“മേക്കലിലെ…നീ പാറയാകുന്നു” – ലോകം കണ്ട ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്ഫീൽഡറെ ഓർക്കുമ്പോൾ
തൻ്റെ സഹകളിക്കാരായിരുന്ന സാക്ഷാൽ സിദാനും റൗളും മോറിയന്റസും ഉന്തി തള്ളി വിട്ടത് കൊണ്ടാണ് അയാൾ ക്ലബിനോട് തൻ്റെ വേതന വർദ്ധനവിനെ പറ്റി ചോദിച്ചത്… അയാളുടെ ആവിശ്യം നിഷ്കരുണം തള്ളിയെന്നു മാത്രമല്ല ക്ലബ് അയാളെ
പറഞ്ഞുവിടുകയാണ് ഉണ്ടായത്..അതെ പറ്റി ചോദിച്ചപ്പോൾ കുപ്രസിദ്ധനായ ആ ക്ലബ് പ്രസിഡന്റ് ഫ്ലോരെന്റിനോ പെരെസ് പറഞ്ഞത് ഇപ്രകാരമായിരുന്നു…
“അയാളെ നാം ഒരിക്കലും മിസ് ചെയ്യില്ല..എതിരാളിയെ മറികടക്കാനുള്ള വേഗവും നൈപുണ്ണ്യവും അയാൾക്കില്ല…ടെക്നിക് ആണെങ്കിലോ ശരാശരിയിൽ ഒതുങ്ങുന്നതും…പാസുകൾ ആകട്ടെ 90 ശതമാനവും പുറകിലേക്കോ, അല്ലെങ്കിൽ സൈഡിലേക്കോ മാത്രം.. അതാവട്ടെ ഏറെക്കുറെ 3 മീറ്ററിനപ്പുറം പോകാത്തതും..നല്ലൊരു ഹെഡ്ർ പോലുമല്ലാത്ത അയാളുടെ സ്ഥാനത്തേക്ക് പുതിയ ചെറുപ്പക്കാരായ കളിക്കാർ വരികയും ആ പേരിനെ മറവിയിലേക്കു തള്ളിയിടുകയും ചെയ്യും…”
എക്കാലത്തെയും പ്രതിഭാസം റൊണാൾഡോയും, സിദാനും റൗളും ഫിഗോയും റോബർട്ടോ കാർലോസും ഗുട്ടിയും അടങ്ങുന്ന താരനിരയുള്ള റിയൽ, നക്ഷത്രകൂട്ടമെന്നു ലോകം വിളിച്ച റിയൽ , അതിലെ പ്രതിരോധ മധ്യനിരക്കാരനായിരുന്നു വെറും 168cm മാത്രം ഉയരമുള്ള, ശരാശരിയിലും താഴെ അത്ലറ്റിക് ആയ ഒരു കളിക്കാരൻ.. റിയലിനു വേണ്ടി 94 മാച്ച് കളിച്ചു ഒരു ഗോൾ പോലും സ്കോർ ചെയ്യാത്തവൻ, അതായിരുന്നു മേക്കലിലെ…അത് മാത്രമായിരുന്നു പെരെസിനു അയാൾ..
