30 വർഷത്തെ കാത്തിരിപ്പും അതിലേറെയുള്ള വേദനകളുമാണ് ഇന്ന് അവസാനിച്ചത് !!
മൈക് കീണി..തനിച്ചാണ്.. തന്റെ കണ്ണുകളിലെ ഇരുട്ട് ജീവിതത്തിനേയും ബാധിച്ച് തുടങ്ങിയ നിമിഷങ്ങളിലയാൾ മരണത്തെ ആഗ്രഹിച്ച് തുടങ്ങിയിരുന്നു..
“പപ്പാ.. ഞാൻ ജീവിച്ചിരിക്കാൻ എന്തെങ്കിലും റീസൺ ഉണ്ടോ ” എന്നയാളുടെ ചോദ്യത്തിന്ന്..
നീ തനിച്ചല്ല എന്നുത്തരം പറയാനല്ല അയാളുടെ പപ്പ ക്ക് തോന്നുന്നത്..
ഇന്നൊരു ഫൂട്ബോൾ മത്സരം കാണാൻ പോകുന്നുണ്ട് നീയും കൂടി വരണം എന്നാണയാളുടെ പപ്പ ആവശ്യപ്പെടുന്നത്..
കീണി അയാളുടെ പപ്പയോടൊപ്പം മത്സരം കാണാൻ പോകുന്നു..
മത്സരം തുടങ്ങുന്നതിന്ന് മുമ്പ് ഒരു ചാന്റ് അന്തരീക്ഷത്തിൽ മുഴങ്ങുകയാണ്..
“വെൻ യൂ വാക് ത്രൂ എ സ്റ്റോം,
ഹോൾഡ് യുവർ ഹെഡ് അപ് ഹൈ,
ആൻഡ് ഡോണ്ട് ബി അഫ്രൈഡ് ഓഫ് ഡാർക്ക്.
അറ്റ് ദ് എൻഡ് ഓഫ് എ സ്റ്റോം
ദേർസ് എ ഗോൾഡൻ സ്കൈ..
ആൻഡ് ദ് സ്വീറ്റ് സിൽവർ സോംഗ് ഓഫ് എ ലാർക്ക്..!……
അമ്പതിനായിരത്തിന് മുകളിൽ വരുന്ന മനുഷ്യർ ഒരേ സ്വരത്തിൽ ഒരേ ഭാവത്തിൽ ചാന്റ് ചെയ്യുന്ന വരികൾ..
തന്റെ അച്ഛനും പാടുന്നു..
ആ നിമിഷം മൈക് കീണിക്ക് ജീവിക്കാൻ ഒരായിരം റീസണുകൾ സൃഷ്ടിക്കപ്പെടുകയാണ്.. അയാൾക്ക് ആ വരികൾ ഹൃദയത്തിലാണ് തറക്കുന്നത്..
മൈക് കീണി ഇന്നും ആൻഫീൽഡിലെത്താറുണ്ട്..
അച്ഛനു പകരം അയാളുടെ കസിൻ അയാളോടൊപ്പമുണ്ടാകാറുണ്ട്..
കളി അത്രയും വാക്കുകളിലയാൾ വിവരിച്ച് കൊടുക്കും മൈക് ന്..!
മൈക് ന് കാഴ്ചയുടെ ആവശ്യമില്ല ആൻഫീൽഡിനെ അറിയാൻ..ഹൃദയം കൊണ്ടയാൾ പന്ത് കളി കാണും.. അയാളുടെ ഓരോ കാഴ്ചയിലും ലിവർപ്പൂളിനോളം ഭംഗിയിൽ മറ്റൊന്നും കാണില്ലായിരിക്കും..
അയാൾക്ക് എന്നെ കാണാനാകുമോ..?
തീർച്ചയായും..
അയാൾ പന്തുകളി കാണുന്നത് ഹൃദയം കൊണ്ടാണല്ലോ..
അവിടെ അയാളെ പോലെ അയാൾക്കൊപ്പം തന്നെ ഭ്രാന്തമായി ഞാനും’ ഇയാസും’ ഒക്കെ കാണുമായിരിക്കും..
