ബാംബാലിയുടെ രക്ഷകൻ !!
ബാംബാലി എന്ന കൊച്ചു ഗ്രാമത്തിലെ ആളുകളെല്ലാം അന്ന് വലിയ സന്തോഷത്തിലാണ്. പകർച്ച വ്യാധിയുടെ ഭീതിയും കഷ്ടപ്പാടുകളും അവരെയും വലയ്ക്കുന്നുണ്ടെങ്കിലും ഇന്നത്തെ ദിവസം അവർക്ക് ആഹ്ലാദിക്കാതിരിക്കാനാവില്ല. ഒരുപക്ഷേ ഇനിയൊരാൾ ആ ഗ്രാമത്തിൽ രോഗബാധിതനാവുകയാണെങ്കിൽ അവർക്ക് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരില്ല. തങ്ങളുടെ ഗ്രാമത്തിലും ഒരു ആശുപത്രി എന്ന ഒരുപാട് കാലത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. ഒരു നീല ജീൻസും വെളുത്ത ടീഷർട്ടുമണിഞ്ഞ് പണിക്കാർക്കിടയിൽ നിൽക്കുന്ന ആ യുവാവാണ് ഇതിനെല്ലാം കാരണക്കാരൻ. അവരോട് എന്തൊക്കെയോ പറഞ്ഞ ശേഷം പുറത്തേക്കിറങ്ങിയ അയാളെ കാണാൻ ഒരു ജനാവലി തന്നെ അവിടെയുണ്ടായിരുന്നു. പ്രായം ചെന്നവർ സ്വന്തം മകനെപ്പോലെ അവനെക്കണ്ട് ആനന്ദക്കണ്ണീർ പൊഴിച്ചു. ചെറുപ്പക്കാരാവട്ടെ അവനെപ്പോലെയാവുക എന്നത് തങ്ങളുടെ ജീവിത സാക്ഷാത്കാരമായി മനസ്സിലുറപ്പിച്ചു. കുട്ടികൾ അയാളുടെ ചുറ്റും ഓടിക്കളിച്ചു.
നിറഞ്ഞ പുഞ്ചിരിയോടെ ആൾക്കൂട്ടത്തെ സ്വീകരിക്കുമ്പോഴും സാദിയോ മാനെ എന്ന 29കാരന്റെ മനസ്സിൽ മറ്റെന്തൊക്കെയോ നീറിപ്പുകയുന്നുണ്ടായിരുന്നു. താനാഗ്രഹിച്ച പോലെ ഒരു ആശുപത്രി തന്റെയീ കൊച്ചു ഗ്രാമത്തിൽ ഉയരുകയാണ്. ഈ നാട്ടുകാരുടെ അറുതിയ്ക്ക് ഒരു പരിധി വരെ പരിഹാരമാവാൻ പോവുകയാണ്. കൃത്യ സമയത്ത് വേണ്ട ചികിത്സ ലഭിക്കാതെ ആരും ഇനിയിവിടെ മരണത്തിന് കീഴടങ്ങാൻ പോകുന്നില്ല. വർഷങ്ങൾക്ക് മുൻപ് തന്റെ കുഞ്ഞു പെങ്ങളെ ഉമ്മ പ്രസവിച്ചത് പോലെ ഈ നാട്ടിലെ പെണ്ണുങ്ങളിനി വീട്ടിൽ പ്രസവിക്കേണ്ടി വരില്ല. സ്‌കൂളിൽ പോകേണ്ട സമയത്ത് മാറാ രോഗങ്ങൾ പിടിപെട്ട് കുഞ്ഞുങ്ങളിനി വലയേണ്ടി വരില്ല. എങ്കിലും…. അയാളുടെ ഓർമകൾ പുറകോട്ട് പായുകയായിരുന്നു.
തനിക്ക് ഏഴു വയസ്സുള്ളപ്പോഴാണ്. ചങ്ങാതിമാരുമായി കളിച്ചുകൊണ്ടിരിക്കുന്ന നേരത്താണ് കസിൻ തന്റെ നേരെ ഓടി വരുന്നത് അവന്റെ കണ്ണിൽപ്പെടുന്നത്. അവൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
‘സാദിയോ… സാദിയോ നിന്റെ ഉപ്പ.. ഉപ്പ മരിച്ചു..’