എന്നാൽ കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല… ആക്രമണത്തിന് പേര് കേട്ട ഈ താരനിരയെ എല്ലാം മറന്നു ആക്രമിച്ചു കളിക്കാൻ ധൈര്യം നൽകിയത് നാൽവർ പ്രതിരോധത്തിന് തൊട്ടുമുന്നിൽ ഉറച്ചു നിന്ന് കളിക്കുന്ന. കഠിനാധ്വാനിയായ ഈ 168 സെന്റിമീറ്റർകാരനായിരുന്നു…ആക്രമണത്തിന് ഇറങ്ങിയവർ പിന്നോട്ടിറങ്ങി കളിയ്ക്കാൻ വൈമനസ്യം കാണിക്കുന്നവർ ആയതു കൊണ്ട് തന്നെ ഇയാളുടെ അധ്വാനം ഇരട്ടിയായിരുന്നു… എതിർ അക്രമണങ്ങൾ മുളയിലേ നുള്ളാനും , അപകടകരമായ പന്തുകൾ റാഞ്ചി എടുത്തു ഏറ്റവും അടുത്തുള്ള കളിക്കാരന് കൊടുക്കാനും , ഈസി ടാക്കളിങ്ങിനും അസാമാന്യ മിടുക്കനായിരുന്നു ഇയാൾ .. പലപ്പോഴും എതിർ അക്രമണങ്ങളിൽ നിന്നും റാഞ്ചുന്ന ഇത്തരം പന്തുകൾ ഏറ്റവും അടുത്തുള്ള കളിക്കാരന് നൽകുന്ന വഴി സ്ഥാനം തെറ്റിപ്പോയ സ്വന്തം ടീം അംഗങ്ങൾക്ക് സെറ്റ് അവനുള്ള സമയം കൂടെ ഇയാൾ നൽകിയിരുന്നു…അപാരമായ പൊസിഷനിംഗ് ആയിരുന്നു ഇയാളുടെ വേറൊരു പ്രത്യേകത…തന്നെക്കാൾ സ്പീഡും കായികക്ഷമതയും സ്കിൽ ഉം ഉള്ള കളിക്കാരെ നിസാരനാക്കാൻ തന്റെ പൊസിഷനിംഗ് സെൻസ് കൊണ്ട് ഇയാൾക്ക് പറ്റുമായിരുന്നു… കൃത്യ സമയത്തെ കൃത്യമായ ഇടപെടലായിരുന്നു ഒരർത്ഥത്തിൽ ഇയാളുടെ കളിമികവ് തന്നെ…
യഥാർത്ഥത്തിൽ കരുത്തുറ്റ, ഫിസിക്കൽ ഗെയിം കളിക്കുന്ന ആധുനിക ഫുട്ബോളിൽ പുറമ്പോക്കായിരുന്നു മെക്കലീലെ.. പറയത്തക്ക കരുത്തോ, സാങ്കേതികതയോ എന്തിനു , പാസിംഗ് റേഞ്ച് പോലും ഇല്ലാത്ത ഒരു കളിക്കാരൻ.. അപൂർവങ്ങളിൽ അപൂർവമായേ അയാൾ ഒന്ന് സ്കോർ ചെയ്തു കാണുക..പക്ഷെ കൈമുതലായി ഉണ്ടായിരുന്നത് രണ്ടേ രണ്ടു കാര്യങ്ങൾ മാത്രമായിരുന്നു.. അഗാധമായ ഫുട്ബോൾ അറിവും , അപാരമായ പൊസിഷനിംഗ് സെൻസും..ആക്രമണങ്ങൾ മുളപൊട്ടുന്നതിനു മുൻപേ തിരിച്ചറിയാനുള്ള ജാഗ്രതയും , അത്തരം അപകടങ്ങളെ ഏറ്റവും നന്നായി നുള്ളിക്കളയാനുള്ള കഴിവും അയാളെ ആ ടീമിന്റെ താരമാക്കി.. നക്ഷത്ര കൂട്ടത്തിന്റെ ഡ്രസിങ് റൂമിലെ യഥാർത്ഥ താരം മേക്കലിലെ ആയിരുന്നു ….. അനായാസ സുന്ദരമായ ടാക്കളിങ്ങും പൊസിഷനീങ്ങും കാണുക തന്നെ ഒരു ഭംഗിയാവുന്നത് എങ്ങനെ എന്ന് അയാൾ ലോകത്തിനു പറഞ്ഞു കൊടുത്തു…