ഹൃദയത്തിന് കാഴ്ചയെ പോലെ അതിർത്തികളില്ല…മറകളില്ല..
ഞങ്ങളെല്ലാം ആ പന്തിനുപിറകെ അല്ലേ.. മനസ്സുകൊണ്ട്…!!
ലിവർപ്പൂൾ 30 കൊല്ലത്തെ കാത്തിരിപ്പിന് എൻഡ് നോട്ട് എഴുതി വച്ചിരിക്കുന്നു..
ശരിക്കും ഞാൻ 30 വർഷം കാത്തിരുന്നിട്ടുണ്ടോ..
എന്റെ പ്രായം പോലും അതിനും ഏറെ താഴെയാണ്..
‘പൂക്കു’ മുപ്പത് കൊല്ലം കാത്തിരിന്നു കാണുമോ..
ഇല്ല.. തീർച്ചയായുമില്ല..
മുപ്പത് വർഷം ഒരു കാലഘട്ടമാണ് ഞങ്ങൾക്കൊക്കെ… രണ്ട് കൊല്ലം മുമ്പ് മാത്രം ലിവർപ്പൂളിന്റെ കളി കണ്ടു തുടങ്ങുന്നവനും ആ മുപ്പതിന്റെ കണക്കിൽ പങ്ക് പറ്റുന്നുണ്ട്..!!
ലിവർപ്പൂൾ പ്രീമിയർ ലീഗ് ന്ന് പകരം നൽകിയത് ഒരു പാട് നിമിഷങ്ങളെയാണ്..
തനിക്ക് വെട്ടിപിടിക്കാവുന്ന പലതും വേണ്ടെന്ന് വച്ച് ഞങ്ങളോട് ചേർന്ന് നിന്ന ജെറാഡിനിനി സ്വസ്ഥമായുറങ്ങാം..സ്ലിപിന്റെ പേരിൽ നിങ്ങൾക്കിനിയും അയാളെ തള്ളിപറയാം.. ഞങ്ങൾക്കയാൾ മറ്റു പലതുമായിരുന്നു..
ക്ലോപും കൂട്ടരും ഞങ്ങൾക്ക് സമ്മാനിക്കുന്ന കിരീടത്തിലായാളുടെ കൂടി വിയർപ്പുണ്ട്..കണ്ണുനീരുണ്ട്..സ്വപ്നമുണ്ട്..!!
മറ്റൊരു ജഴ്സിക്കും സ്വന്തമല്ലാത്ത കാരഗർ ഒരു കുപ്പി ഷാമ്പയ്ൻ പൊട്ടിച്ച് കാണും..
ഇനി ഒട്ടും ബാക്കിയില്ലെന്ന് അയാൾ കുപ്പിയേയും ആഘോഷിച്ച് തീർത്ത നിമിഷങ്ങളേയും നോക്കി പറയും..!!
കെന്നി ഡാൽഗ്ലിഷ് ഒരിക്കൽ കൂടി ആൻഫീൽഡിൽ ജേതാക്കളുടെ ടാഗുമായെത്തും..അയാളുടെ എണ്ണപ്പെട്ട നിമിഷങ്ങളിൽ നൽകാനാവുന്ന എറ്റവും മികച്ച ഗുരുദക്ഷിണ അത് തന്നെയല്ലേ..
ഷാങ്ക് ലിയും പേയ്സ്ലിയും ആകാശത്ത് നിന്ന് ഒരു മഴതുള്ളിയായ് പൊഴിഞ്ഞ് ആൻ ഫീൽഡിൽ ഞങ്ങളോടൊപ്പം ചേരും..
മൈക് കീണി നിങ്ങളൊരിക്കലും തനിച്ചാകില്ല..
തനിച്ചാക്കില്ല..
എനിക്കൊരൽപം സമയം തരൂ.. ഞാനൊന്ന് കരഞ്ഞിട്ട് തിരിച്ച് വരാം..
നമ്മുക്കൊന്നായി ആഘോഷിക്കേണ്ടതുണ്ട്..