സാദിയോയ്ക്ക് ചിരിയാണ് വന്നത്. എന്തൊരു തമാശയാണിവനീ പറയുന്നത്. ഉപ്പ മരിക്കുകയോ. ഉപ്പയെങ്ങനെ മരിക്കാനാണ്. ഇന്ന് രാവിലെക്കൂടെ ഞാൻ കണ്ടതല്ലേ. ഇറങ്ങാൻ നേരം സലാം പറഞ്ഞതല്ലേ. പിന്നെങ്ങനെയാണ്……
‘നീ വേഗം വാ സാദിയോ. എന്റെ കൂടെ വീട്ടിലേക്ക് വാ…’
മൈതാനം കടന്ന് വീട്ടിലേക്ക് ഓടുമ്പോൾ ഉപ്പയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. കുറേ കാലമായിട്ട് ഉപ്പാക്ക് എന്തോ അസുഖമുണ്ട്. എപ്പോഴും കിടപ്പാണ്. എണീക്കാനോ ജോലിയ്ക്ക് പോകാനോ ഒന്നും തീരെ വയ്യ. ആ വൈദ്യൻ വന്ന് എന്തൊക്കെയോ മരുന്നെല്ലാം കലക്കിക്കൊടുത്തപ്പോൾ കുറെ ആശ്വാസമുണ്ടായിരുന്നു. എങ്കിലും ഉപ്പ പഴയ പോലെയായിട്ടില്ല. മുൻപുണ്ടായിരുന്ന ആ തിളക്കം പിന്നീടൊരിക്കലും ഉപ്പയുടെ കണ്ണുകളിൽ ഞാൻ കണ്ടിട്ടില്ല. തന്നെ കാണുമ്പോഴെല്ലാം വിടർന്നു ചിരിക്കുമെങ്കിലും പൂർണ്ണതയിലെത്താതെ ഇടക്കെവിടെയോ അത് കെട്ടുപോവാറാണ്. ഉപ്പാക്ക് എന്തോ വിഷമമുണ്ട്. ഇന്ന് പോലും കട്ടിലിനരികിൽ പിടിച്ചു നിർത്തി ഞാൻ എത്രാമാത്രം നിന്നെപ്പറ്റി അഭിമാനിക്കുന്നു എന്ന് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.
നിശ്ചലമായിക്കിടക്കുന്ന ഉപ്പയെ നോക്കി അവൻ കരഞ്ഞു. കണ്ണീരിന്റെ ഉപ്പു രസം അവനെ വാശിയുള്ളവനാക്കി. ഉമ്മാക്കും സഹോദരങ്ങൾക്കും ഇനി ഞാനെയുള്ളൂ. അവരെ നോക്കേണ്ടത് എന്റെ കടമയാണ്. ഒഴിവു കിട്ടുമ്പോഴെല്ലാം പന്തു കളിച്ച് അവൻ വളർന്നു. 2002 ലോകകപ്പിൽ സെനഗലിന്റെ പോരാട്ടം കൂട്ടുകാരുമൊത്ത് ടിവിയിൽ കാണുമ്പോഴേ അവൻ ഉറപ്പിച്ചിരുന്നു. ഒരിക്കൽ ഞാനും ആ ജേഴ്‌സിയണിയും. ഒരു പ്രൊഫഷണൽ ഫുട്‌ബോളർ ആവണമെന്ന അവന്റെ ആഗ്രഹത്തെ ആദ്യമാദ്യം ഉമ്മയും കുടുംബവുമെല്ലാം എതിർത്തെങ്കിലും അവന്റെ നിശ്ചയദാർഢ്യത്തിനു മുൻപിൽ അവരും പതിയെ വഴങ്ങി. വീട്ടിലെ സമ്പാദ്യം മുഴുവനും, തന്റെ അമ്മാവൻ നൽകിയതുമെല്ലാം ചേർത്തു വെച്ചാണ് അവൻ തന്റെ ആദ്യ ട്രയൽസിന് പോകുന്നത്.