താരങ്ങൾ നിറഞ്ഞ റിയൽ മാഡ്രിഡ് അറ്റാക്കിങ് നിരയെ കൂട്ടിപ്പിടിച്ചതു യഥാർത്ഥത്തിൽ മെക്കലിലെ ആയിരുന്നു… അത് കൊണ്ട് തന്നെയായിരുന്നു റൗളും ഫിഗോയും സിദാനും എന്നും പറഞ്ഞിരുന്നത്… ആ താരനിരയിലെ സൂപ്പർതാരം മെക്കലിലെ ആയിരുന്നു എന്നാണ്… മാഡ്രിഡ് അറ്റാക്കർമാർ എതിർബോക്സിന്റെ വെളിയിൽ നിറയൊഴിക്കാൻ കാത്തുനിൽക്കൊമ്പോഴൊക്കെ , പന്ത് നഷ്ടപെടുമ്പോഴൊക്കെ വീണ്ടെടുക്കാനും…കാർലോസ് അടക്കമുള്ള ഫുൾബാക്കുകൾ കയറിക്കളിക്കുമ്പോൾ പ്രതിരോധമതിലു തീർക്കാനും മെക്കലിലെ ആയിരുന്നു ആ ടീമിന്റെ തുറുപ്പുചീട്ട്…
മെക്കലിലെ തന്നെ പറയുന്നു…
” നാം ഒരു ഗോളിന് പിന്നിലായിരിക്കവേ ഞങ്ങൾ പറയുമായിരുന്നു…ശരി, കട ലോക്ക് ചെയ്യാൻ സമയമായി… പുറകിലെ നാൽവർ ഭടന്മാരും അതിനു മുന്നിലെ ഒരാളും; അതായതു ഞാനും; ഡിഫെൻസിലേക്കു മാത്രം തിരിയും..മറ്റുള്ളവർ മുന്നോട്ടു കയറിക്കളിക്കുക.. എന്ത് റിസ്കും അവർ എടുത്തോട്ടെ എതിർ അക്രമണങ്ങളെ ഞാൻ നോക്കിക്കോളും.. ”
കാണികളെ ത്രില്ലടിപ്പിക്കുന്ന അവസാന സെക്കന്റ് സേവുകളോ , ജീനിയസ് എന്നോ അതുല്യം എന്നോ വിശേഷിപ്പിക്കാവുന്ന നീളൻ പാസുകളോ , അതിസുന്ദര അസിസ്റ്റുകളോ ഒന്നും നിങ്ങൾക്കു മേക്കലിലെയിൽ കാണുവാൻ കഴിയില്ല, മറിച്ചു, റിയൽ മാഡ്രിഡ്ന്റെ അക്രമണങ്ങൾ ഒക്കെയും തുടങ്ങുക മേക്കലിലെയുടെ ഷോർട് പാസ്സുകളിൽ നിന്നായിരുന്നു..
മേക്കലിലെയുടെ റിയൽ രണ്ടുതവണ സ്പാനിഷ് ചാമ്പ്യന്മാരും, ഒരു തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളും, സൂപ്പർകോപ്പയും, യൂറോപ്പ്യൻ സൂപ്പർ കപ്പും, ഫിഫ വേൾഡ് ക്ലബ് ചാമ്പ്യന്മാരുമായി ക്ലബ് ഫുട്ബോൾ അടക്കിവാഴുമ്പോളായിരുന്നു പിൽക്കാലത്തു ഫുട്ബോൾ കൈമാറ്റങ്ങളിലെ അബദ്ധമെന്നു വിശേഷിപ്പിക്കുന്ന പെരെസിന്റെ ഈ തീരുമാനം…എന്തായാലും മേക്കലിലെയുടെ കൈമാറ്റം ഫുട്ബോൾ കൈമാറ്റങ്ങളിലെ ഏറ്റവും തോൽവിയായി ചരിത്രം രേഖപ്പെടുത്തി… വീണു കിട്ടിയ അസുലഭ ഭാഗ്യം, അവസരം കിട്ടിയപ്പോൾ തന്നെ ഫുട്ബോൾ ചാണക്യൻ ജോസ് മൗറിഞ്ഞോ മുതലെടുത്തു…മേക്കലിലെ എന്ന താരത്തെ അദ്ദേഹം ചെൽസീയിലേക്ക് കൊണ്ടുപോയി…പിന്നീട് ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ തന്നെ മാറ്റിമറിച്ചു കൊണ്ടായിരുന്നു മേക്കലിലെ പെരെസിനോട് മധുരമായി പ്രതികാരം ചെയ്തത്…രണ്ടുവര്ഷമാണ് ചെൽസീയിലേക് പ്രീമിയർലീഗിന്റെ കപ്പ് എത്തിയത്.. 4 -4 -2 എന്ന ഇംഗ്ലീഷ് ഫുട്ബോളിന്റെ പരമ്പരാഗത ശൈലി തന്നെ മാറ്റിമറിക്കുകയായിരുന്നു മേക്കലിലെയും അതുവഴി മൗറിഞ്ഞോയും… ഫുട്ബോൾ നിഘണ്ടുവിലേക്ക് മേക്കലിലെ റോൾ എന്ന പദം തന്നെ സംഭാവന നൽകിയതാണ് ഇംഗ്ലണ്ടിലെ അദ്ദേഹത്തിന്റെ കളിജീവിതം..
