അണ്ടർ 20 ലോകകപ്പിൽ വിരിഞ്ഞ അപൂർവ റെക്കോർഡ്
ഒരു ഫുട്ബോൾ മത്സരത്തിൽ ഒരു ഹാട്രിക് നേടുന്നതു തന്നെ പ്രയാസകരമാണ്. അപ്പോൾ ഒരു മത്സരത്തിൽ തന്നെ മൂന്നു ഹാട്രിക്കുകൾ നേടിയാലോ?. അതും ഒരേ കളിക്കാരൻ തന്നെ !!. പോളണ്ടിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പാണ് ഈ അപൂർവ നിമിഷത്തിനു വേദിയായത്. നേടിയതാകട്ടെ നോർവേ സ്‌ട്രൈക്കർ ഏലിങ് ബ്രാഡ് ഹാളണ്ടും.
ഹോണ്ടുറാസിനെതിരെയാണ് ഏലിങ് ഹാട്രിക്കുകളുടെ ഹാട്രിക് നേടിയത്. ഇദ്ദേഹത്തിന്റെ ഒൻപതു ഗോളുകളടക്കം മൊത്തം പന്ത്രണ്ടു ഗോളുകളാണ് നോർവെ താരങ്ങൾ ഹോണ്ടുറാസ് വലയിൽ അടിച്ചു കയറ്റിയത്. മത്സരത്തിന്റെ 7, 20, 36, 43, 50, 67, 77, 88, 90 മിനുറ്റുകളിലായിരുന്നു എലിങ്ങിന്റെ ഗോളുകൾ പിറന്നത്. 1997ൽ ദക്ഷിണ കൊറിയക്കെതിരെ ബ്രസിൽ താരം അഡാൾടൻ നേടിയ ആറു ഗോളുകളുടെ U20 റെക്കോർഡാണ് ഏലിങ് പഴങ്കഥയാക്കിയത്. മുൻ നോർവെ ദേശീയ ടീമംഗമായിരുന്ന അൽഫിങ് ഹാളണ്ടിന്റെ മകനാണ് ഏലിങ്.