പക്ഷെ കീറിപ്പറിഞ്ഞ ബൂട്ടുകൾ ഒരുപാട് ചോദ്യങ്ങളും അവജ്ഞ നിറഞ്ഞ നോട്ടങ്ങളുമാണ് അവന് സമ്മാനിച്ചത്. നീ ഈ ബൂട്ടു കൊണ്ട് തന്നെയാണോ കളിക്കാൻ പോകുന്നത് എന്ന ചോദ്യത്തിന് എന്റെ കയ്യിൽ ഇതേ ഒള്ളു എന്നായിരുന്നു ആ ബാലന്റെ മറുപടി. പക്ഷെ പിഞ്ഞിയ ബൂട്ടുകൾ കൊണ്ട് അവൻ എല്ലാവരെയും വിസ്മയിപ്പിച്ചു. ഗോൾവലകൾ നിറച്ചുകൊണ്ട് അവൻ തന്റെ കരിയറിനെയും കുടുംബത്തെയും പിടിച്ചെഴുന്നേല്പിച്ചു. ജനറേഷൻ ഫൂട്ട് എന്ന സെനഗൽ അക്കാദമിയിൽ നിന്നും മെറ്റ്സിലേക്കും സാൽസ്ബർഗിലേക്കും സതാംപ്റ്റണിലേക്കും ഒടുവിൽ ലിവർപൂളിലേക്കും അവൻ ചിറകുവിരിച്ചു പറന്നു. യൂറോപ്യൻ ചാമ്പ്യനായി. ലോകത്തെ തന്നെ എണ്ണം പറഞ്ഞ കളിക്കാരിൽ ഒരാളായി. ആഫ്രിക്കയിലെ മികച്ച താരമായി. സെനഗലിന്റെ ജേഴ്‌സിയണിഞ്ഞ് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ജേതാവായി.
പക്ഷെ അതിനേക്കാളെല്ലാം എത്രയോ തിളക്കമേറിയ നേട്ടങ്ങൾ സാദിയോ മാനെ എന്ന മനുഷ്യസ്നേഹി മൈതാനത്തിന് പുറത്തും നേടിക്കഴിഞ്ഞിരുന്നു. വില പിടിച്ച കാറുകളോ, ഫോണുകളോ മറ്റ് ആർഭാടങ്ങളോ അല്ല അയാളെ ആകർഷിച്ചത്. തന്റെ പണം കൊണ്ട് എങ്ങനെ ആളുകളുടെ ജീവിതം എളുപ്പമാക്കാം എന്നായിരുന്നു അവന്റെ ചിന്ത. തന്റെ ഗ്രാമത്തിലെ ദരിദ്രർക്ക് വേണ്ടി ആവുന്നതെല്ലാം അയാൾ ചെയ്തു. പട്ടിണി കിടന്നവർക്ക് ഭക്ഷണം നൽകി. ഉടുക്കാനില്ലാത്തവർക്ക് വസ്ത്രം നൽകി. വീടില്ലാത്തവർക്ക് സ്വന്തം ഗൃഹം പണിഞ്ഞു നൽകി. അടുത്ത വലിയ ചുവടുവെയ്പ്പാണ് ഗ്രാമത്തിലൊരു ആശുപത്രി. തന്റെ സ്വന്തം പണം ചിലവഴിച്ച് അയാൾ അതിനു വേണ്ട ഒരുക്കങ്ങൾ നൽകി.
ഇന്നത് പൂർത്തിയാവുന്ന ദിവസമാണ്. ആഗ്രഹങ്ങളെല്ലാം ഒന്നൊന്നായി നേടുമ്പോഴും ഉപ്പ മാത്രം കൂടെയില്ല. ഒരുപക്ഷേ അന്ന് ഇവിടെയൊരു ആശുപത്രിയുണ്ടായിരുന്നെങ്കിൽ ഈ സന്തോഷങ്ങളെല്ലാം അനുഭവിക്കാൻ ആ വലിയ മനുഷ്യനും ഉണ്ടായേനെ. മകന്റെ നേട്ടങ്ങളിൽ അദ്ദേഹം അഭിമാനം കൊണ്ടേനെ…
തന്റെ വലതു തോളിൽ ആരോ പതിയെ കൈവയ്ക്കുന്നത് പോലെ സാദിയോയ്ക്ക് തോന്നി. ഒരു ഇളം തെന്നൽ പതിയെ വീശി. ബാംബാലി ഗ്രാമത്തിനു മുകളിൽ ഒരു മേഘം വിതുമ്പാൻ മോഹിച്ചു കൊണ്ട് നിന്നു. അയാൾ അറിയാതെ പുഞ്ചിരിച്ചു…..
Jaseem Ali






