റിയൽ മാഡ്രിഡ് ആവട്ടെ മേക്കലിലെ പോയതിനു ശേഷമുള്ള 3 വർഷവും ഒരു കിരീടവുമില്ലാതെ, എടുത്തുപറയാനാവാത്ത ഒരു പ്രകടനവുമില്ലാതെ നിരാശയുടെ പടുകുഴിയിൽ ആണ്ടുപോയി… ആ തുടർതോൽവികൾ പെരെസിനു റിയൽ മാഡ്രിഡ് എന്ന ക്ലബ്ബിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കുകയും ചെയ്തു… മേക്കലിലെ എന്ന മഹാനായ കളിക്കാരന്റെ, ആരാലും ശ്രദ്ധിക്കപ്പെടാതെ കഠിനമായി അധ്വാനിക്കുന്ന ടീം പ്ലെയറുടെ പ്രാധാന്യം അറിയുന്നതുകൊണ്ടാവാം, മേക്കലിലെ ക്ലബ് വിട്ടുപോകുന്ന സമയത്തു ഫുട്ബോൾ ജീനിയസ് ആയ സിദാൻ ഇപ്രകാരം വിലപിച്ചത്….
” കാറിന്റെ എഞ്ചിൻ തന്നെ നഷ്ടപ്പെടുത്തി, ഇനിയതിൽ സ്വർണ നിറം പൂശിയിട്ടെന്തു കാര്യം?? ”
റിയൽ മാഡ്രിഡ്ന്റെ ഇപ്പോഴത്തെ പരിശീലകൻ ഇതേ സിദാനാണ്… മേക്കലിലെ റോളിന്റെ പ്രാധാന്യം നന്നായി അറിയുന്നതുകൊണ്ടാവാം റിയൽ മാഡ്രിഡ് നിരയിൽ പ്രധാനകളിക്കാരിൽ ഒരാൾ എപ്പോഴും കാസ്മെയ്റോ ആണ്..
നൈസർഗികമായ പ്രതിഭ കൊണ്ടും , കഠിനമായ അധ്വാനം കൊണ്ടും ആകാശത്തോളം ഉയർന്നവരും, പ്രചോദനമായി ആരാധിക്കുന്നവരും നിരവധിയുണ്ട്… പെലെ, യൂസേബിയോ, മറഡോണ, ബെക്കൻബോവർ , മതെയൂസ്, ഗാരിഞ്ച, ക്രൂയ്ഫ് , റൊണാൾഡോ, റോബർട്ടോ കാർലോസ്, സിദാൻ, പിർലോ, ഡെൽപീറോ, രിവാൾഡോ , ഒലിവർ ഖാൻ, ബുഫൊൺ, റൊണാൾഡീഞ്ഞോ , തുടങ്ങി ഇപ്പൊ ക്രിസ്ത്യാനോ, മെസ്സിയിലുമെത്തി നിൽക്കുന്നു ആ ലിസ്റ്റ്.. നുരഞ്ഞു തുളുമ്പിയ പ്രതിഭയെ വേണ്ട വിധം ഉപയോഗിക്കാതെ നശിപ്പിച്ചവരും നിരവധി..
