അലൻസോ, യൂ ബ്യൂട്ടി… ആൻഡ് താങ്ക്യൂ പെഡ്രോ…
131 സെക്കന്റുകൾക്കിടയിൽ പിറന്ന രണ്ട് ഗോളുകൾ. മാസൺ മൗണ്ടിന്റെ ആ പിൻ പോയന്റ് ഫ്രീകിക്ക്. തുടർച്ചയായ നാലാം മത്സരത്തിലും ഗോൾ വല ചലിപ്പിച്ച ജിറൂഡ്. ഹോം മത്സരങ്ങളിലെ തോൽവിയുടെ പേരിൽ വിമർശിക്കപ്പെട്ട ലാംപാർഡിന്റെ തുടർച്ചയായ ആറാം ഹോം വിൻ. ചാമ്പ്യൻസ് ലീഗിലേക്ക് പറഞ്ഞുവെച്ച 90 മിനുട്ടുകളും ചെൽസിക്കൊരു ഫൈനൽ തന്നെയായിരുന്നു. അത് കഴിഞ്ഞിരിക്കുന്നു. ബ്രിഡ്ജിലെ ഫ്യൂചർ ഹീറോയ്ക്ക് തൽക്കാലം ഒരുപേരുമതി. അത് മാസൺ മൗണ്ടാണ്. ഒരു ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ മൗണ്ട്.
പുലിസിച്ചിനെ പൂട്ടിയിട്ട് തുടങ്ങിയ വൂൾസിന്റെ തന്ത്രങ്ങൾക്കൊപ്പം ചലിക്കുന്ന ചെൽസിയെയാണ് തുടക്കത്തിൽ കണ്ടത്. പതിവ് ഫോർമേഷനിൽ മാറ്റൊമൊന്നും കണ്ടില്ലെങ്കിലും ശൈലിയിൽ വ്യക്തമായ മാറ്റമുണ്ടായിരുന്നു. പുലിസിചിനും മൗണ്ടിനും ജിറൂദിനും മാത്രമായി ആക്രമണ ചുമതല. സഹായിക്കാൻ അലൻസോയും റീസെയും. ബാക്ക് 3 അസ്പി റൂഡി സൂമ എന്നിവർക്ക് മുന്നിലായി പ്രതിരോധത്തെ പറ്റിച്ചേർന്ന് കൊവാസിചൂം ജോർജീനോയും. എതിർ പ്രതിരോധത്തിലേക്ക് എളുപ്പത്തിലെത്താമെന്ന വൂൾവിസിന്റെ മോഹം അവിടെവെച്ച് ലാംപാർഡ് തടയിട്ടു. വിരസമായ ആദ്യപകുതി അവസാനിക്കാറായതോടെ ചെൽസി ഗിയർ മാറ്റുന്നു. വിങ്ബാക്കുകൾ ഗ്രൗണ്ടിൽ യഥേഷ്ടം വിഹരിക്കുന്നു. പുലിസിചിനും ജിറൂദിനും പിന്നിലേക്ക് റീസെ മാറി. മറുവശത്ത് മൗണ്ടിനും ജിറൂദിനും പിന്നിലായി അലൻസോയും. മിഡ്ഫീൽഡിൽ പെട്ടന്നുണ്ടായ രണ്ട് പൊസിഷനുകൾ വൂൾവ്സ് കോച്ച് മനസ്സിലാക്കും മുൻപേ ചെൽസി രണ്ട് വട്ടം പന്ത് വലയിലെത്തിച്ചിരുന്നു. അലൻസോയുടെ പ്രകടനം ഇന്നും എടുത്ത് പറയണം. ആദ്യ ഗോളിന് വഴിയൊരുക്കി. കൃത്യമായി പ്രതിരോധത്തിലേക്ക് ഓടിയെത്തി. ട്രയോരയെ പോലൊരു താരത്തിന്റെ മസിൽപവറിന് മുന്നിൽ കീഴടങ്ങാതെ നിന്നു. ചിലപ്പോഴൊക്കെ അയാളെ ബീറ്റ് ചെയ്തു. കൃത്യമായി പന്ത് മുന്നിലേക്ക് എത്തിക്കുന്നതിലും അലൻസോയ്ക്ക് വലിയൊരു പങ്കുണ്ടായിരുന്നു. പ്രതിരോധ നിരയിൽ പക്ഷേ ഇപ്പോഴും ചില പാളിച്ചകളുണ്ടെന്ന് തോന്നിക്കുന്നു.
അസ്പി ഇന്ന് വളരെ സ്ലോപി ആയിരുന്നു. മുന്നിലേക്ക് വന്ന് നടത്തിയ ടാക്കിളുകൾ പലതും പാളി. പക്ഷേ ചെൽസി താരങ്ങളെ തുടർച്ചയായി ഫൗൾ ചെയ്ത ഡാനിയൽ പൊഡെൻസിനെ ഇടിച്ച് താഴെയിട്ടിട്ട് ഒരു ചിരി. ആ ഒരു നിമിഷം മതി എല്ലാം മറക്കാൻ. റൂഡിഗറും ചില നേരങ്ങളിൽ ബീറ്റണായി. കാബിയറോയുടെ പ്രകടനവും എടുത്ത് പറയേണ്ടതുണ്ട്. വെംബ്ലിയിൽ അവകാശപ്പെട്ട ക്ലീൻഷീറ്റ് അയാൾ വൂൾവ്സിനെതിരെ നേടി. ആദ്യപകുതിയിലടക്കം ചില മികച്ച സേവുകളും കണ്ടു.
പെഡ്രോയുടെ ബ്രിഡ്ജിലെ അവസാന ലീഗ് മത്സരമാണ് കഴിഞ്ഞത്. ഒരു വലിയ യാത്രഅയപ്പിന് അവകാശമുണ്ടായിരുന്ന ആളാണ് പെഡ്രോ. പക്ഷേ രണ്ട് വാക്കുകളിൽ പറഞ്ഞൊതുക്കുകയേ നിവൃത്തിയൊള്ളൂ…
ഗുഡ്ലക്ക് ലിറ്റിൽ മാൻ.
©Ananth