ വന്ന മാറ്റം അവിശ്വാസനീയം തന്നെ ആയിരുന്നു. ഏത് പ്രതികൂല സാഹചര്യത്തിലും തിരിച്ചുവരുമെന്ന വിശ്വാസവും ഈ ടീം ആർജിച് കഴിഞ്ഞു. ബാഴ്സലോണക്കെതിരെ നടന്ന മത്സരം ഇതിന്റെ മകുടോധാരണം ആയിരുന്നു.
യുർഗൻ ക്ളോപ്പ് ശക്തമായ ഒരു വ്യവസ്ഥയും മാതൃകയും ഈ ക്ലബ്ബിൽ വളർത്തിയെടുത്തുകഴിഞ്ഞു. ഇനി വിളവെടുപ്പ് കാലമാണ്. കുറച്ച് മികച്ച റിസർവ് കളിക്കാരെ കൂടി ലഭിച്ചുകഴിഞ്ഞാൽ ഈ ടീം പൂര്ണമാവും.ഫൈനൽ മത്സരങ്ങൾ സ്ഥിരമായി തോൽക്കുന്നു എന്ന പല്ലവി മാറ്റി പാടിക്കാൻ ചാമ്പ്യൻസ് ലീഗ് കിരീടം കൊണ്ട് ക്ളോപ്പിന് സാധിച്ചു. മാഞ്ചസ്റ്റർ സിറ്റി എന്ന യാഗാശ്വത്തെ പിടിച്ചു കെട്ടുക എന്നതാണ് ഇനി ഈ ടീമിന്റെ ദൗത്യം. കഴിഞ്ഞ രണ്ടു സീസോണുകൾ ആയി എതിരാളികളെ നിഷ്പ്രബമാക്കികൊണ്ടാണ് സിറ്റിയുടെ മുന്നേറ്റം. പക്ഷെ ക്ളോപ്പിന്റെ ഈ സംഘത്തിന് അപ്രാപ്യമായത് ഒന്നുമില്ല.ക്ളോപ്പ് യുഗം ആരംഭിച്ചുകഴിഞ്ഞു. പുതിയ സാമ്രാജ്യങ്ങൾ വെട്ടിപിടിക്കാൻ ….കളിക്ക് പുതിയ മാനങ്ങൾ നൽകാൻ ….
Transformation is a process , and as life happens there are tons of ups and downs. It’s a journey of discovery-there are moments on mountain tops and moments in deep valleys of despair.
– Rick Warren