അസാമാന്യ പ്രതിഭകൾ നിമിഷാര്ധനേരങ്ങളിൽ വന്നും പോയുമിരിക്കുന്ന ഫുട്ബോൾ എന്ന , കളിയിൽ ,കലയിൽ ഫിലോസഫിയിൽ തൻ്റെതായ മുദ്ര പതിപ്പിക്കൽ സ്വതവേ അല്പം പ്രയാസമുള്ളതാണ്..
ഒരുപാടു കളിക്കാർ പുതുതായി എന്തെങ്കിലുമൊക്കെ ഗെയിംനു നൽകിയിട്ടുണ്ട്… ഗാരിഞ്ചയുടെ പെടലാടയും , റൊണാൾഡീഞ്ഞോയുടെ കരിയില കിക്കും, ഹിഗ്വിറ്റയുടെ സ്കോര്പിയോൺ കിക്കും അവയിൽ ചിലതു മാത്രം..,മുപ്പതിലധികം വര്ഷങ്ങള്ക്കു മുൻപ് 1974 ലോകകപ്പിൽ വിഖ്യാതനായ ജൊഹാൻ ക്രയ്ഫ്, ഒരു ഷോൾഡർ ഡ്രോപ്പും ഫേയ്ന്റും (drop of a shoulder and a faint ) ചെയ്ത് ജാൻ ഒലോസോന്റെ സ്തബ്ധനാക്കിയപ്പോൾ ലോകം അതിനെ വിശേഷിപ്പിച്ചത് ക്രൈഫ് ടേൺ അന്നായിരുന്നു..
മഹാന്മാരൊക്കെ വന്നു പോയിട്ടും.. ഒരാൾക്ക് പോലും ഇതേ വരെ അവർ കളിച്ച പൊസിഷൻ തന്നെ അവരുടെ പേരിനാൽ അടയാളപ്പെടുത്തുവാൻ പറ്റിയിട്ടില്ല ……
തന്റേതായ പേര് ഫുട്ബോളിൽ പതിപ്പിക്കാൻ; നേരത്തെ പറഞ്ഞതും ഇനി പറയാൻ ഒരു കടലോളം ഉള്ള താരങ്ങൾ ഉണ്ടായിട്ടും തെല്ലൊന്നുമല്ല കഷ്ട്ടപ്പാട്… മെസ്സിയും, റൊണാൾഡോയും, ഇഞ്ഞോയും സിദാനും, സാക്ഷാൽ പെലെയും അവരവർ കളിച്ച പൊസിഷനുകളിൽ പകരം വെക്കാനാവാത്തവർ തന്നെയാണെങ്കിലും അവരൊന്നും ആ പൊസിഷനുകളുടെ അപ്പുറത്തേക്കോ…ആ ‘പൊസിഷൻ’ തന്നെയുമായിട്ടില്ല.. അതിന്റെ ബദൽ വാക്കായി മാറിയിട്ടുമില്ല… .അപവാദമായി ഒരേയൊരാൾ മാത്രം… ഡിഫെൻസിവ് മിഡ്ഫീൽഡ് എന്ന ഫുട്ബോളിലെ “വാട്ടർ ബോയ് ” റോളിനെ പുനർനിർവചിച്ചു, തന്റേതാക്കിയ , അതിനു ഗരിമ നൽകിയ
അയാളുടെ പേര് ക്ളൗഡ് മെക്കലിലെ സിന്ദ…
“”മേക്കലിലെ “” എന്ന പേര് ,
അത് തന്നെയാണ് അയാളുടെ കരിയറിന്റെ ആകത്തുകയും…
Hari Kumar C






































