അയാക്സിന്റെ പോരാട്ട വീര്യത്തെ തടഞ്ഞു നിർത്താൻ ടോട്ടൻഹാമിന് സാധിക്കുമോ?
ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ ഇന്ന് ഇംഗ്ലീഷ് ക്ലബായ ടോട്ടൻഹാം ഹോട്സ്പർ ഡച്ച് ടീമായ അയാക്സിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 നു ആണ് മത്സരം. ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അയാക്സ് ടോട്ടൻഹാമിനെ ഇംഗ്ലണ്ടിൽ വെച്ച് തോല്പിച്ചിരുന്നു. എവേയ് ഗോളിന്റെ ആനുകൂല്യം അനുഭവിക്കുന്ന അവരെ മറികടക്കാൻ ടോട്ടൻഹാമിന് നന്നായി വിയർപ്പൊഴുക്കേണ്ടി വരും. സൂപ്പർ ക്ലബ്ബ്കളുടെ കാലഘത്തിൽ ഇത് ഒരു വേറിട്ട സെമി ഫൈനൽ ആകും എന്ന് തീർച്ച.
ആദ്യ പാദ മത്സരത്തിൽ കളിച്ച അതെ ടീമിനെ തന്നെ ഇറക്കാനായിരിക്കും അയാക്സ് മുതിരുക. ഡി ലിച്ചും ഡി യോങ്ങും തന്നെയാണ് അവരുടെ സൂപ്പർ താരങ്ങൾ. വാൻ ഡി ബൈക്ക്, റ്റടിച്ഛ്, വിങ്ങർ ആയ നെറസ്, മോറോക്കാൻ മിഡ്ഫീൽഡർ സിയാക് എന്നിവർ നയിക്കുന്ന അക്രമണനിര റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകളെ നിഷ്പ്രഭമാക്കിയതാണ്. ആംസ്റ്റഡാമിൽ അവർ സ്വപ്ന തുല്യമായ പ്രകടനം കാഴ്ച വെക്കാനായിരിക്കും ശ്രമിക്കുക.
ടോട്ടൻഹാം ആകട്ടെ തങ്ങളുടെ സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്ൻ ഇല്ലാതെ ആണ് ഈ മത്സരത്തിലും ഇറങ്ങുക. പരിക്കിൽ നിന്ന് അദ്ദേഹം ഇത് വരെ മോചിതനായിട്ടില്ല. അതിനാൽ ലൂക്കാസ് മോറ, കൊറിയൻ താരം സോങ്, ഡെലെ അലി എന്നിവരായിരിക്കും അക്രമങ്ങൾക്ക് നേത്രത്വം നൽകുക. ബെൽജിയം ഡിഫൻഡർ വെർട്ടോഘേന് പരിക്ക് മൂലം മാസ്ക് ഇട്ടു ഇറങ്ങേണ്ട നിലയിലുലുമാണ്. ബാക്കി എല്ലാവരും കളിയ്ക്കാൻ ഫിറ്റ് ആണ് എന്നുള്ളത് പോച്ചട്ടിനോയിക്ക് ആശ്വാസം നൽകുന്നു. സാഖോയും വന്യാമയും നയിക്കുന്ന മധ്യനിര ഉണർന്നു കളിക്കുന്നത് പോലെ ഇരിക്കും അവരുടെ ഭാവി. കാരണം ഡച്ച് ആക്രമണങ്ങളെ മുളയിലേ നുള്ളാൻ ആയിരിക്കും അവർ ശ്രമിക്കുക.
ടോട്ടൻഹാം വിജയിച്ചാൽ അവർ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കും. ഒരു ഓൾ ഇംഗ്ലീഷ് ഫൈനലിന് നമ്മൾ സാക്ഷ്യം വഹിക്കുകയും ചെയ്യും. അയാക്സ് ആകട്ടെ 1995 ന് ശേഷം കപ്പ് നെതെർലാൻഡ്സിൽ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലും.






































